അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരെ ഇത്തരം സിനിമകള്‍ നിരാശപ്പെടുത്തുന്നുണ്ട്: സിബി മലയില്‍
Entertainment news
അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരെ ഇത്തരം സിനിമകള്‍ നിരാശപ്പെടുത്തുന്നുണ്ട്: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th September 2022, 9:54 am

സിബി മലയിലിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകനായ കൊത്ത് സെപ്റ്റംബര്‍ 16ന് തിയേറ്ററിലെത്തുകയാണ്. ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം സിബി മലയിലിന്റെ സംവിധാനത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും കൊത്തിനുണ്ട്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമ എന്നാണ് വിവരം.

കൊത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങള്‍ക്കുണ്ടായ മാറ്റത്തെക്കുറിച്ച് പറയുകയാണ് സിബി മലയില്‍.

മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മാസ് സിനിമകള്‍ മാത്രം ചെയ്യുന്നതിലേക്ക് മാറുമ്പോള്‍ അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരെ ഇത്തരം സിനിമകള്‍ നിരാശപ്പെടുത്തുന്നുണ്ടെന്ന് സിബി മലയില്‍ പറഞ്ഞു.

മമ്മൂട്ടിയെ വെച്ചും മോഹന്‍ലാലിനെ വെച്ചും ഒക്കെ സിനിമകള്‍ ചെയ്തയാളാണ് സിബി മലയില്‍, എന്നാല്‍ ഈ കാലഘട്ടത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ചെയ്യുന്ന സിനിമകളില്‍ എന്താണ് മാറ്റം ഫീല്‍ ചെയ്യുന്നത് എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യ കാലങ്ങളിലൊക്കെ അവര്‍ നടന്മാര്‍ എന്ന നിലയിലാണ് സിനിമകള്‍ ചെയ്തോണ്ടിരുന്നത്. ഓരു ആക്ടര്‍ എന്ന നിലയിലുള്ള അവരുടെ പൊട്ടന്‍ഷ്യനലിനെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലുള്ള സിനിമകളാണ് അവര്‍ ചെയ്തിരുന്നത്.

ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സ്റ്റാര്‍ഡത്തിലേക്ക് ഇവര്‍ എത്തപ്പെട്ടു. അത് അവരായിട്ട് എത്തിപ്പെട്ടതല്ല, അവരുടെ സിനിമകള്‍ കണ്ട് ആരാധകരുടെ ഒരു വൃന്ദം ഉണ്ടാവുകയും, അങ്ങനെ ആരാധകരുടെ വലിയ ഫോളോവിങിന്റെ ഭാഗമായിട്ട് അവര്‍ക്ക് അത്തരം ഓഡിയന്‍സിനെക്കൂടി സാറ്റിസ്‌ഫൈ ചെയ്യുന്ന സിനിമകള്‍ ചെയ്യേണ്ട ഒരു ബാധ്യതയിലേക്ക് എത്തി.

അങ്ങനെ വരുമ്പോള്‍ ഒരുപക്ഷേ മികച്ച അനുഭവം കാഴ്ചവെക്കാന്‍ കഴിയുന്ന സിനിമകള്‍ അവര്‍ക്ക് എപ്പോഴും ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. മാസ് സിനിമകളുടെ ഭാഗമായി അവര് മാറേണ്ടിവരുന്നുണ്ട്. അപ്പോള്‍ നമുക്ക് സ്വാഭാവികമായും നഷ്ടപ്പെടുന്നത് നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ നമുക്ക് കിട്ടേണ്ട ചില സിനിമകളാണ്. അതാണ് അകിനകത്തുണ്ടാകുന്ന ഒരു നഷ്ടം.

അവരെ വെച്ച് വന്‍ ബഡ്ജറ്റില്‍ സിനിമ ചെയ്ത് നിര്‍മാതാക്കളും താരങ്ങളുമെല്ലാം സാറ്റിസ്‌ഫൈ ചെയ്യുന്നുണ്ടാവും, പക്ഷേ അവരിലെ അഭിനേതാക്കളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരെ ഇത്തരം സിനിമകള്‍ നിരാശപ്പെടുത്തുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്,’ സിബി മലയില്‍ പറഞ്ഞു.

അതേസമയം, കൊത്തില്‍ ആസിഫ് അലിക്കൊപ്പം റോഷന്‍ മാത്യവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നിഖില വിമലാണ് കൊത്തില്‍ നായികവേഷം അവതരിപ്പിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് കൊത്ത് നിര്‍മിക്കുന്നത്.

ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, രഞ്ജിത്ത്, ശ്രീലക്ഷ്മി, അനു മോഹന്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. പ്രശാന്ത് രവീന്ദ്രന്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. റതിന്‍ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഗ്‌നിവേശ് രഞ്ജിത്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. ഗണേഷ് മാരാറാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. കൈലാസ് മേനോന്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. പ്രശാന്ത് മാധവാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

Content Highlight: Director Sibi Malayil talks about super stars in Malayalam Cinema