‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ സിനിമയില്‍ നിരഞ്ജനെന്ന കഥാപാത്രത്തിന് വേണ്ടി രജനികാന്തിനെയോ കമല്‍ഹാസനെയോ കാണാനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് സിബി മലയില്‍. മോഹന്‍ലാല്‍ ഉള്ളപ്പോള്‍ പിന്നെയെന്തിന് മറ്റൊരാളെ ആലോചിക്കണമെന്ന് സുരേഷ് ഗോപിയാണ് ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഞ്ജുവാര്യര്‍ ചെയ്ത അഭിരാമിയെന്ന കഥാപാത്രത്തിന് എന്തൊക്കെയോ നിഗൂഢതകളുണ്ട്. ആ ഒളിപ്പിച്ചു വെച്ച നിഗൂഢതകള്‍ അവസാനം വെളിപ്പെടുത്തുമ്പോളാണ് നിരഞ്ജനെന്ന ആളെത്തുന്നത്. ഇവിടെ അയാളുടെ കഥാപാത്രം ജയറാമിന്റെയും സുരേഷ് ഗോപിയുടെയും കഥാപാത്രത്തേക്കാള്‍ മുകളില്‍ പ്രേക്ഷകര്‍ക്ക് നിര്‍ത്താവുന്ന ആളാകണം.
അതിന് ജയറാമിന്റെയും സുരേഷ് ഗോപിയുടെയും മുകളില്‍ നില്‍ക്കുന്ന നടനാകണം നിരഞ്ജനെന്ന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടത്. അതിനായി പല നടന്‍മാരെയും ചിന്തിച്ചു. ഒരുഘട്ടത്തില്‍ രജനികാന്തിനെയും കമല്‍ഹാസനെയും വരെ അതിനായി കാണാന്‍ തീരുമാനിച്ചു. ഇതിനിടയിലാണ് മോഹന്‍ലാല്‍ ഉള്ളപ്പോള്‍ പിന്നെയെന്തിന് മറ്റൊരാളെ ആലോചിക്കണമെന്ന് സുരേഷ് ഗോപി ചോദിക്കുന്നത്.
ലാലിനെ കണ്ട് കഥ പറഞ്ഞു. അദ്ദേഹത്തിന്റെ കഥാപാത്രത്തിന് സിനിമയില്‍ രണ്ട് ദിവസത്തെ ഷൂട്ട് മാത്രമെ ആവശ്യമുണ്ടായിരുന്നുള്ളു. കഥ കേട്ടപ്പോള്‍ ആ കഥാപാത്രത്തെ ചെയ്യാമെന്ന് മോഹന്‍ലാല്‍ സമ്മതിച്ചു. ചികിത്സയുടെ ഭാഗമായിട്ട് സിനിമകളൊന്നും ചെയ്യാതെ റെസ്‌റ്റെടുക്കുന്ന സമയമായിരുന്നു അത്. എന്നിട്ടും സിനിമ ചെയ്യാമെന്ന് സമ്മതിച്ചു.
അങ്ങനെ അദ്ദേഹം ഷൂട്ടിനായി മദ്രാസിലേക്ക് വന്നു. മദ്രാസിലെ റെഡ്‌ഹെയ്ല്‍സ് എന്ന സ്ഥലത്തുള്ള പഴയ ചുവപ്പ് ബില്‍ഡിങ്ങാണ് സിനിമയില്‍ നിരഞ്ജനുള്ള ജയിലായി കാണിക്കുന്നത്. ഒരു ദിവസം കൊണ്ട് മോഹന്‍ലാലിനെ വെച്ച് അവിടെ ഷൂട്ട് ചെയ്തു.
അതുകൂടാതെ സിനിമയില്‍ നിന്ന് ഒഴിവാക്കിയ രണ്ട് രംഗങ്ങള്‍ ഉണ്ടായിരുന്നു. അത് ഷൂട്ട് ചെയ്ത ശേഷം പിന്നെ ഒരുഘട്ടത്തില്‍ വേണ്ടെന്ന് വെക്കുകയായിരുന്നു. രണ്ട് ദിവസമാണ് ലാല്‍ ഈ സിനിമക്ക് വേണ്ടി അഭിനയിച്ചത്.
ആ സിനിമയില്‍ ഏറ്റവും സന്തോഷമുള്ള കാര്യമെന്ന് പറയുന്നത് അങ്ങനെ ഒരു കഥാപാത്രമുള്ള കാര്യം പ്രേക്ഷകരില്‍ നിന്ന് ഒളിപ്പിച്ചുവെക്കാന്‍ പറ്റിയെന്നതാണ്. തിയേറ്ററിലെത്തി സിനിമ കാണുന്നത് വരെയും ഇങ്ങനെ ഒരു ഗസ്റ്റ് റോള്‍ ഉണ്ടാകുമെന്ന് ആര്‍ക്കും ഊഹിക്കാന്‍ പറ്റിയില്ല,’ സിബി മലയില്‍ പറയുന്നു.
Content Highlight: Director Sibi Malayil Talks About Summer In Bethlehem Movie