‘മായാമയൂരം’ സിനിമ ചെയ്യുമ്പോള്‍ ആദ്യപകുതിയായിരുന്നു ആദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ആ തീരുമാനം ശോഭനക്ക് വേണ്ടി മാറ്റുകയായിരുന്നെന്നും സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ആകാശദൂത്’ സിനിമയ്ക്കും തനിക്കും വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച സമയത്താണ് ‘മായാമയൂര’ത്തിലേക്ക് എത്തുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്.
‘രഞ്ജിത് കഥ പറഞ്ഞപ്പോള്‍ തന്നെ എനിക്കത് രസകരമായി തോന്നി. കാരണം ഇതില്‍ മോഹന്‍ലാല്‍ ചെയ്യുന്നത് ഇരട്ട സഹോദരങ്ങളുടെ കഥാപാത്രത്തെയാണ്. അങ്ങനെ രണ്ട് കഥാപാത്രങ്ങള്‍ വരുമ്പോള്‍ ആ സിനിമ രസകരമാകും.
ഇവര്‍ രണ്ടുപേരും രണ്ട് വ്യത്യസ്ത രീതിയിലുള്ള ജീവിതങ്ങള്‍ നയിക്കുന്നവരാണ്. ഒരാള്‍ നഗരത്തില്‍ ഏറ്റവും വലിയ പരിഷ്‌ക്കാരത്തിന്റെ നടുവില്‍ ജീവിക്കുകയും, മറ്റൊരാള്‍ ഒരു ഗ്രാമത്തില്‍ ജീവിക്കുകയും ചെയ്യുന്ന ആളാണ്. ആദ്യ പകുതിയില്‍ ഒരാള്‍ വരികയും രണ്ടാം പകുതിയില്‍ മാത്രം അടുത്തയാള്‍ വരികയും ചെയ്യുന്നത് കാരണം കഥ വളരെ ഇഷ്ടമായി. ഉടനെ തന്നെ ഞാന്‍ ആ സിനിമ ചെയ്യാമെന്ന് പറഞ്ഞു.
‘മായാമയൂരം’ സിനിമയുടെ കഥയുടെ പ്രത്യേകത കൊണ്ട് അത് രണ്ട് സ്ഥലങ്ങളിലായാണ് ചിത്രീകരിക്കേണ്ടിയിരുന്നത്. ഒന്ന് ബെംഗളൂരു പോലെയുള്ള ഒരു നഗരത്തിലാണെങ്കില്‍ മറ്റൊന്ന് ഒറ്റപ്പാലവും ഷൊര്‍ണ്ണൂരുമൊക്കെ പോലെയുള്ള ഒരു ഗ്രാമത്തിലാണ്.
രഞ്ജിത്ത് മദ്രാസിലെ ഒരു ഹോട്ടലില്‍ താമസിച്ച് സിനിമയുടെ ആദ്യ പകുതി എഴുതി പൂര്‍ത്തിയാക്കി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് അത് വായിച്ചു. ആദ്യപകുതി ഓക്കെയായി. ആ ഭാഗം ബെംഗളൂരുവില്‍ ചെയ്യാമെന്ന് തീരുമാനിച്ച് അതിനുള്ള സ്ഥലങ്ങള്‍ നോക്കിതുടങ്ങി.
സിനിമയുടെ രണ്ടാം പകുതിയില്‍ നായികയായി തീരുമാനിച്ചത് ശോഭനയെയായിരുന്നു. ശോഭനയുടെ ഡേറ്റിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. നമ്മള്‍ ബെംഗളൂരുവില്‍ ആദ്യ പകുതി ഷൂട്ട് ചെയ്ത ശേഷം രണ്ടാം പകുതി ചെയ്യാമെന്നാണ് തീരുമാനിച്ചത്. ആ സമയത്തേക്കാണ് ശോഭനയുടെ ഡേറ്റ് വേണ്ടത്.
ശോഭനയെ സംബന്ധിച്ചിടത്തോളം നമ്മള്‍ പറഞ്ഞ ഡേറ്റില്‍ ഫ്രീയായിരുന്നില്ല. അവര്‍ക്ക് ആ സമയത്ത് മറ്റൊരു സിനിമയുണ്ടായിരുന്നു. എന്നാല്‍ നമ്മള്‍ ബെംഗളൂരുവില്‍ ആദ്യ പകുതി ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ച സമയത്ത് ശോഭന ഫ്രീയായിരുന്നു. ആ ഡേറ്റ് തരാമെന്ന് പറഞ്ഞു. അതോടെ ഞങ്ങളുടെ തീരുമാനങ്ങള്‍ പൂര്‍ണമായും തകിടം മറിഞ്ഞു.
സിനിമയുടെ രണ്ടാം പകുതിയെ പറ്റി ധാരണയുണ്ടെന്നല്ലാതെ അത് എഴുതിയിരുന്നില്ല. ആദ്യ പകുതി ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ആ ഭാഗം എഴുതാമെന്ന് കരുതിയിരിക്കുകയായിരുന്നു. പക്ഷെ ഇങ്ങനെയൊര് മാറ്റമുണ്ടായപ്പോള്‍ രണ്ടാം പകുതി പെട്ടെന്ന് എഴുതേണ്ടി വന്നു. അങ്ങനെ ശോഭനക്ക് വേണ്ടി ആ ഭാഗം ആദ്യം ഷൂട്ട് ചെയ്തു,’ സിബി മലയില്‍ പറയുന്നു.
Content Highlight: Director Sibi Malayil Talks About Shobana