ഒരു കഥാപാത്രത്തെ കുറിച്ച് ആദ്യം ചിന്തിക്കുമ്പോള്‍ മനസിലേക്ക് വരുന്ന മുഖം മോഹന്‍ലാലിന്റേതാണെന്ന് സംവിധായകന്‍ സിബി മലയില്‍. ഏത് കഥാപാത്രത്തിനും വഴങ്ങുന്ന അഭിനയവും ആകാരവുമാണ് മോഹന്‍ലാലിന്റേതെന്നും അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഒരു സിനിമയെ കുറിച്ചുള്ള ചിന്ത വരുമ്പോള്‍ ആദ്യം ആരാണോ മനസില്‍ വരുന്നത് അവരെ വെച്ചായിരിക്കും ഞാന്‍ സിനിമ ചെയ്യുന്നത്. രണ്ട് പ്രധാന അഭിനേതാക്കള്‍ എന്ന നിലയില്‍ മോഹന്‍ലാലും മമ്മൂട്ടിയുമാണ് ആദ്യം മനസില്‍ വരുന്നത്. അതല്ലാതേയും മുരളിയെ വെച്ചോ മറ്റാരെങ്കിലേയും വെച്ചോ സിനിമകള്‍ ചെയ്യാറുണ്ട്.
പക്ഷ ഒരു കഥാപാത്രത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസിലേക്ക് ആദ്യം വരുന്ന മുഖം ലാലിന്റേതാണ്. കാരണം ഏത് കഥാപാത്രവും വഴങ്ങുന്ന ഒരു ആകാരമാണ് ലാലിനുള്ളത്. അദ്ദേഹത്തിന്റെ അഭിനയ രീതിയും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ പലപ്പോഴും ആദ്യം മനസില്‍ വരുന്ന മുഖം ലാലിന്റേതാണ്.
എന്നാല്‍ മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന കഥാപാത്രങ്ങള്‍ വരുമ്പോള്‍ വേറെ ആരെയും വിളിക്കാന്‍ പറ്റില്ല. തനിയാവര്‍ത്തനം പോലെ ഒരു സിനിമയിലേക്ക് മമ്മൂട്ടിയല്ലാതെ വേറെ ഒരു നടനെ നമുക്ക് ചിന്തിക്കാന്‍ കഴിയില്ല. അതുപോലെ തന്നെയാണ് ഓഗസ്റ്റ് പതിനഞ്ച് എന്നുപറയുന്ന സിനിമയും.
അങ്ങനെയാണ് സിനിമയില്‍ ഞാന്‍ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാവര്‍ക്കും പരിപൂര്‍ണമായി വഴങ്ങുന്ന ചില കഥാപാത്രങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ മമ്മൂട്ടിക്ക് മാത്രം വഴങ്ങുന്ന കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ലാലിന് മാത്രം വഴങ്ങുന്ന കഥാപാത്രങ്ങള്‍ അവര്‍ക്ക് മാത്രമേ ചെയ്യാന്‍ പറ്റുകയുള്ളു.
ഒരു കഥാപാത്രത്തിന്റെ രൂപം തിരക്കഥാകൃത്ത് തരുമ്പോഴാണ് ആ കഥാപാത്രം ആര് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. ആകാശ ദൂദ് സിനിമയിലേക്ക് മുരളിയെ ആദ്യം തന്നെ ഞാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ ഏറ്റവും കൂടുതല്‍ സിനിമയില്‍ അഭിനയിച്ച ഒരാളാണ് മുരളി. ചെറുതും വലുതുമായ പല കഥാപാത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്,’ സിബി മലയില്‍ പറഞ്ഞു.
ആസിഫ് അലിയെ നായകനാക്കി പുറത്തിറങ്ങിയ ‘കൊത്ത്’ ആണ് സിബി മലയലിന്റെ അവസാന ചിത്രം. നിഖില വിമല്‍, റോഷന്‍ മാത്യു, രഞ്ജിത് തുടങ്ങിയവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും സിനിമക്ക് ലഭിച്ചത്.
content highlight: director sibi malayil talks about mohanlal’s acting