| Sunday, 15th October 2023, 8:16 pm

'മോഹന്‍ലാല്‍ കഥാപാത്രം മരിച്ച നിരാശയില്‍ പ്രേക്ഷകര്‍ തിയേറ്ററിലെ കസേരകള്‍ തകര്‍ത്തു': സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍ ഇരട്ട കഥാപാത്രത്തിലെത്തിയ സിനിമയായിരുന്നു ‘മായാമയൂരം’. ഈ സിനിമ റിലീസായ ദിവസം മോഹന്‍ലാലിന്റെ ആദ്യ കഥാപാത്രം മരിച്ച സീനില്‍ പ്രേക്ഷകര്‍ നിരാശയില്‍ തിയേറ്ററിലെ കസേരകള്‍ തകര്‍ത്തു കളഞ്ഞിരുന്നെന്ന് സംവിധായകന്‍ സിബി മലയില്‍. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രണ്ട് വ്യത്യസ്ഥ സ്വഭാവങ്ങളുള്ള കഥാപാത്രങ്ങളെയായിരുന്നു മോഹന്‍ലാല്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. അത് രണ്ടും മികവോടെ തന്നെ ചെയ്യാന്‍ അയാള്‍ക്ക് സാധിച്ചു. അതില്‍ ആദ്യ കഥാപാത്രം ബെംഗളൂരുവിലുള്ള നന്ദയുമായി, അതായത് രേവതി ചെയ്ത കഥാപാത്രവുമായിട്ട് കണ്ടുമുട്ടുന്ന രംഗങ്ങള്‍ വളരെ രസകരമായിട്ടാണ് ചിത്രീകരിച്ചത്.

നായിക അറിയാതെ നായകന്‍ പിന്നാലെ പോകുകയാണ്. അവള്‍ പോകുന്നയിടത്തെല്ലാം അവനും പോകുന്നുണ്ട്. ആരോ ഒരാള്‍ തന്നെ പിന്തുടരുന്നുണ്ടെന്ന തോന്നല്‍ നായികക്ക് ഉണ്ടാകുന്നുണ്ട്. അവളില്‍ അത് ദേഷ്യവും പരിഭ്രമവും ഉണ്ടാക്കുന്നുണ്ട്.

എന്നാല്‍ ഒരുഘട്ടത്തില്‍ നായകന്‍ സ്വയം വെളിപ്പെടുത്തുന്നുമുണ്ട്. അങ്ങനെ ഉണ്ടാകുന്ന ഒരു പ്രണയം ഈ സിനിമയില്‍ കാണിക്കുന്നുണ്ട്. അത് വളരെ തീവ്രവും തീഷ്ണവുമായി മാറുന്നുണ്ട്. ആ പ്രണയത്തിന്റെ പരമോന്നത അവസ്ഥയില്‍ എത്തുമ്പോള്‍ നായകന്‍ മരിക്കുന്നു. അയാള്‍ ഒരു ആര്‍ക്കിടെക്ച്ചറര്‍ ആണ്. അങ്ങനെ അയാള്‍ ഒരു വലിയ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് വീണ് മരിക്കുന്നതാണ് കാണിക്കുന്നത്.

പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ആ സിനിമ റിലീസാകുന്നത് വരെ മോഹന്‍ലാല്‍ രണ്ട് കഥാപാത്രങ്ങളെ ചെയ്യുന്നുണ്ടെന്ന് അറിയില്ല. ആ കാര്യം ഞങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. അതിലൊരു ക്യൂരിയോസിറ്റി നഷ്ടപ്പെടാതിരിക്കാനായിരുന്നു അത്.

സിനിമയുടെ പോസ്റ്ററില്‍ കൊടുത്തിരുന്നത് ആദ്യഘട്ടത്തില്‍ വരുന്ന മോഡേണ്‍ ആയ മോഹന്‍ലാലിന്റെ ഫോട്ടോ മാത്രമായിരുന്നു. രണ്ടാമത് ഒരു കഥാപാത്രമുണ്ടെന്ന് എവിടെയും പറഞ്ഞിരുന്നില്ല. ഇന്റര്‍വെല്ലിന് മുമ്പാണ് മോഹന്‍ലാല്‍ കഥാപാത്രം മരിക്കുന്നത്.

ആ രംഗം കഴിഞ്ഞാല്‍ സിനിമയില്‍ ഇന്റര്‍വെല്‍ വരും. തിയേറ്ററില്‍ വരുന്ന പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം അത് വലിയ നിരാശയുണ്ടാക്കി. മോഹന്‍ലാല്‍ മരിച്ചിട്ട് ഇനിയെന്ത് സിനിമ? അല്ലെങ്കില്‍ നായകന്‍ മരിച്ചിട്ട് എന്ത് സിനിമ എന്ന സംശയത്തിലായി അവര്‍.

ആ സിനിമ റിലീസ് ആയ ദിവസം ഞാന്‍ ചെങ്കോല്‍ സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി, അതിന്റെ തിരുവനന്തപുരത്തുള്ള ലൊക്കേഷനില്‍ ആയിരുന്നു. അന്ന് അവിടെ നില്‍ക്കുമ്പോള്‍ തിരുവനന്തപുരം രമ്യ തിയേറ്ററില്‍ പോയി സിനിമ കണ്ട മോഹന്‍ലാലിന്റെ സുഹൃത്തായ ഒരു സിനിമാപ്രേമി എന്റെയടുത്തേക്ക് ഓടി വന്നു.

ഇന്റര്‍വെല്‍ ആയപ്പോഴേക്കും പ്രേക്ഷകര്‍ വയലന്റായി അവര്‍ തിയേറ്ററിലെ കസേരകള്‍ തകര്‍ത്തു കളഞ്ഞെന്നു പറഞ്ഞു. പക്ഷേ രണ്ടാം പകുതിയില്‍ മോഹന്‍ലാലിന്റെ അടുത്ത കഥാപാത്രം വന്നതോടെയാണ് അവര്‍ക്കൊര് റിലീഫ് ഉണ്ടായത്.

രണ്ട് മോഹന്‍ലാല്‍ ഉണ്ടെന്ന് പറഞ്ഞാല്‍ അത് കാണാനുള്ള ആകാംക്ഷ ആദ്യം കാണുന്ന പ്രേക്ഷകര്‍ക്ക് ഇല്ലാതാകും എന്ന് കരുതിയായിരുന്നു മോഹന്‍ലാലിന്റെ ആ ഇരട്ട കഥാപാത്രത്തെ മറച്ചു വെച്ചത്. ഏതായാലും അവസാനം ആ സിനിമ വലിയ വിജയമായിരുന്നു,’ സിബി മലയില്‍ പറയുന്നു.

Content Highlight: Director Sibi Malayil Talks About Mayamayooram Movie

We use cookies to give you the best possible experience. Learn more