മമ്മൂട്ടിക്ക് സിനിമയില്‍ ഒരു ബ്രേക്ക് ആവശ്യമായിരുന്ന സമയത്താണ് തനിയാവര്‍ത്തനം എന്ന സിനിമ ചെയ്തതെന്ന് സംവിധായകന്‍ സിബി മലയില്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം കരിയറിന്റെ തുടക്കത്തില്‍ തന്നെ സിനിമകള്‍ ചെയ്യാന്‍ സാധിച്ചെന്നും അന്ന് മുതലുള്ള സൗഹൃദം ഇന്നും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഏറ്റവും അധികം സിനിമകള്‍ ചെയ്തത് മോഹന്‍ലാലിനൊപ്പമാണെന്നും. അത് പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ലെന്നും അങ്ങനെ വന്ന് പോയതാണെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ച ചിത്രത്തിലും തനിക്ക് ഭാഗമാകാന്‍ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കരിയറിന്റെ തുടക്കത്തില്‍ തന്നെ അവരോടൊപ്പം എനിക്ക് സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവരുമായി നല്ലൊരു അടുപ്പം സ്ഥാപിക്കാനും എനിക്ക് കഴിഞ്ഞു. സിനിമയില്‍ വന്ന് നാല് പതിറ്റാണ്ട് കഴിയുമ്പോളും ആ ബന്ധമൊക്കെ നിലനിര്‍ത്തി പോകാന്‍ കഴിയുന്നുണ്ട്.
ആ സൗഹൃദങ്ങള്‍ക്ക് നല്ല ആഴവും പരപ്പുമൊക്കെയുണ്ട്. കൂടുതല്‍ സിനിമകള്‍ ഞാന്‍ ചെയ്തത് ലാലുമായിട്ടാണ്. അത് തീരുമാനിച്ച് സംഭവിച്ചതൊന്നുമല്ല. ഇങ്ങനെ സംഭവിച്ച് പോയതാണ്. കൂടുതല്‍ സിനിമകള്‍ ലാലുമായി സംഭവിച്ച് പോയതാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് തനിയാവര്‍ത്തനം. അത് ചെയ്യാന്‍ എനിക്ക കഴിഞ്ഞു.
മമ്മൂട്ടിക്ക് വലിയൊരു ബ്രേക്ക് ആവശ്യമായിരുന്ന സമയത്താണ് ഞാന്‍ ആ സിനിമയുമായി ചെന്നത്. അദ്ദേഹം തകര്‍ന്ന് നിന്നിരുന്ന സമയത്താണ് ആ സിനിമ നടന്നത്. ലാലിനെ കുറിച്ച് പറയുമ്പോള്‍, അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകള്‍ എനിക്ക് ചെയ്യാന്‍ സാധിച്ചു. ദേശീയ പുരസ്‌കാരം നേടി കൊടുത്ത സിനിമകളില്‍ വരെ അദ്ദേഹത്തിനോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചു. മുമ്പ് പറഞ്ഞതുപോലെ വളരെ അടുത്ത സൗഹൃദമുണ്ട് സിനിമ ചെയ്താലും ചെയിതില്ലെങ്കിലും അത് നിലനില്‍ക്കുന്നുണ്ട്,’ സിബി മലയില്‍ പറഞ്ഞു.
content highlight: director sibi malayil talks about mammootty