അപൂര്‍വരാഗങ്ങള്‍, വയലിന്‍, ഉന്നം, കൊത്ത് എന്നീ നാല് സിനിമകളില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുള്ള ഡയറക്ടര്‍- ആക്ടര്‍ കൂട്ടുകെട്ടാണ് സിബി മലയിലിന്റേതും ആസിഫ് അലിയുടേതും.
തന്റെ സിനിമകളില്‍ അഭിനയിച്ച സമയത്ത് ആസിഫ് അലിയില്‍ കണ്ട ട്രാന്‍സ്ഫര്‍മേഷനെ കുറിച്ച് സംസാരിക്കുകയാണ് പോപ്പര്‍സ്റ്റോപ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ സിബി മലയില്‍.
ആദ്യം അപൂര്‍വരാഗങ്ങള്‍ ചെയ്തപ്പോഴും ഇപ്പോള്‍ കൊത്ത് ചെയ്തപ്പോഴും ഒരു പെര്‍ഫോമര്‍ എന്ന രീതിയില്‍ ആസിഫ് അലിയില്‍ സ്‌ട്രൈക്ക് ചെയ്ത കാര്യമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
”ആസിഫിന്റെ രണ്ടാമത്തെ സിനിമയായിരുന്നു അപൂര്‍വരാഗങ്ങള്‍. അതിനുമുമ്പ് ശ്യാമപ്രസാദിന്റെ ഋതു എന്ന സിനിമയായിരുന്നു ചെയ്തത്. ശ്യാമും ബേസിക്കലി ഡ്രാമ സ്‌കൂളിന്റെ ബാക്ക്ഗ്രൗണ്ടുള്ള ആളാണ്. ആക്ടേഴ്‌സിനെ ഹാന്‍ഡില്‍ ചെയ്യാന്‍ അദ്ദേഹം മിടുക്കനാണ്. കുറച്ചുകൂടി ട്രെയിന്‍ഡായ രീതിയില്‍ ചെയ്യും.
അവിടെ നിന്നാണ് ആസിഫ് അപൂര്‍വരാഗങ്ങളിലേക്ക് വരുന്നത്. അപൂര്‍വരാഗങ്ങളിലെ മറ്റ് രണ്ട് പേരും (ഇഷാന്‍, വിനയ് ഫോര്‍ട്ട്) ട്രെയിന്‍ഡ് ആക്ടേഴ്‌സായിരുന്നു. പക്ഷെ ആസിഫ് വളരെ റോ ആണ്. അങ്ങനെയുള്ളവരെ നമുക്ക് പെട്ടെന്ന് ഹാന്‍ഡില്‍ ചെയ്യാനും മോള്‍ഡ് ചെയ്യാനും പറ്റും.
ആ സിനിമയുടെ തുടക്കത്തിലൊക്കെ ആസിഫ് അതില്‍ എത്തിച്ചേരാന്‍ കുറച്ച് സമയമെടുത്തിരുന്നു. പക്ഷെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ ആസിഫ് അതിനകത്തേക്ക് കയറി. ഈ സിനിമയിലെ ഒരു സീനില്‍ ആസിഫിന്റെ കഥാപാത്രം കുപ്പി കൊണ്ട് കൈ മുറിക്കുന്നുണ്ട്.
ആ സീനിലാണ് ആസിഫിന്റെ പെര്‍ഫോമന്‍സിന്റെയും ടാലന്റിന്റെയും ആദ്യത്തെ സ്പാര്‍ക് ഞാന്‍ കാണുന്നത്. ഇയാള്‍ വിടര്‍ന്നുവരാന്‍ പോകുന്ന ഒരു ആക്ടറാണ് എന്ന് എനിക്ക് അവിടെവെച്ചാണ് തോന്നിയത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫുമൊത്ത് കൊത്ത് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയും നമ്മളെ അമ്പരപ്പിക്കുന്നതാണ്. കാരണം പുള്ളി കുറച്ചുകൂടി സീരിയസായി. ആദ്യകാലത്തൊന്നും ഇത്ര സീരിയസായ അപ്രോച് ഉണ്ടായിരുന്നില്ല.
കിട്ടുന്ന ക്യാരക്ടേഴ്‌സൊക്കെ ചെയ്യുന്ന ഒരു ലൈനായിരുന്നു. കുഞ്ചാക്കോ ബോബനും ജയസൂര്യയുമൊക്കെ റിജക്ട് ചെയ്യുന്ന റോളുകളാണ് തനിക്ക് വന്നുകൊണ്ടിരുന്നത് എന്ന് ആസിഫ് തന്നെ പറയുമായിരുന്നു. അങ്ങനെ സിനിമ ചെയ്യാന്‍ വേണ്ടി സിനിമ ചെയ്ത തരത്തിലുള്ള കുറേ പടങ്ങളുണ്ട് ആസിഫിന്.
പതുക്കെപതുക്കെ കുറച്ചുകൂടി സീരിയസായ ക്യാരക്ടേഴ്‌സ് സെലക്ട് ചെയ്യാന്‍ തുടങ്ങി. കെട്ട്യോളാണെന്റെ മാലാഖയില്‍ എത്തിയപ്പോഴാണ് ആസിഫ് കംപ്ലീറ്റായി ആ കഥാപാത്രമായി മാറിയത് എന്ന് നമ്മള്‍ വളരെ വ്യക്തമായി കണ്ടതാണ്,” സിബി മലയില്‍ പറഞ്ഞു.
അതേസമയം സമ്മിശ്ര പ്രതികരണമായിരുന്നു കൊത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്. റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവരായിരുന്നു ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.
Content Highlight: Director Sibi Malayil talks about Asif Ali