| Friday, 6th October 2023, 4:27 pm

'ഞാൻ കാരണമാണ് രാജുവിന് അവാർഡ് കിട്ടിയത്, അദ്ദേഹത്തിന്റെ നിലപാടുകൾ വിഷമിപ്പിച്ചു '

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ താരങ്ങളെ മലയാള സിനിമയിൽ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുള്ള സംവിധായകനാണ് അദ്ദേഹം. വർഷക്കൾക്കിപ്പുറം യുവതാരങ്ങളൊക്കൊപ്പവും സിനിമയിൽ സജീവമായി നിൽക്കുന്നുണ്ട് സിബി മലയിൽ.

എന്നാൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ പൃഥ്വിരാജുമൊത്തൊരു സിനിമ സിബി മലയിൽ ഇത്‌ വരെ ചെയ്തിട്ടില്ല. ആ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞിരിക്കുകയാണ് സിബി മലയിൽ.

‘ഞങ്ങളുടെ റിലേഷനിൽ ഒരു വിള്ളൽ സംഭവിച്ചു. അത് നൂറ് ശതമാനവും എന്റെ കുറ്റം കൊണ്ടല്ല. എന്നാൽ അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാൻ കാരണമാണെന്നാണ് ‘ സിബി മലയിൽ പറയുന്നു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അമൃതമെന്ന സിനിമയിലേക്ക് ജയറാമിന്റെ അനിയന്റെ വേഷത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു. ഞാൻ പൃഥ്വിയുമായി നേരിട്ട് കണ്ടിട്ടി ല്ലായിരുന്നു. പ്രൊഡ്യൂസറും കഥാകൃത്തുമൊക്കെയാണ് പൃഥ്വിരാജിനോട് കഥ പറയാൻ ചെന്നത്. അദ്ദേഹം ചോദിക്കുന്ന പ്രതിഫലം കൂടുതലാണെന്ന സംസാരം വന്നപ്പോൾ ഞാൻ അവരോട് പറഞ്ഞത് നിങ്ങളുടെ ബഡ്ജറ്റിൽ ആ ക്യാരക്ടർ ചെയ്യാൻ ശ്രമിക്കു എന്നായിരുന്നു.

അതിന് ബുദ്ധിമുട്ടാണെങ്കിൽ വേറെ ആരെയെങ്കിലും നോക്കാം എന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ എന്തോ കാരണം കൊണ്ട് പൃഥ്വിയും അവരും തമ്മിൽ ഒരു ധാരണയിൽ എത്തിയില്ല. അവർ തമ്മിൽ എന്ത് സംസാരിച്ചു പിരിഞ്ഞു എന്നെനിക്കറിയില്ല. വർഷങ്ങൾക്ക് ശേഷമാണ് ഞാൻ മനസിലാക്കിയത് അദ്ദേഹം ധരിച്ചിരിക്കുന്നത് ഞാനാണ് പൃഥ്വിയെ സിനിമയിൽ നിന്ന് ഒഴിവാക്കിതെന്നാണ്. ആ കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ല. അതൊരു അകൽച്ചയായി ഇപ്പോഴും കിടക്കുന്നുണ്ട് ‘, സിബി പറയുന്നു.

‘അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് സെല്ലുലോയ്ഡിലെ പ്രകടനത്തിന് ലഭിച്ചപ്പോൾ അതിന് നിർണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു. എന്റയൊരു തീരുമാനമായിരുന്നു ജൂറി ഗൗരവത്തിൽ എടുത്തത്. അങ്ങനെയാണ് അവാർഡ് രാജുവിലേക്ക് എത്തുന്നത്. എനിക്കൊരു പിണക്കവുമില്ല. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നെനിക്ക് അറിയുന്നത് കൊണ്ടാണത്. പക്ഷെ പല സമയത്തും എനിക്ക് വിഷമമുണ്ടാക്കിയ നിലപാടുകൾ അദ്ദേഹം എടുത്തിട്ടുണ്ട്. ഞാൻ അത് ചോദിച്ചിട്ടുമില്ല പറഞ്ഞിട്ടുമില്ല ‘, സിബി മലയിൽ പറയുന്നു.

രഞ്ജിത്ത് ഒരുക്കിയ നന്ദനമെന്ന പൃഥ്വിരാജ് ചിത്രത്തിൽ ക്ലൈമാക്സിലെ ‘കാർമുകിൽ വർണന്റെ ‘ പാട്ട് ചിത്രീകരിച്ചത് സിബി മലയിൽ ആയിരുന്നു.

ആസിഫ് അലി നായകനായെത്തിയ ‘കൊത്ത് ‘ ആയിരുന്നു സിബിയുടെ സംവിധാനത്തിൽ അവസാനമിറങ്ങിയ ചിത്രം. സൂപ്പർ ഹിറ്റ്‌ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ഷൂട്ടിങ് തിരക്കുകളിലാണ് പ്രിത്വിരാജ് ഇപ്പോൾ.

Content Highlight : Director Sibi Malayil Talks About Actor Prithviraj

We use cookies to give you the best possible experience. Learn more