'ജയറാമിന് നേടാൻ പറ്റാത്തത് അവൻ നേടി, ആ ഷോട്ടെടുക്കൻ ധൈര്യം കിട്ടിയത് അവനിൽ നിന്ന്'
Malayalam Cinema
'ജയറാമിന് നേടാൻ പറ്റാത്തത് അവൻ നേടി, ആ ഷോട്ടെടുക്കൻ ധൈര്യം കിട്ടിയത് അവനിൽ നിന്ന്'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd October 2023, 8:45 am

പ്രമേയം കൊണ്ടും പ്രകടനങ്ങൾ കൊണ്ടും മികച്ചു നിൽക്കുന്ന ചിത്രമാണ് സിബി മലയിൽ ഒരുക്കിയ ‘എന്റെ വീട് അപ്പൂന്റേം’.
കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തിയ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും താരം സ്വന്തമാക്കി.

എന്റെ വീട് അപ്പുന്റേം എന്ന ചിത്രം ഇത്രയും വലിയ രീതിയിൽ സ്വീകാര്യമാവാൻ കാളിദാസന്റെ മികച്ച പ്രകടനമാണ് കാരണമെന്നാണ് സംവിധായകൻ സിബി മലയിൽ പറയുന്നത്. കൗമുദി മുവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കണ്ണൻ എന്റെ ചിത്രത്തിൽ അഭിനയിക്കുമ്പോൾ അവന് ഏകദേശം എട്ട് വയസ്സ് പ്രായം ഉണ്ടാകും. ആ വയസ്സുള്ള ഒരു കുട്ടിക്ക് ചെയ്യാൻ കഴിയുന്നതിനുമപ്പുറം മാനസിക സംഘർഷത്തിലൂടെയും അഭിനയ പ്രകടനത്തിലൂടെയും കടന്നു പോവേണ്ട ഒരു കഥാപാത്രമായിരുന്നു സിനിമയിലെ വസു. അവന്റെ അഭിനയത്തിനെ സഹായിക്കാനായി ജയറാം എപ്പോഴും കൂടെ ഉണ്ടായിരുന്നു. ഞാൻ പറഞ്ഞു കൊടുക്കുന്ന കാര്യങ്ങളെ കുറച്ചുകൂടി മിനുക്കിയെടുക്കാൻ ജയറാമാണ് അവനെ സഹായിച്ചത്.

ജയറാമും പാർവതിയും പൂർണമായും സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായിരുന്നു. അവർ കുടുംബമായി താമസിച്ചാണ് ഈ സിനിമ ചെയ്തത്. കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക് ശേഷം കണ്ണൻ അഭിനയിക്കുന്ന പൂർണമായി അവനെ കേന്ദ്രികരിച്ച് കഥ പറയുന്ന ചിത്രമായിരുന്നു എന്റെ വീട് അപ്പൂന്റേം.

ആ വർഷത്തെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് കണ്ണൻ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ കരസ്ഥമാക്കി. ഞങ്ങളെ സംബന്ധിച്ച് വലിയ സന്തോഷമായിരുന്നു അത്. ഇന്ത്യയൊട്ടാകെ ഒരുപാട് സിനിമകൾ ഉണ്ടായിട്ടും ഏറ്റവും മികച്ച പ്രകടനമായി അവനെയായിരുന്നു തെരഞ്ഞെടുത്തത്. അവന്റെ അച്ഛന് നേടൻ കഴിയുന്നതിനേക്കാൾ മുകളിൽ ഒരു പുരസ്‌കാരം ആ ചെറുപ്രായത്തിൽ തന്റെ രണ്ടാമത്തെ സിനിമയിലൂടെ അവൻ നേടിയെടുത്തിട്ടുണ്ടെങ്കിൽ തീർച്ചയായും അതവന്റെ കഴിവ് കൊണ്ടാണ്.

ആ പ്രായത്തിൽ അത്തരത്തിലൊരു കഥാപാത്രം ഉൾക്കൊണ്ട്‌ ചെയ്യാൻ അവന് കഴിഞ്ഞു എന്നതാണ് എനിക്ക് ഏറ്റവും സന്തോഷം തോന്നിയ കാര്യം.ഒരു പേപ്പറിൽ എഴുതിയെടുക്കുന്നതിനേക്കാൾ മികവോടെ മികച്ച പ്രകടനം കണ്ണൻ ഞങ്ങൾക്ക് തിരിച്ചു തരുമായിരുന്നു. കോടതിയിലെ വിചാരണ രംഗങ്ങളെല്ലാം അസാധ്യമായാണ് അവൻ അഭിനയിച്ചത്.

സ്വന്തം കൈപിഴ കൊണ്ട് സഹോദരൻ മരണപെട്ട ഒരു കുട്ടിയുടെ മാനസികാവസ്ഥയെല്ലാം അവന്റെ കൈയിൽ ഭദ്രമായിരുന്നു. കണ്ണൻ ആ സിനിമ അത്ര നന്നായി ചെയ്തത് കൊണ്ടാണ് മലയാളികൾ ആ സിനിമ ഇത്രയും സ്വീകരിച്ചത്. അതുകൊണ്ടാണ് സിനിമ വിശ്വസനീയമായ രീതിയിൽ പ്രേക്ഷകർക്കിടയിലേക്ക് എത്തിയത്.

കുഞ്ഞു മരിച്ചു കിടക്കുമ്പോഴുള്ള കണ്ണന്റെ ഒരു ക്ലോസ് അപ്പ് ഷോട്ട് ഉണ്ട്. ഫോക്കസ് പൂർണമായി അവന്റെ മുഖത്താണ്. ബാക്ഗ്രൗണ്ടിൽ ജയറാമും ജ്യോതിയും മരിച്ചു കിടക്കുന്ന കുഞ്ഞിനെ കാണുന്നത് സീനിൽ ഔട്ട്‌ ഓഫ് ഫോക്കസായാണ് കാണിക്കുന്നത്. എന്നോട് ഒരുപാട് പേർ ആ ഷോട്ടിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു. സാധാരണ വളരെ അനുഭവസ്ഥനായ ഒരു അഭിനേതാവിനെ വെച്ച് മാത്രമേ അങ്ങനെയൊരു ഷോട്ട് എടുക്കാൻ സാധിക്കുള്ളു.

പക്ഷെ അവിടെ എനിക്ക് അങ്ങനെ ഒരു ഷോട്ട് സെറ്റ് ധൈര്യം കിട്ടിയത് കണ്ണന്റെ പെർഫോമൻസിൽ നിന്നാണ്. അവനിൽ ഉള്ള വിശ്വാസം കൊണ്ടാണ്. അവന്റെ പ്രകടനമായിരുന്നു എന്നെ നല്ല രീതിയിൽ സഹായിച്ചത്,’സിബി മലയിൽ പറയുന്നു.

 

Content Highlight: Director Sibi Malayil Talk About Performance Of Kalidas Jayaram In Ente Veedu Appuntem Film