ഒഴിവാക്കിത്തരണം, ഇനി അഭിനയിക്കില്ല; ഉസ്താദില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറി; സിബി മലയില്‍
Movie Day
ഒഴിവാക്കിത്തരണം, ഇനി അഭിനയിക്കില്ല; ഉസ്താദില്‍ നിന്നും മഞ്ജു വാര്യര്‍ പിന്മാറി; സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th September 2023, 5:13 pm

ഉസ്താദില്‍ മോഹന്‍ലാലിന്റെ സഹോദരി വേഷത്തിലേക്ക് തീരുമാനിച്ചിരുന്നത് നടി മഞ്ജു വാര്യരെ ആയിരുന്നെന്നും ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആ കഥാപാത്രത്തില്‍ നിന്നും മഞ്ജു വാര്യര്‍ക്ക് പിന്മാറേണ്ടി വന്നെന്നും പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. കൗമുദി മൂവീസില്‍ ഉസ്താദ് സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു സിബി മലയില്‍.

‘ഉസ്താദ് സിനിമയിലെ ക്ലൈമാക്സ് സീനാണ് ആദ്യം ഷൂട്ട് ചെയ്തത്. ആ സിനിമയില്‍ ദിവ്യ ഉണ്ണി ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്ത് മഞ്ജു വാര്യരെയായിരുന്നു.

ദുബായിലെ ഒരു സ്ട്രീറ്റില്‍ ക്ലൈമാക്സ് സീന്‍ ഷൂട്ട് ചെയ്തിരിക്കുമ്പോഴാണ് എന്റെ വീട്ടില്‍ നിന്ന് ഭാര്യയുടെ ഒരു കോള്‍ വരുന്നത്. മഞ്ജു വാര്യര്‍ വിവാഹം ചെയ്തതായി ഒരു വാര്‍ത്ത വരുന്നു എന്നായിരുന്നു അവള്‍ പറഞ്ഞത്.

എന്റെ ഭാര്യയുടെ ഡ്രൈവറുടെ വീട് ആലുവയിലാണ്. അയാള്‍ വിവാഹം കാണുകയും ആദ്യം ഷൂട്ടിങ് ആണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്തു. പിന്നീട് യാഥാര്‍ത്ഥ്യമാണെന്ന് മനസിലാക്കി എന്നെ അറിയിക്കുകയായിരുന്നു.

ഉടന്‍ തന്നെ ഞാന്‍ രഞ്ജിത്തിനെ വിളിച്ച് സംസാരിച്ചു. ഇങ്ങനെ ഒരു അപ്‌ഡേറ്റ് ഉണ്ടായിട്ടുണ്ടെന്നും മഞ്ജു ഇനി അഭിനയിക്കുമോ ഇല്ലയോ എന്നത് സംശയമാണെന്നും പറഞ്ഞു.

നാട്ടില്‍ ചെന്ന ശേഷം നോക്കാമെന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി. അങ്ങനെ ദുബായില്‍ നിന്ന് ചിത്രീകരണം പൂര്‍ത്തിയാക്കി ഞങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. ആ സമയത്ത് തന്നെ എനിക്കൊരു കോള്‍ വന്നു. ദിലീപും മഞ്ജുവുമായിരുന്നു വിളിച്ചത്.

വിവാഹം എന്ന തീരുമാനം എടുക്കേണ്ടി വന്നുവെന്നും ഇനി സിനിമയില്‍ അഭിനയിക്കില്ലെന്നും ഉസ്താദില്‍ നിന്ന് ഒഴിവാക്കി തരണമെന്നും പറഞ്ഞുകൊണ്ട് അവരുടെ നിലപാട് അറിയിച്ചു.

പിന്നെ പെട്ടെന്നൊരാളെ സിനിമയിലെ ആ വേഷത്തിലേക്ക് വേണമല്ലോ. ഷൂട്ടും തുടങ്ങാറായി. അങ്ങനെയിരിക്കുമ്പോഴാണ് പ്രണയവര്‍ണങ്ങള്‍ എന്ന സിനിമയില്‍ മഞ്ജുവിന്റെ കൂടെ അഭിനയിച്ച ദിവ്യ ഉണ്ണിയുടെ കാര്യം ഞങ്ങളുടെ മനസില്‍ വന്നത്.

അന്നത്തെ സമയത്ത് ആ ഒരു കഥാപാത്രത്തിന് ചേരുന്ന പ്രായവും രൂപവും എല്ലാം ദിവ്യ ഉണ്ണിക്ക് ഉണ്ടായിരുന്നു. അങ്ങനെ മഞ്ജുവിന്റെ റോളിലേക്ക് ദിവ്യ ഉണ്ണിയെ കാസ്റ്റ് ചെയ്തു’, സിബി മലയില്‍ പറഞ്ഞു.

Content Highlight: Director Sibi Malayil about Usthad Movie and Manju warrier Character