| Friday, 5th February 2021, 4:08 pm

ഭരതത്തിന്റെ കഥയുണ്ടാകുന്നത് ഷൂട്ടിങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പ്; രണ്ടും കല്‍പ്പിച്ച് മോഹന്‍ലാലിന് നല്‍കിയ ആ വാക്ക്; സിനിമയുടെ പിറവിയെ കുറിച്ച് സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സിബിമലയിലിന്റെ സംവിധാനത്തിലൊരുങ്ങിയ ഭരതം. സിനിമയുടെ പിറവിയെ കുറിച്ച് മനസുതുറക്കുകയാണ് സിബി മലയില്‍. ഭരതം സിനിമയെ ഒരു അത്ഭുതസിനിമയെന്ന് വേണമെങ്കില്‍ പറയാമെന്നും ആ കഥയായിരുന്നില്ല സിനിമയ്ക്കായി ഷൂട്ട് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നും സിബി മലയില്‍ പറയുന്നു.

‘ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചത് മറ്റൊരു കഥയായിരുന്നു. സിനിമയുടെ പൂജ നടക്കുന്നത് രാവിലെ, 7.30 നാണ്. അതിഥികളെല്ലാം എത്തിയിട്ടുണ്ട്. ആറ് മണിയായപ്പോള്‍ തിരക്കഥാകൃത്ത് ലോഹിതദാസ് എന്റെ മുറിയിലേക്ക് കടന്നുവന്നിട്ട് ഒരു വിവരം പറഞ്ഞു. ആ കഥയ്ക്ക് മുന്‍പ് റിലീസ് ചെയ്ത ഒരു പൈങ്കിളി കഥ എന്ന സിനിമയുമായി വളരെ സാമ്യമുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കഥ കേട്ട അസിറ്റന്റ് ഡയരക്ടറാണ് ഇത്തരമൊരു സാമ്യത്തെ കുറിച്ച് പറഞ്ഞതെന്നും ലോഹി പറഞ്ഞു.

ഞങ്ങള്‍ രണ്ട് പേരും ആ സിനിമ കണ്ടതാണെങ്കിലും പെട്ടെന്നാണ് ഞങ്ങളുടെ ഉള്ളിലേക്കും അങ്ങനെയൊരു സാമ്യം ഉണ്ടല്ലോ എന്ന കാര്യം കടന്നുവരുന്നത്. ഇനിയെന്തു ചെയ്യുമെന്നായി ലോഹി, ഒന്നും ചെയ്യാനില്ല 7.30 ന് പൂജ വെച്ചിട്ടുണ്ട്. ഇനി അത് നടക്കട്ടെ. വരുന്നവരോട് ഇല്ല എന്ന് പറയാന്‍ നമുക്കാവില്ല. നമുക്ക് അത് കഴിഞ്ഞ് ആലോചിക്കാം. തത്ക്കാലം ഇത് നമ്മുടെ രണ്ട് പേരുടെ മനസില്‍ വെച്ചാല്‍ മതിയെന്നും പറഞ്ഞു.

അങ്ങനെ പൂജ കഴിഞ്ഞു. പൂജ കഴിഞ്ഞ ഉടന്‍ തന്നെ ഞാന്‍ ലാലിനേയും ചിത്രത്തിന്റെ വിതരണക്കാരനായ സെവന്‍ ആര്‍ട്‌സ് വിജയകുമാരനേയും മുറിയിലേക്ക് വിളിച്ചു. അവര്‍ വന്നു. നമ്മള്‍ കൊണ്ടുവന്ന കഥയ്ക്ക് ഇങ്ങനെയൊരു പ്രശ്‌നമുണ്ടെന്ന് അവരോട് പറഞ്ഞു. ഇനിയെന്ത് ചെയ്യുമെന്നായി ലാല്‍. ഒരാഴ്ചയ്ക്കുള്ളില്‍ പുതിയൊരു കഥ കൊണ്ടുവരാന്‍ കഴിയുകയാണെങ്കില്‍ നമുക്ക് ഈ പ്രൊജക്ട് മുന്നോട്ടുകൊണ്ടുപോകാമെന്നും ലാല്‍ പറഞ്ഞു.

ഒരാഴ്ച കാത്തിരിക്കണ്ട. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് മുന്‍പ് ഒരു കഥയുമായി ഞാന്‍ വന്നില്ലെങ്കില്‍ നമുക്ക് ഈ പ്രൊജക്ട് ക്യാന്‍സല്‍ ചെയ്യാമെന്ന് പറഞ്ഞു. ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതപ്പെട്ടു. ഞാന്‍ എന്ത് കണ്ടിട്ടാണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ അങ്ങനെ പറഞ്ഞു.

അങ്ങനെ ലോഹിയുമായി ആലോചന തുടങ്ങി. എന്റെ കുടുംബത്തില്‍ അടുത്തകാലത്ത് സംഭവിച്ച ഒരു ദുരന്തം അതിന്റെ ഒരാഴ്ച മുന്‍പ് ഞാന്‍ ലോഹിയുമായി ഷെയര്‍ ചെയ്തിരുന്നു. അന്ന് ഞാന്‍ പറഞ്ഞ കഥ നമുക്ക് സിനിമയാക്കിക്കൂടെയെന്ന് ലോഹി ചോദിച്ചു.

എന്റെ കുടുംബത്തില്‍ സംഭവിച്ച ഒരു ദുരന്തമാണെന്നും അത് വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നായി ഞാന്‍. അതില്ലെന്നും അതില്‍ നിന്നും ഒരു സ്പരിറ്റ് ഉള്‍ക്കൊണ്ട് നമുക്ക് എഴുതാമെന്നും ഒരു ജ്യേഷ്ഠനും അനുജനും തമ്മിലുള്ള ബന്ധത്തിന്റെ പരിധിയിലേക്ക് നമുക്ക് അതിനെ കൊണ്ടുവരാമെന്നും ലോഹി പറഞ്ഞു. ഞാന്‍ സമ്മതിച്ചു. അങ്ങനെ അന്ന് കൃത്യം ഒരുമണിക്ക് മുന്‍പ് ഞാന്‍ ലാലിന്റെ മുന്‍പിലെത്തി ഈ കഥ പറഞ്ഞു.

ഇത്രയും മികച്ചൊരു കഥയുണ്ടായിട്ടാണോ നിങ്ങള്‍ മറ്റൊരു കഥയുമായി വന്നത് എന്നായി ലാല്‍. ഇത് കയ്യില്‍ ഉണ്ടായിരുന്ന കഥയല്ലെന്നും ഇപ്പോള്‍ ഉണ്ടായി വന്ന, യഥാര്‍ത്ഥത്തില്‍ സംഭവിച്ച ഒരു കഥയാണെന്നും ഞാന്‍ ലാലിനോട് പറഞ്ഞു. അങ്ങനെയാണ് ഈ സിനിമ പിറക്കുന്നത്.

മാത്രമല്ല ആദ്യം തീരുമാനിച്ച കഥയ്ക്കായി നമ്മള്‍ കുറേ ആര്‍ടിസ്റ്റുകളെ തീരുമാനിച്ചിരുന്നു. അവര്‍ എല്ലാവരും ലൊക്കേഷനില്‍ എത്തുകയും ചെയ്തിരുന്നു. പുതിയ കഥയിലേക്ക് അധികമായി ലക്ഷ്മിയെ മാത്രമേ ബുക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ.

സിനിമയുടെ കഥ കിട്ടി 56ാം ദിവസം ആ ചിത്രം തിയേറ്ററിലെത്തിക്കാനായി എന്ന അത്ഭുതവും സംഭവിച്ചു. ഏഴും എട്ടും മിനുട്ടുകള്‍ ദൈര്‍ഘ്യമുള്ള പാട്ടുകള്‍ അടക്കം ചിത്രീകരിച്ചാണ് സിനിമ തിയേറ്ററിലെത്തുന്നത്.

ആ സിനിമയ്ക്ക് സംസ്ഥാന തലത്തിലും മോഹന്‍ലാലിന് ദേശീയ തലത്തിലും പുരസ്‌കാരം കിട്ടി. അതുകൊണ്ട് തന്നെയാണ് ഇതിനെ അത്ഭുതസിനിമ എന്ന് പറഞ്ഞത്’ സിബി മലയില്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Sibi Malayil About The story Behind Bharatam

We use cookies to give you the best possible experience. Learn more