Entertainment news
പ്രകോപിപ്പിക്കുമ്പോഴാണ് നമ്മളതിനോട് പ്രതികരിക്കുന്നത്; മുന്‍കൂട്ടി തീരുമാനിച്ച് മനപൂര്‍വം ചെയ്യുന്നതല്ല: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jan 04, 05:19 am
Wednesday, 4th January 2023, 10:49 am

എഴുത്തുകാരില്‍ നിന്ന് ലഭിക്കുന്ന ഇന്‍സ്പിരേഷനും പ്രകോപനവുമാണ് സംവിധായകന്റെ സൃഷ്ടിക്ക് പിന്നിലെന്ന് സിബി മലയില്‍. അക്ഷരങ്ങളിലൂടെയും വരികളിലൂടെയും കഥാ സന്ദര്‍ഭങ്ങളിലൂടെയും എഴുത്തുകാരന്‍ പ്രകോപിപ്പിക്കുമ്പോള്‍ നമ്മളതിനോട് പ്രതികരിക്കുന്നതാണ് സിനിമയായി വരുന്നതെന്നും സംവിധായകന്‍ പറഞ്ഞു.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

”നമ്മളെ ഇന്‍സ്‌പെയര്‍ ചെയ്യുമ്പോള്‍, പ്രകോപിപ്പിക്കുമ്പോള്‍, എഴുത്തുകാരന്റെ അക്ഷരങ്ങളിലൂടെയും വരികളിലൂടെയും കഥാ സന്ദര്‍ഭങ്ങളിലൂടെയും നമ്മളെ പ്രകോപിപ്പിക്കുമ്പോഴാണ് നമ്മളതിനോട് പ്രതികരിക്കുന്നത്.

അതങ്ങനെ സംഭവിച്ച് പോകുന്നതാണ്. ഞാനിത് ഇങ്ങനെ ചെയ്യാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി തീരുമാനിച്ച് ഇന്‍ഡന്‍ഷണലി ചെയ്യുന്നതല്ല, അങ്ങനെയല്ല പോകുന്നത്.

അവിടെ ചെന്ന് സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ പോലും നമുക്കതിനെ പറ്റി വലിയ ധാരണയൊന്നും ഉണ്ടാകില്ല. ഈ സീന്‍ ഇങ്ങനെ എടുക്കാം എന്നൊന്നും അപ്പോള്‍ ചിന്തിക്കില്ല.

വായിക്കുമ്പോള്‍ പക്ഷെ നമ്മുടെ ഉള്ളില്‍ എവിടെയെങ്കിലുമൊക്കെ ചില സന്ദര്‍ഭങ്ങളോ പോയിന്റുകളോ സ്പര്‍ശിക്കും. അതവിടെ കിടക്കും. നമ്മളത് ബോധപൂര്‍വം ഉണ്ടാക്കുന്നതല്ല. വായിക്കുമ്പോള്‍ എവിടെയെങ്കിലും നമ്മളെ കൊളുത്തുന്ന ഒന്നുരണ്ട് എലമെന്റ്‌സ് ഉണ്ടായിരിക്കും.

ചിലപ്പോള്‍ ഒരു ഡയലോഗാവാം, ഒരു സംഭവമാകാം. അതൊക്കെ ചില ഷോട്ടുകളായി മനസില്‍ കിടക്കും. പക്ഷെ അതിനൊരു ക്ലാരിറ്റി ഉണ്ടായിരിക്കില്ല, ക്ലാരിറ്റി വരുന്നത് ഓണ്‍ ദ സ്‌പോട്ടില്‍ ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ്,” സിബി മലയില്‍ പറഞ്ഞു.

ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ കൊത്ത് ആണ് സിബി മലയിലിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയ കൊത്തിന്
സമ്മിശ്ര പ്രതികരണമായിരുന്നു തിയേറ്ററുകളില്‍ നിന്നും ലഭിച്ചത്.

Content Highlight: Director Sibi Malayil about the process of making a movie