നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം കൊത്ത് എന്ന ചിത്രവുമായി വീണ്ടും മലയാള സിനിമയില്‍ സജീവമാകുകയാണ് സംവിധായകന്‍ സിബി മലയില്‍. ആസിഫ് അലി, റോഷന്‍ മാത്യു, നിഖില വിമല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
തന്റെ മുന്‍സിനിമകളെ കുറിച്ചും സിനിമയുടെ കഥ കേട്ട് അഭിനയിക്കാന്‍ സമ്മതിച്ചതിന് ശേഷം പിന്മാറിയ താരങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സിബി മലയില്‍.
2004ല്‍ ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത അമൃതം എന്ന ചിത്രത്തെ കുറിച്ചാണ് സിബി മലയില്‍ സംസാരിക്കുന്നത്. ചിത്രത്തില്‍ ഭാവനയുടെ കഥാപാത്രം അവതരിപ്പിക്കേണ്ടിയിരുന്നത് നയന്‍താരയായിരുന്നെന്നും എന്നാല്‍ പൂജയ്ക്ക് വരെ വന്ന നയന്‍താര പിന്നീട് ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും സിബി മലയില്‍ പറഞ്ഞു.
‘നയന്‍താരയെ അമൃതത്തിലേക്ക് കാസ്റ്റ് ചെയ്തത് ഭാവന ചെയ്ത റോളിലേക്കായിരുന്നു. ജയറാമിന്റെ പെയറായിട്ട് പത്മപ്രിയയേയും രണ്ടാമത്തെ ക്യാരക്ടറിന്റെ പെയറായിട്ട് നയന്‍താരയുമായിരുന്നു. ആദ്യം പൃഥ്വിയായിരുന്നു പെയര്‍. പൃഥ്വി-നയന്‍താര എന്ന നിലയിലായിരുന്നു കാസ്റ്റ് ചെയ്തത്. നയന്‍താര അതിന്റെ പൂജയ്‌ക്കൊക്കെ വന്ന് പോയതാണ്. ഷൂട്ടിങ് തുടങ്ങുന്ന ഘട്ടമായപ്പോള്‍ അവര്‍ക്ക് ഒരു തമിഴ് പടം വന്നു. ശരത് കുമാറിന്റെ കൂടെ. അങ്ങനെ ഡേറ്റുമായി ക്ലാഷ് ആകുമെന്ന് പറഞ്ഞ് അവര്‍ അതില്‍ നിന്ന് ഒഴിവാകുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.
പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തെങ്കിലും ചില കാരണങ്ങളാല്‍ മറ്റൊരാളെ തെരഞ്ഞെടുക്കേണ്ടി വന്നുവെന്ന് സിബി മലയില്‍ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടത്. പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു. അത് നിങ്ങള്‍ തീരുമാനിക്ക് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ആ കഥാപാത്രത്തിന് നിങ്ങള്‍ക്ക് എത്ര ബജറ്റാണുള്ളതെന്ന് പറയുക, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിലെത്തിയില്ല.
വേറെ ഒരാളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് അരുണ്‍ എന്ന ആക്ടര്‍ ആ സിനിമയില്‍ ജയറാമിന്റെ അനുജനായി അഭിനയിക്കുന്നത്. പൃഥ്വിരാജുമായി അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയില്ല. ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാക്കിയത്. അങ്ങനെ എന്തോ ആണത്, ഒരു ക്ലാരിറ്റി ഇല്ല. ഇപ്പോഴും ഒരു അകല്‍ച്ചയുണ്ട്. അത് മാറുമോയെന്ന് അറിയില്ല. മാറേണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു,’ സിബി മലയില്‍ പറഞ്ഞു.
Content Highlight: Director Sibi malayil about nayantharas step down on Amrutham Movie