| Tuesday, 20th September 2022, 3:15 pm

ദശരഥത്തില്‍ മോഹന്‍ലാലിന്റെ കൈ വിറയ്ക്കുന്ന ആ സീനായിരുന്നു ഏറ്റവും ഒടുവില്‍ ഷൂട്ട് ചെയ്തത്: ക്യാമറയിലൂടെ കണ്ട് ഞെട്ടിയിട്ടുണ്ട്: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ 1989 ല്‍ സംവിധാനം ചെയ്ത ചിത്രമാണ് ദശരഥം. കൃത്രിമ ഗര്‍ഭധാരണം പ്രമേയമാക്കിയ ചിത്രത്തില്‍ രാജീവ് മേനോന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതാണ്.

സിനിമയുടെ ക്ലൈമാക്‌സ് രംഗത്തിലെ മോഹന്‍ലാലിന്റെ പ്രകടനവും കൈവിരലുകള്‍ പോലും അഭിനയിക്കുന്ന ലാലിന്റെ അഭിനയ പാഠവവും അന്നും ഇന്നും ചര്‍ച്ചയാണ്.

ക്ലൈമാക്‌സ് രംഗത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നത് കണ്ട് താന്‍ ഞെട്ടിയിരുന്നുവെന്നാണ് സംവിധായകന്‍ സിബി മലയില്‍ പറയുന്നത്.

‘അന്ന് മോഹന്‍ലാലിന്റെ കൈ വിറയ്ക്കുന്ന സീന്‍ ക്യാമറയില്‍ കണ്ട് ഞാന്‍ ഞെട്ടിയിരുന്നു. ലാല്‍ എപ്പോഴും ഞെട്ടിക്കുന്ന നടനാണ്. സിനിമയുടെ അവസാന ദിവസമാണ് അത് ഷൂട്ട് ചെയ്തത്, ആ സീനോടു കൂടി സിനിമയുടെ ഷൂട്ടിങ്ങും അവസാനിച്ചിരുന്നു,’ സിബി മലയില്‍ പറഞ്ഞു.

ദശരഥം എന്ന് പേരിട്ടത് ലോഹിയാണെന്നും ആ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന പേര് തന്നെയാണ് അതെന്നും അഭിമുഖത്തില്‍ സിബി മലയില്‍ പറയുന്നുണ്ട്. പുരാണവുമായി ബന്ധപ്പെട്ടുള്ള കഥകള്‍ അറിയാവുന്നവര്‍ക്ക് മനസിലാകും. അല്ലാതെ സാധാരണക്കാരുമായി എത്രമാത്രം കണക്ട് ആകുന്ന പേരാണ് ദശരഥം എന്ന സംശയം പ്രൊഡ്യൂസേഴ്സിന് ഉണ്ടായിരുന്നു. എന്നാലും അത് തന്നെ തീരുമാനിക്കപ്പെട്ടു,’ സിബി മലയില്‍ പറഞ്ഞു.

സാഗ ഫിലിംസിന് വേണ്ടി സംവിധായകന്‍ ജോഷിക്ക് ലഭിച്ച അവസരമാണ് ദശരഥത്തിലൂടെ തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘ദശരഥം എന്ന പ്രൊജക്ട് സാഗാ ഫിലിംസിന്റേതാണ്. അടുത്ത ഫിലിം സാഗ ഫിലിംസിന് വേണ്ടി ചെയ്യാന്‍ പറ്റുമോ എന്ന് മോഹന്‍ലാല്‍ തന്നെയാണ് എന്നോട് ചോദിച്ചത്. അടുത്ത പ്രൊജക്ട് ജോഷി സാറിനൊപ്പമല്ലേയെന്ന് ചോദിച്ചപ്പോള്‍ ജോഷി സാറും അവരും തമ്മില്‍ ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും നിങ്ങള്‍ ആണെങ്കില്‍ അവര്‍ക്ക് ഓക്കെ ആണെന്നുമായിരുന്നു ലാല്‍ പറഞ്ഞത്.

പക്ഷേ എനിക്ക് ജോഷി സാറിനോട് വിളിച്ച് ചോദിക്കണമായിരുന്നു. കാരണം ജോഷി സാര്‍ ചെയ്യേണ്ട ഒരു പ്രൊജക്ട് ആണ് ഞാന്‍ ചെയ്യേണ്ടി വരുക. ഞാന്‍ വിളിച്ചപ്പോള്‍ നീ ചെയ്‌തോ എന്നാണ് ജോഷി സാര്‍ പറഞ്ഞത്. എന്നോട് വിളിച്ചത് ചോദിച്ചത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പിറ്റേ ദിവസം തന്നെ ഞാന്‍ ലാലിനെ വിളിച്ച് ഈ കാര്യം പറഞ്ഞു. അങ്ങനെയാണ് ദശരഥം ഉണ്ടാകുന്നത്,’സിബി മലയില്‍ പറഞ്ഞു.

ഇക്കാലത്ത് സിനിമ ഏറെ പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും, റിലീസ് ചെയ്ത സമയത്ത് ദശരഥത്തിന് വലിയ വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല.

കൃത്രിമ ഗര്‍ഭധാരണത്തെ കുറിച്ച് ആളുകള്‍ക്ക് വലിയ ധാരണയില്ലാതിരുന്നതാണ് സിനിമയുടെ സ്വീകാര്യതയെ ബാധിച്ചതെന്ന് സിബി മലയില്‍ മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് സിനിമയിലെ ഇമോഷന്‍സ് ആളുകള്‍ക്ക് പിടികിട്ടാതിരുന്നതെന്ന് തനിക്കിനിയും മനസിലാക്കാനായിട്ടില്ലെന്നും അമ്മയും മകനും, അച്ഛനും മകനും എന്നിങ്ങനെയുള്ള യൂണിവേഴ്‌സലായ, മനുഷ്യന്റെ അടിസ്ഥാനപരമായ വികാരങ്ങളെയായിരുന്നു സിനിമ പോര്‍ട്രെ ചെയ്തതെന്നും സിബി മലയില്‍ വ്യക്തമാക്കിയിരുന്നു.

Content Highlight: Director Sibi malayil about Mohanlal Performance on Dasharadham movie

We use cookies to give you the best possible experience. Learn more