| Monday, 16th October 2023, 7:23 pm

'ആറാം തമ്പുരാനിലെ ജഗന്നാഥനായിരുന്നെങ്കില്‍ വലിയ വിജയമായേനെ': സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

‘മായാമയൂരം’ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെയാക്കി മാറ്റിയിരുന്നെങ്കില്‍ ആ സിനിമ അല്‍പ്പം കൂടെ വലിയ വിജയമായി മാറുമായിരുന്നെന്ന് സിബി മലയില്‍. സിനിമയില്‍ രണ്ട് മോഹന്‍ലാല്‍ ഉള്ളകാര്യം സിനിമ പുറത്തിറങ്ങുന്നത് വരെ മറച്ചുവെക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ലെന്നും സിബി മലയില്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സിനിമയില്‍ രണ്ട് മോഹന്‍ലാല്‍ ഉണ്ടെന്ന കാര്യം മറച്ചുവെക്കുകയല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അങ്ങനെയല്ലാതെ ആ സിനിമക്ക് ഒരു പബ്ലിസിറ്റി കൊടുക്കാന്‍ പറ്റില്ലായിരുന്നു. രണ്ട് മോഹന്‍ലാല്‍ ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ ആദ്യമായി ഈ സിനിമ കാണുന്ന പ്രേക്ഷകന് ഇനിയെന്തെന്നുള്ള ആകാംക്ഷ നഷ്ടമാകും. അത് നിലനിര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.

ഏതായാലും ആ സിനിമ നമ്മള്‍ വിചാരിച്ചത് പോലെ ഒരു വലിയ വിജയമായി മാറി. എന്നാല്‍ സിനിമ ടീ.വിയിലൊക്കെ വന്ന ശേഷമാണ് ആ സിനിമയെ ആളുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കുകയും ഇഷ്ടപെടുകയും അതിനെ പറ്റി അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത്.

ചിത്രത്തിന്റെ രണ്ടാം പകുതിയില്‍, കഥയില്‍ പറയുന്നത് പട്ടാമ്പിയെന്ന സ്ഥലത്തെ കുറിച്ചാണ്. അവിടേക്ക് രേവതിയുടെ കഥാപാത്രത്തെ ഒരിക്കല്‍ കൊണ്ടു പോകുമെന്ന് മരിച്ചു പോയ മോഹന്‍ലാല്‍ കഥാപാത്രം മുമ്പ് പറയുന്നുണ്ട്. അപ്പോള്‍ ആ കഥാപാത്രം മരിച്ചു കഴിഞ്ഞപ്പോള്‍ രേവതിയുടെ കഥാപാത്രം വലിയ ഡിപ്രഷനിലായി ആശുപത്രിയില്‍ ആവുകയും ചെയ്യുന്നുണ്ട്.

ആ അവസ്ഥയില്‍ അവളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുന്നു. പട്ടാമ്പിയിലെ വീട്ടിലെത്തുമ്പോള്‍ പ്രതീക്ഷിക്കാതെ ആ ഇരട്ടസഹോദരനെ കാണുന്നു. അയാളെ കാണുമ്പോള്‍ തന്റെ കാമുകന്‍ തന്നെയാണെന്ന് അവള്‍ തെറ്റിദ്ധരിക്കുന്നുണ്ട്.

അതേസമയത്ത് തന്നെ അവിടെ ശോഭനയുടെ കഥാപാത്രവുമുണ്ട്. ആ മോഹന്‍ലാലും ശോഭനയുമായുള്ള പ്രണയവും സിനിമയില്‍ പറയുന്നത് കാണാം. രണ്ടാമത്തെ മോഹന്‍ലാലും ശോഭനയും തമ്മിലുള്ള ബന്ധത്തിന്റെ ഇടയില്‍ രേവതിയുടെ കഥാപാത്രമെത്തുമ്പോള്‍ അതിന്റെ ചില പ്രശ്‌നങ്ങളും പറയുന്നുണ്ട്. ശോഭന ഒരു ഘട്ടത്തില്‍ ആത്മഹത്യ ശ്രമത്തിലേക്ക് പോലും എത്തുന്നുണ്ട്.

ഒടുവില്‍ രേവതി സ്വയം തിരിച്ചറിയുന്നു. അവസാനം അവളുടെ മരിച്ചു പോയ ആ മോഹന്‍ലാല്‍ കഥാപാത്രം അവളെ വന്ന് കൊണ്ടു പോകുന്നയിടത്താണ് ആ സിനിമ അവസാനിക്കുന്നത്. ഈ സിനിമയുടെ കരുത്ത് അതിലെ ആളുകളുടെ അഭിനയം തന്നെയായിരുന്നു.

ഞാന്‍ പലപ്പോഴും രഞ്ജിത്തിനോട് പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് രണ്ടാം പകുതിയിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ ഒരുപക്ഷെ ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെയാക്കി മാറ്റിയിരുന്നെങ്കില്‍, അതായത് ഗ്രാമീണനായ എന്നാല്‍ തന്റേടിയും കൂടെയായ ഒരു നായകനായിരുന്നെങ്കില്‍ നന്നായേനെ.

അല്‍പം മാടമ്പിയായ അല്ലെങ്കില്‍ അടിയും പിടിയുമൊക്കെയായി നടക്കുന്ന കഥാപാത്രമായിരുന്നെങ്കില്‍ ആ കഥ ഒന്നുകൂടെ വ്യത്യസ്തമായേനെ. ആ സിനിമ അല്‍പം കൂടെ വലിയ വിജയമായി മാറുമായിരുന്നു. ആ ഒരു ചിന്തയാണ് എനിക്കുള്ളത്,’ സിബി മലയില്‍ പറയുന്നു.

Content Highlight: Director Sibi Malayil About Mohanlal Charactor In Mayamayooram Movie

We use cookies to give you the best possible experience. Learn more