‘മായാമയൂരം’ സിനിമയിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ ആറാം തമ്പുരാനിലെ ജഗന്നാഥനെ പോലെയാക്കി മാറ്റിയിരുന്നെങ്കില്‍ ആ സിനിമ അല്‍പ്പം കൂടെ വലിയ വിജയമായി മാറുമായിരുന്നെന്ന് സിബി മലയില്‍. സിനിമയില്‍ രണ്ട് മോഹന്‍ലാല്‍ ഉള്ളകാര്യം സിനിമ പുറത്തിറങ്ങുന്നത് വരെ മറച്ചുവെക്കുകയല്ലാതെ തങ്ങള്‍ക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ലെന്നും സിബി മലയില്‍ പറയുന്നു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സിനിമയില്‍ രണ്ട് മോഹന്‍ലാല്‍ ഉണ്ടെന്ന കാര്യം മറച്ചുവെക്കുകയല്ലാതെ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. അങ്ങനെയല്ലാതെ ആ സിനിമക്ക് ഒരു പബ്ലിസിറ്റി കൊടുക്കാന്‍ പറ്റില്ലായിരുന്നു. രണ്ട് മോഹന്‍ലാല്‍ ഉണ്ടെന്നറിഞ്ഞാല്‍ പിന്നെ ആദ്യമായി ഈ സിനിമ കാണുന്ന പ്രേക്ഷകന് ഇനിയെന്തെന്നുള്ള ആകാംക്ഷ നഷ്ടമാകും. അത് നിലനിര്‍ത്താനായിരുന്നു അങ്ങനെ ചെയ്തത്.
ഏതായാലും ആ സിനിമ നമ്മള്‍ വിചാരിച്ചത് പോലെ ഒരു വലിയ വിജയമായി മാറി. എന്നാല്‍ സിനിമ ടീ.വിയിലൊക്കെ വന്ന ശേഷമാണ് ആ സിനിമയെ ആളുകള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കുകയും ഇഷ്ടപെടുകയും അതിനെ പറ്റി അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നത്.
ചിത്രത്തിന്റെ രണ്ടാം പകുതിയില്‍, കഥയില്‍ പറയുന്നത് പട്ടാമ്പിയെന്ന സ്ഥലത്തെ കുറിച്ചാണ്. അവിടേക്ക് രേവതിയുടെ കഥാപാത്രത്തെ ഒരിക്കല്‍ കൊണ്ടു പോകുമെന്ന് മരിച്ചു പോയ മോഹന്‍ലാല്‍ കഥാപാത്രം മുമ്പ് പറയുന്നുണ്ട്. അപ്പോള്‍ ആ കഥാപാത്രം മരിച്ചു കഴിഞ്ഞപ്പോള്‍ രേവതിയുടെ കഥാപാത്രം വലിയ ഡിപ്രഷനിലായി ആശുപത്രിയില്‍ ആവുകയും ചെയ്യുന്നുണ്ട്.
ആ അവസ്ഥയില്‍ അവളെ നാട്ടിലേക്ക് കൊണ്ടുവരാന്‍ തീരുമാനിക്കുന്നു. പട്ടാമ്പിയിലെ വീട്ടിലെത്തുമ്പോള്‍ പ്രതീക്ഷിക്കാതെ ആ ഇരട്ടസഹോദരനെ കാണുന്നു. അയാളെ കാണുമ്പോള്‍ തന്റെ കാമുകന്‍ തന്നെയാണെന്ന് അവള്‍ തെറ്റിദ്ധരിക്കുന്നുണ്ട്.