മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും നായകരാക്കി ഒട്ടനവധി സിനിമകള്‍ ചെയ്ത സംവിധായകനാണ് സിബി മലയില്‍. മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കുന്നതിലെ പ്രകടമായ വ്യത്യാസങ്ങളെക്കുറിച്ച് പറയുകയാണ് സിബി മലയില്‍.
വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി ചെയ്ത കഥാപാത്രത്തെ മോഹന്‍ലാല്‍ ചെയ്താല്‍ അതുപോലെയായിരിക്കില്ലെന്നും മമ്മൂട്ടി ചെയ്തത് കാണുമ്പോള്‍ പൂര്‍ണ സംതൃപ്തിയുണ്ടാക്കുന്നതാണെന്നും സിബി മലയില്‍ പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”മമ്മൂട്ടി കുറച്ചു കൂടെ സ്റ്റൈലിഷ് ആക്ടറാണ്. ലാല്‍ കുറച്ചു കൂടെ ഇന്‍ബോണ്‍ ആക്ടറാണ്. വടക്കന്‍ വീരഗാഥയില്‍ ആ കഥാപാത്രത്തെ മമ്മൂട്ടി പ്രസന്റ് ചെയ്‌തൊരു ഗാംഭീര്യമുണ്ട്. കഥപാത്രത്തെ പൂര്‍ണമായും ഹോള്‍ഡ് ചെയ്താണ് അത് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ പെര്‍ഫോമന്‍സ് പൂര്‍ണമായും സംതൃപ്തി തന്നതാണ്.
മമ്മൂട്ടി ചെയ്തത് പോലെ ആയിരിക്കില്ല ലാല്‍ ചെയ്യുക. ലാല്‍ അത്തരത്തിലുള്ള പെര്‍ഫോമന്‍സ് ചെയ്തിട്ട് നമ്മള്‍ കണ്ടിട്ടില്ല. ലാല്‍ ഭയങ്കര കാഷ്വലായിട്ടാണ് അഭിനയിക്കുക. അദ്ദേഹം ചെയ്യുമ്പോള്‍ കഥാപാത്രത്തിനായി സ്‌ട്രെയ്ന്‍ ചെയ്യുന്നുണ്ടെന്നത് നമുക്ക് മനസിലാവില്ല.
ദശരഥത്തിന്റെ അവസാന സീനില്‍ അദ്ദേഹം കൈ വിറക്കുന്നതിനെക്കുറിച്ചൊക്കെ ഇപ്പോള്‍ എല്ലാവരും പറയുന്നുണ്ട്. അത് ബോധപൂര്‍വ്വം കൈ വിറപ്പിച്ചതല്ല. അത്തരമൊരു സിറ്റുവേഷനില്‍ കഥാപാത്രത്തെ ഉള്ളിലേക്ക് എടുക്കുമ്പോള്‍ സംഭവിക്കുന്നതാണ്,” സിബി മലയില്‍ പറഞ്ഞു.
കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, കമലദളം, ചെങ്കോല്‍ തുടങ്ങിയവ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമകളാണ്. രാരീരം, തനിയാവര്‍ത്തനം, വിചാരണ, ആഗസ്റ്റ് 1, മുദ്ര, പമ്പര എന്നിങ്ങനെയാണ് സിബി മലയില്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രങ്ങള്‍.
ആസിഫ് അലി നായകനായ കൊത്താണ് സിബി മലയില്‍ സംവിധാനം ചെയ്ത അവസാന ചിത്രം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു ചിത്രം ഒരുക്കിയത്. റോഷന്‍, നിഖില വിമല്‍, രഞ്ജിത്ത് തുടങ്ങിയവരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍.
content highlight: director sibi malayil about mohanlal and mammootty