| Saturday, 10th December 2022, 8:21 pm

മോഹന്‍ലാല്‍ ഒരു ട്രെയിന്‍ഡ് ആക്ടര്‍ ഒന്നുമല്ല, അതുകൊണ്ട് തയ്യാറെടുപ്പ് നടത്തി അഭിനയിക്കാന്‍ അദ്ദേഹത്തിന് പറ്റില്ല: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിനയിക്കാനായി വരുമ്പോള്‍ ഷോട്ടുകള്‍ക്ക് മുമ്പ് സീനിന് വേണ്ട തയ്യാറെടുപ്പുകള്‍ മോഹന്‍ലാല്‍ നടത്താറില്ലെന്ന് സിബി മലയില്‍. സീന്‍ എടുക്കുന്നതിന് തൊട്ട് മുമ്പ് വരെ വളരെ പ്ലെസന്റ് മൂഡിലായിരിക്കുമെന്നും ഡബ്ബിങ്ങിന് വരുമ്പോള്‍ പോലും ചെയ്യുന്നതിന്റെ തൊട്ട് മുമ്പ് വരെ വളരെ ഹിലാരിയസായി തമാശ പറഞ്ഞാണ് മോഹന്‍ലാല്‍ ഉണ്ടാവുകയെന്നും സിബി മലയില്‍ പറഞ്ഞു. പോപ്പര്‍ സ്‌റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”ലാല്‍ ഒരു ട്രെയിന്‍ഡ് ആക്ടര്‍ ഒന്നുമല്ല. അതുകൊണ്ട് തയ്യാറെടുപ്പ് നടത്തി അഭിനയിക്കാന്‍ ലാലിന് പറ്റില്ല. ലാല്‍ മൊമന്ററിയായിട്ട് ഒന്നിനോട് റിയാക്ട് ചെയ്യുന്നതാണ് ഞാന്‍ കണ്ടിട്ടുളളത്. വലിയ പ്രിപ്പറേഷനൊന്നും ഒരു ഷോട്ടിന് മുമ്പ് നടത്തുന്നത് ഞാന്‍ കണ്ടിട്ടില്ല.

ഷോട്ടിന് മുമ്പും ഷോട്ടിന് ശേഷവും വളരെ സാധാരണക്കാരനായ വ്യക്തിയാണ് ലാല്‍. ഭയങ്കര ഇമോഷണല്‍ ആയിട്ടുളള സീന്‍ എടുക്കുന്നതിന് മുമ്പ് അതില്‍ നിന്നും മാറിയ പ്ലെസന്റ് മൂഡിലായിരിക്കും ലാല്‍ ഉണ്ടാവുക. അദ്ദേഹം എപ്പോഴും വൈബ്രന്റ് മൂഡിലായിരിക്കും.

കഥാപാത്രത്തിന്റ ഭാരം ഉള്ളില്‍ കൊണ്ട് നടന്ന് അദ്ദേഹത്തിന്റെ മൂഡ് നഷ്ടപ്പെടുത്താറില്ല. ഡബ്ബിങ്ങിന് വരുമ്പോഴും അങ്ങനെയാണ്. വരുന്ന സമയത്ത് പോലും അവിടെ നിന്ന് എല്ലാവരോടും ഭയങ്കര തമാശ പറഞ്ഞ് ഹിലാരിയസായിട്ടാണ് ഉണ്ടാവുക.

ചെയ്യേണ്ട സമയത്ത് പെട്ടെന്ന് സ്വിച്ച് ഓണ്‍ ചെയ്ത് അതിലേക്ക് പോവുകയും ചെയ്യുന്നത് കാണാം. അങ്ങനെ പ്രിപ്പയര്‍ ചെയ്ത് ചെയ്യുന്നവരുണ്ട്. ലാല്‍ അതുപോലെയല്ല,” സിബി മലയില്‍ പറഞ്ഞു.

കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സദയം, കമലദളം, ചെങ്കോല്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ സംവിധാനം ചെയ്ത സിനിമകളാണ്.

ആസിഫ് അലി നായകനായ കൊത്താണ് സിബി മലയില്‍ സംവിധാനം ചെയ്ത അവസാന ചിത്രം. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിലായിരുന്നു ചിത്രം ഒരുക്കിയത്. റോഷന്‍, നിഖില വിമല്‍, രഞ്ജിത്ത് തുടങ്ങിയവാരായിരുന്നു മറ്റ് പ്രധാന അഭിനേതാക്കള്‍.

CONTENT HIGHLIGHT: director sibi malayil about mohanlal

We use cookies to give you the best possible experience. Learn more