നിർമാതാവിന്റെ പ്രഷറിൽ താത്പര്യമില്ലാതെ ചെയ്ത ആ മമ്മൂട്ടി ചിത്രം പരാജയമായി: സിബി മലയിൽ
Entertainment
നിർമാതാവിന്റെ പ്രഷറിൽ താത്പര്യമില്ലാതെ ചെയ്ത ആ മമ്മൂട്ടി ചിത്രം പരാജയമായി: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 17th October 2024, 10:18 pm

മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച സംവിധായകനാണ് സിബി മലയിൽ. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവർക്ക് മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച സംവിധായകൻ കൂടിയാണ് സിബി മലയിൽ. അദ്ദേഹത്തിന്റെ ദേവദൂതൻ എന്ന ചിത്രം ഈയിടെ വീണ്ടും റീ റിലീസ് ചെയ്യുകയും വലിയ വിജയമായി മാറുകയും ചെയ്തിരുന്നു.

മമ്മൂട്ടി – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന മികച്ച ചിത്രമായിരുന്നു തനിയാവർത്തനം. അതിന് ശേഷം സിബി മലയിലും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രങ്ങളായിരുന്നു ഓഗസ്റ്റ് ഒന്നും പരമ്പരയും. രണ്ടിന്റെയും തിരക്കഥ ഒരുക്കിയത് എസ്. എൻ. സ്വാമിയായിരുന്നു. എന്നാൽ ഓഗസ്റ്റ് ഒന്ന് വലിയ വിജയമായപ്പോൾ പരമ്പര പ്രതീക്ഷിച്ച വിജയം നേടിയില്ല.

പരമ്പരയെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. ഒട്ടും താത്പര്യമില്ലാതെ ചെയ്ത ചിത്രമാണ് പരമ്പരയെന്നും നിർമാതാവ് വലിയ സമ്മർദം തന്നിട്ടാണ് ആ ചിത്രം ചെയ്തതെന്നും സിബി പറയുന്നു. ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോൾ ചെയ്തതും ഒരു വലിയ ഭാരമായെന്നും സിബി പറഞ്ഞു. റെഡ്.എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

‘പരമ്പര എന്ന സിനിമ ഞാന്‍ ഒട്ടും താത്പര്യത്തില്‍ ചെയ്തതായിരുന്നില്ല. അന്ന് പ്രൊഡ്യൂസര്‍ വലിയ രീതിയില്‍ പ്രഷറ് ചെയ്യുകയായിരുന്നു. അദ്ദേഹം സ്വാമിയിലും എന്നിലുമുള്ള വിശ്വാസത്തിന് പുറത്താണ് ആ സിനിമ ചെയ്യാന്‍ പറഞ്ഞത്.

ഓഗസ്റ്റ് ഒന്നിന്റെ സക്‌സസ് വെച്ചിട്ടാണ് ആ കോമ്പിനേഷന്‍ വര്‍ക്കാകുമെന്ന് അദ്ദേഹം പറയുന്നത്. പക്ഷെ ആ കഥയുടെ ആദ്യം തൊട്ടേ ഈ പരിപാടി വേണ്ടെന്ന് ഞാന്‍ പറഞ്ഞതാണ്. അതില്‍ മമ്മൂട്ടി ഡബിള്‍ റോള്‍ ചെയ്തതോടെ വലിയ ഭാരമാകുകയായിരുന്നു,’ സിബി മലയില്‍ പറഞ്ഞു.

Content Highlight: Director Sibi Malayil About Mammooty’s Parambara Movie