| Wednesday, 14th September 2022, 12:39 pm

മോഹന്‍ലാല്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ അഭിനയിച്ചതാണ് ആ സിനിമയെ ആളുകള്‍ റിജക്ട് ചെയ്യാന്‍ കാരണം: സിബി മലയില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞതിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും സ്വീകാര്യത നേടുകയും ചെയ്യുന്ന ചില ചിത്രങ്ങളുണ്ട്. അക്കൂട്ടത്തിലൊന്നാണ് 2000ത്തിലിറങ്ങിയ ദേവദൂതന്‍. അന്ന് തിയേറ്ററുകളില്‍ വിജയമാകാതിരുന്ന ആ ചിത്രത്തിന് ഇന്ന് പുതിയ തലമുറയില്‍ പോലും ആരാധകരേറെയാണ്.

സിനിമയുടെ കഥയും കഥ പറച്ചില്‍ രീതിയും സംഗീതവും ക്യാമറയും കഥാപാത്രസൃഷ്ടിയുമെല്ലാം ഇന്ന് പ്രശംസിക്കപ്പെടുന്നുണ്ട്. വിദ്യാസാഗര്‍ സംഗീതം നല്‍കിയ ഓരോ പാട്ടും മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട പ്രണയഗാനങ്ങളായി തുടരുന്നു.

ഇപ്പോള്‍ ആ സിനിമ താന്‍ ആഗ്രഹിച്ചതു പോലെ മേക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് തുറന്നുപറയുകയാണ് സംവിധായകന്‍ സിബി മലയില്‍. ഇന്ന് സിനിമക്ക് മലയാളികള്‍ക്കിടയില്‍ സ്വീകാര്യതയും അംഗീകാരവും നേടാന്‍ കഴിഞ്ഞെങ്കില്‍ പോലും താന്‍ ആഗ്രഹിച്ച രീതിയില്‍ എടുക്കാന്‍ കഴിഞ്ഞില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് സിബി മലയില്‍ പറയുന്നു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതന്റെ കാര്യത്തില്‍ ഞാന്‍ ഉദ്ദേശിച്ച സിനിമ എടുക്കാന്‍ കഴിഞ്ഞില്ല എന്നുള്ളത് വലിയ നിരാശ തന്നെയാണ്. മോഹന്‍ലാലിനെയൊന്നും ഞാന്‍ ആ സിനിമക്ക് വേണ്ടി ഉദ്ദേശിച്ചിട്ടേ ഇല്ലായിരുന്നു. ഒരു യങ് കോളേജ് ഹീറോയായിരുന്നു എന്റെ മനസില്‍.

ക്യാമ്പസില്‍ അപ്പോള്‍ നടക്കുന്ന ലവ് സ്റ്റോറിയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ലവ് സ്‌റ്റോറിയും – അങ്ങനെ പാരലല്‍ ലവ് സ്‌റ്റോറികള്‍ നടക്കുന്നു എന്ന നിലയിലായിരുന്നു പ്ലാന്‍ ചെയ്തത്. മരിച്ചുപോയ നിഖില്‍ മഹേശ്വര്‍ തന്നെ കാത്തിരിക്കുന്ന കാമുകിക്ക് ഇന്നത്തെ കാലത്തെ പ്രണയജോഡികളിലൂടെ ഒരു മെസേജ് കമ്യൂണിക്കേറ്റ് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. അതൊരു നല്ല ഫോര്‍മാറ്റായിരുന്നു. അതുകൊണ്ടുവരാന്‍ പറ്റിയില്ല. മോഹന്‍ലാല്‍ വന്നപ്പോഴേക്കും മൊത്തം ഫോര്‍മാറ്റ് മാറ്റേണ്ടി വന്നു.

1983ല്‍ ആദ്യ സിനിമ ചെയ്യുന്ന സമയത്ത് മനസിലുണ്ടായിരുന്ന കഥയില്‍ കേന്ദ്ര കഥാപാത്രം ഏഴ് വയസുള്ള കുട്ടിയായിരുന്നു. ആ കുട്ടിയുടെ സ്വപ്നത്തിലൂടെയായിരുന്നു കമ്യൂണിക്കേറ്റ് ചെയ്തിരുന്നത്. പിന്നീട് 17 വര്‍ഷങ്ങള്‍ക്ക് ശേഷം ആലോചിച്ചപ്പോഴാണ് ഇതൊരു ക്യാമ്പസ് ലവ് സ്റ്റോറിയായി മാറിയത്.

പ്രണയം അറിയാവുന്നവര്‍ക്കേ വിരഹത്തിന്റെ വേദനയും മനസിലാകൂ. സുഹൃത്തുക്കളായിരുന്ന രണ്ട് പേര്‍ക്കുള്ളില്‍ നിഖില്‍ മഹേശ്വറിന്റെ ആത്മാവ് അവര്‍ പോലുമറിയാതെ പ്രണയം ജനിപ്പിക്കുകയാണ്. അവരുടെ പ്രണയത്തിന്റെ തീക്ഷ്ണതയിലൂടെ തന്റെ കാമുകിയുമായി സംസാരിക്കാനാകും എന്ന് നിഖില്‍ മഹേശ്വര്‍ വിശ്വസിക്കുന്നു എന്നതായിരുന്നു ദേവദൂതന്റെ ബേസിക് ആശയം. അത് പിന്നീട് മാറി. ഞാന്‍ ഈ പറഞ്ഞ ആശയം വെച്ചുകൊണ്ട് മലയാളം ഒഴിച്ചുള്ള ഭാഷകളില്‍ ഇനിയും സിനിമക്ക് സാധ്യതയുണ്ട്.

ആളുകള്‍ സിനിമയെ പറ്റി ഇപ്പോള്‍ നല്ലത് പറയുമ്പോഴും എനിക്കൊരും സംതൃപ്തി തോന്നുന്നില്ല. കാരണം, ഇതല്ലായിരുന്നു ഞാന്‍ അവര്‍ക്ക് നല്‍കാനായി ആഗ്രഹിച്ചത്.

മോഹന്‍ലാല്‍ എന്ന സ്റ്റാര്‍ ആക്ടര്‍ വന്നത് തന്നെയാണ് അന്ന് ആ സിനിമ ആളുകള്‍ റിജക്ട് ചെയ്യാന്‍ കാരണം. മോഹന്‍ലാല്‍ അന്ന് സൂപ്പര്‍ ഹ്യൂമന്‍ വേഷങ്ങള്‍ ചെയ്തു നില്‍ക്കുകയാണ്. അങ്ങനെ ഒരു വലിയ സ്റ്റാര്‍ വളരെ സിമ്പിള്‍ ആന്റ് സോഫിസ്റ്റിക്കേറ്റഡായ മ്യൂസിഷ്യനായി എത്തിയത് ആളുകള്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ദേവദൂതന്‍ എന്ന പേര് കേട്ട് മോഹന്‍ലാലിന്റെ അടുത്ത സൂപ്പര്‍ ഹ്യൂമന്‍ റോളും ആക്ഷനുമെല്ലാം പ്രതീക്ഷിച്ചാണ് ആളുകളെത്തിയത്. അത് അവര്‍ക്ക് തിയേറ്ററില്‍ നിന്നും കിട്ടിയില്ല,’ സിബി മലയില്‍ പറയുന്നു.

Content Highlight: Director Sibi Malayil about Devadhoothan movie and Mohanlal

We use cookies to give you the best possible experience. Learn more