താന്‍ ഫോണ്‍ വിളിച്ചാല്‍ പല നടന്മാരും എടുക്കാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. ഒരാളുടെ മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിക്കുക എന്നത് സാമാന്യ മര്യാദയാണെന്നും സിബി മലയില്‍ പറഞ്ഞു.
തിരക്കിലാണെങ്കില്‍ എടുക്കാതിരിക്കാം പക്ഷെ തിരക്ക് കഴിഞ്ഞാല്‍ പരിചയമുള്ള ആളാണെന്ന് കണ്ടാല്‍ തിരിച്ചു വിളിക്കാമല്ലോയെന്നും അദ്ദേഹം ചോദിച്ചു. ആദ്യം തന്നെ വിളിക്കുന്നത് തന്റെ ഡേറ്റ് വാങ്ങിക്കാനാണെന്ന് ചിന്തിച്ചിട്ടാണ് പലരും ഫോണ്‍ എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് അത്തരത്തിലുള്ളവരെ വിളിക്കാന്‍ തന്നെ തനിക്ക് മടുപ്പായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സിബി മലയില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ എടുക്കാറില്ല. ഒരാളുടെ മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ച് വിളിക്കുക എന്നത് സാമാന്യ മര്യാദയല്ലെ. അവര്‍ തിരക്കിലാണെങ്കില്‍ എടുക്കില്ലായിരിക്കും. പക്ഷെ തിരക്ക് കഴിഞ്ഞ് മിസ്ഡ് കോള്‍ കാണുമ്പോള്‍ അവര്‍ക്ക് ഒന്ന് തിരിച്ച് വിളിക്കാമല്ലോ.
ഒരു വഴി പോക്കന്‍ അല്ലാലോ വിളിക്കുന്നത്. ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന അവര്‍ക്ക് അറിയാവുന്ന ആള്‍ അല്ലെ വിളിക്കുന്നത്. എന്തായിരിക്കും എന്നെ വിളിച്ചത് എന്നൊന്ന് ചിന്തിക്കേണ്ടെ.
ആദ്യം തന്നെ എന്റെ ഡേറ്റ് വാങ്ങിക്കാനാണ് വിളിച്ചത് എന്ന് ചിന്തിച്ച് തിരിച്ച് വിളിക്കാതിരിക്കുന്നതിനോട് നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലാലോ. എന്നാലും ഒരു സാമാന്യ മര്യാദയുണ്ട്.
ഞാന്‍ എന്നെ വിളിക്കുന്ന പരിചയമുള്ള എല്ലാ നമ്പറിനെയും തിരിച്ച് വിളിക്കും. ചിലത് ട്രൂ കോളറില്‍ പേര് കണ്ടാലും ഞാന്‍ വിളിക്കാറുണ്ട്. എന്നാല്‍ എന്റെ നമ്പര്‍ പരിചയമുള്ള അല്ലെങ്കില്‍ എന്നെ മുമ്പ് വിളിച്ചവര്‍ പോലും തിരിച്ച് വിളിക്കില്ല. പിന്നീട് അവരെ വിളിക്കാന്‍ നമുക്കും മടുപ്പാകും,” സിബി മലയില്‍ പറഞ്ഞു.
content highlight: director sibi malayil about actors