ജയറാമിന്റെ അനിയനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തിരുന്നു, ഞാന്‍ ഒഴിവാക്കിയെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നത്: സിബി മലയില്‍
Film News
ജയറാമിന്റെ അനിയനായി പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തിരുന്നു, ഞാന്‍ ഒഴിവാക്കിയെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നത്: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 16th September 2022, 8:27 am

പൃഥ്വിരാജിന് തന്നോടുള്ള അകല്‍ച്ചക്ക് പിന്നിലുള്ള കാരണങ്ങള്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍ സിബി മലയില്‍. ജയറാം നായകനായ സിനിമയില്‍ പൃഥ്വിരാജിനെ കാസ്റ്റ് ചെയ്‌തെങ്കിലും ചില കാരണങ്ങളാല്‍ മറ്റൊരാളെ തെരഞ്ഞെടുക്കേണ്ടി വന്നുവെന്ന് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞു.

‘അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനിയനായി കാസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ പോയി കണ്ട് സംസാരിക്കുകയും കാര്യങ്ങളൊക്കെ തീരുമാനിക്കുകയും ചെയ്തു. ഞാന്‍ പൃഥ്വിരാജിനെ നേരിട്ട് പോയി കണ്ടില്ലായിരുന്നു. പ്രൊഡ്യൂസറും റൈറ്ററും ഒക്കെയാണ് കണ്ടത്. പിന്നീട് ഒരു ഘട്ടത്തില്‍ അദ്ദേഹം ചോദിക്കുന്ന എമൗണ്ട് ഇച്ചിരി കൂടുതലാണെന്ന് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു. അത് നിങ്ങള്‍ തീരുമാനിക്ക് എനിക്ക് ഇതില്‍ ഇടപെടാന്‍ പറ്റില്ല, ആ കഥാപാത്രത്തിന് നിങ്ങള്‍ക്ക് എത്ര ബജറ്റാണുള്ളതെന്ന് പറയുക, അല്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്ന് ഞാന്‍ പറഞ്ഞു. അവര്‍ പൃഥ്വിരാജിനോട് പിന്നീട് സംസാരിച്ചിട്ട് അത് ഒരു തീരുമാനത്തിലെത്തിയില്ല.

വേറെ ഒരാളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെയാണ് അരുണ്‍ എന്ന ആക്ടര്‍ ആ സിനിമയില്‍ ജയറാമിന്റെ അനുജനായി അഭിനയിക്കുന്നത്. പൃഥ്വിരാജുമായി അവര്‍ എന്താണ് സംസാരിച്ചതെന്ന് എനിക്ക് അറിയില്ല. ആ സിനിമയില്‍ നിന്നും പൃഥ്വിരാജിനെ ഒഴിവാക്കിയത് ഞാനാണെന്നാണ് അദ്ദേഹം വിചാരിച്ചുവെച്ചിരിക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മനസിലാക്കിയത്. അങ്ങനെ എന്തോ ആണത്, ഒരു ക്ലാരിറ്റി ഇല്ല. ഇപ്പോഴും ഒരു അകല്‍ച്ചയുണ്ട്. അത് മാറുമോയെന്ന് അറിയില്ല. മാറേണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു,’ സിബി മലയില്‍ പറഞ്ഞു.

‘അദ്ദേഹത്തിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ ആ തീരുമാനത്തില്‍ പ്രധാനപങ്കു വഹിച്ചത് ഞാനാണ്. ശശിയേട്ടനായിരുന്നു അതിന്റെ ജൂറി ചെയര്‍മാന്‍. അദ്ദേഹത്തിന് ഇതൊന്നും തീരെ പരിചയമില്ല, പരിചയമുള്ള ആരെയെങ്കിലും കിട്ടുമോ എന്ന് ശശിയേട്ടന്‍ ചോദിച്ചു. ഞാന്‍ ഇതിന് മുമ്പ് ജൂറി ചെര്‍മാനായി ഇരുന്നിട്ടുണ്ട്. എന്നോട് ഒരു ഹെല്‍പായിട്ട് ജൂറിയില്‍ ഇരിക്കാമോ എന്ന് ചോദിച്ചു.

ഓരോ പടവും കഴിയുമ്പോഴും ഇത് എങ്ങനെയുണ്ട്, ഇതിന് കൊടുത്താലോ എന്ന് ശശിയേട്ടന്‍ വളരെ ഇന്നസെന്റായി ചോദിക്കും. അദ്ദേഹത്തിന് ഇതൊന്നും ചെയ്ത് എക്‌സ്പീരിയന്‍ ഇല്ല. ഞാന്‍ പറയുന്നതാണ് പുള്ളി ഗൗരവത്തില്‍ എടുക്കുക. അങ്ങനെയാണ് രാജുവിലേക്ക് എത്തുന്നതും സെല്ലുലോയിഡിലെ പെര്‍ഫോമന്‍സിന് അവാര്‍ഡ് ലഭിക്കുന്നതുമൊക്കെ,’ സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Director sibi Malail reveals the reasons behind Prithviraj’s distance from him