തിരുവനന്തപുരം: ഐ.എഫ്.എഫ്.കെ വേദിയില്‍ തമിഴ് ചലചിത്രകാരന്‍ വെട്രിമാരന്‍ നടത്തിയ പ്രസ്താവനയോട് വിയോജിപ്പാണെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. ‘ഇവിടെ രണ്ട് പക്ഷങ്ങളേ ഉള്ളൂ. ഒന്ന് ഇടതുപക്ഷവും ഒന്ന് വലതു പക്ഷവും. ഇടതു പക്ഷമല്ലാത്തവരൊക്കെ വലതു പക്ഷമാണ്,’ എന്ന വെട്രിമാരന്റെ പ്രസ്താവനയോടാണ് അദ്ദേഹം പ്രതികരിച്ചത്.
ഏതെങ്കിലും ഒരു കാര്യത്തില്‍ തീര്‍ച്ചയില്ലെങ്കില്‍ നിങ്ങള്‍ ഫാസിസ്റ്റ് ആണ് എന്ന് പറയുന്നതുപോലെയാണ് വെട്രിമാരന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. ലിറ്റ് ആര്‍ട്ട് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്യാമപ്രസാദിന്റെ പ്രതികരണം.
എല്ലാത്തിനേയും ഒരു സെര്‍ട്ടേണിറ്റിയുടെ ഉള്ളിലേക്കോ ഇരുദ്രുവങ്ങളിലേക്കോ തള്ളിവിടുന്നത് അപകടകരമാണെന്നും ശ്യാമപ്രസാദ് പറഞ്ഞു.
സെര്‍ട്ടണിറ്റിയാണ് വാസ്തവത്തില്‍ ലെനിനേയും മാവോയെയുമൊക്കെ ഉണ്ടാക്കിയെതെങ്കില്‍ അതില്ലാത്ത മനുഷ്യരാണ് കലയുണ്ടാക്കിയത്. ആ സന്ദേഹങ്ങളിലൂടെ ഒക്കെ പോകുന്ന മനുഷ്യര്‍, എല്ലാവരിലും തിന്മകളിലകത്തും നന്മ കാണാന്‍ സാധിക്കുന്ന മനുഷ്യര്‍ അങ്ങനെയുള്ളവരാണ് കലയുടെ പ്രപഞ്ചത്തില്‍ അഭിരമിച്ചിട്ടുള്ളവര്‍. എന്നാല്‍ ആ ലോകം പതിയെ മാറിക്കൊണ്ടിരിക്കുകയാണെന്നും ശ്യാമപ്രസാദ് പറഞ്ഞു.
രണ്ടാലൊന്നിന്റെ പുറത്തേക്ക് നമ്മുടെ ചിന്ത വളരണം. ഉദാഹരണത്തില്‍ കെ റെയില്‍ പോലൊരു വിഷയത്തില്‍ അനുകൂല പ്രതികൂല വാദങ്ങള്‍ക്കപ്പുറം മിഡില്‍ ആയ സ്റ്റാന്‍ഡ് എടുത്ത് അതിനെ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടക്കണമെന്നും ശ്യാമപ്രസാദ് കൂട്ടിച്ചേര്‍ത്തു.
ക്ലീഷേകളില്‍ നിന്ന് മാറി സാമൂഹ്യ യഥാര്‍ത്ഥ്യങ്ങളെ തമാശയില്‍ പൊതിഞ്ഞ് അവതിരപ്പിക്കുന്നതിനപ്പുറത്തേക്ക് മലയാള സനിമക്ക് പോകാന്‍ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടു.
നമ്മുടെ സിനിമകളിലെ തമാശകളെ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നമ്മള്‍ ആസ്വദിച്ച് ചിരിച്ചേക്കാം, എങ്കിലും ഒരു കലാ സൃഷ്ടി എന്ന നിലയില്‍ അതിന് ഒരുപാട് മുന്നോട്ട് പോകാനില്ലേയെന്നും ശ്യാമപ്രസാദ് ചോദിച്ചു.
ലോകത്താകെ രണ്ട് പക്ഷമേയുള്ളു, ഇടതുപക്ഷവും വലതുപക്ഷവും, ഇവയില്‍ പെടില്ല എന്നു പറയുന്നവരൊക്കെ വലതുപക്ഷമാണെന്നാണ് വെട്രിമാരന്‍ പറഞ്ഞത്. ഐ.എഫ്.കെയുടെ മീറ്റ് ദി ഡയറക്ടര്‍ സെഷനിലായിരുന്നു വെട്രിമാരന്റെ പ്രതികരണം. തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും ചലച്ചിത്ര നിര്‍മാതാവുമാണ് വെട്രിമാരന്‍. 4 ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഒരു ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
Content Highlights: Director Shyamaprasad disagrees with Tamil filmmaker Vetrimaran’s statement at IFFK