| Friday, 15th September 2023, 7:58 am

നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയില്‍ നിന്നുകൊണ്ട് എങ്ങനെ സംസാരിക്കാനാകുന്നു; അലന്‍സിയറിനെതിരെ ശ്രുതി ശരണ്യം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ വിവാദപരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയര്‍ക്കെതിരെ സംവിധായിക ശ്രുതി ശരണ്യം. അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണമെന്ന് പറഞ്ഞ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്ന് ശ്രുതി ശരണ്യം പറഞ്ഞു.

സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറാണ് ഇവിടെയുള്ളതെന്നും എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയില്‍ നിന്നുകൊണ്ട് അലന്‍സിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നുവെന്നും ശ്രുതി ചോദിച്ചു.

സ്ത്രീ/ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനുള്ള അവാര്‍ഡ് വാങ്ങിയ തന്റെ ഉത്തരവാദിത്വമാണ് അലന്‍സിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് കരുതുന്നുവെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ ശ്രുതി പറഞ്ഞു.

‘The ‘lady’ in my hand is incredible. ഇന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ അലന്‍സിയര്‍ ലോപസ് നടത്തിയ മറുപടി പ്രസംഗത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തുന്നു. അടുത്ത വര്‍ഷത്തെ അവാര്‍ഡിനെങ്കിലും പെണ്ണിന്റെ പ്രതിമയ്ക്ക് പകരം ‘പൗരുഷ’മുള്ള ആണിന്റെ പ്രതിമ വേണംപോലും.

അതിന് തൊട്ടുമുമ്പുള്ള ഉദ്ഘാടനപ്രസംഗത്തില്‍ മുഖ്യമന്ത്രി ഊന്നി പറഞ്ഞിരുന്നു, സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുന്ന, പരുഷാധിപത്യത്തെ ആഘോഷിക്കുന്ന ഫിലിം കണ്ടന്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന്.

സ്ത്രീകള്‍ക്ക് സിനിമ ചെയ്യാനുള്ള ഫണ്ടൊരുക്കിയ, സ്ത്രീകളുടെ സിനിമാ ഉദ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറാണ് ഇവിടെയുള്ളത്. എന്നിട്ടും ഇത്ര നിരുത്തരവാദപരവും നികൃഷ്ടവുമായി ഇങ്ങനെയൊരു വേദിയില്‍ നിന്നുകൊണ്ട് അലന്‍സിയറിന് എങ്ങനെ ഇപ്രകാരം സംസാരിക്കാനാകുന്നു. Its a shame.

സ്ത്രീ/ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിനുള്ള അവാര്‍ഡ് വാങ്ങിയ എന്റെ ഉത്തരവാദിത്വമാണ് അലന്‍സിയറിന്റെ പ്രസ്തുത പ്രസ്താവനയോട് പ്രതികരിക്കേണ്ടത് എന്ന് ഞാന്‍ കരുതുന്നു,’ ശ്രുതി ശരണ്യം കുറിച്ചു.

പെണ്‍പ്രതിമ നല്‍കി പ്രലോഭിപ്പിക്കരുതെന്നും ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം തരണമെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ തരണമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു.

അങ്ങനെയൊരു പ്രതിമ തരുന്ന സമയം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പുരസ്‌കാരം വാങ്ങിയ ശേഷം പറഞ്ഞു. സ്പെഷ്യല്‍ ജൂറി അവാര്‍ഡിനു ശേഷമുള്ള പ്രതികരണത്തിനിടെയാണ് പരാമര്‍ശം.

അലന്‍സിയറിന്റെ പരാമര്‍ശത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നുമുള്‍പ്പെടെ വരുന്നത്.

Content Highlight: Director Shruti Saranyam against Alencier

We use cookies to give you the best possible experience. Learn more