ഐ.എഫ്.ഫ്.കെയിലേക്ക് അയച്ച ചിത്രം ചലച്ചിത്ര അക്കാദമി കാണാതെ തന്നെ തള്ളി എന്ന പരാതിയുമായി സംവിധായകന്‍ ഷിജു ബാലഗോപാലന്‍. എറാന്‍ സിനിമയുടെ സംവിധായകനാണ് അക്കാദമിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം തന്റെ സിനിമയുടെ ലിങ്ക് സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ചിരുന്നുവെന്നും പക്ഷേ ജൂറി ഒരു സെക്കന്റ് പോലും സിനിമ കാണാതെ തിരസ്‌കരിച്ചത് ഞെട്ടിച്ചുവെന്നും ഷിജു പറഞ്ഞു. വിമിയോ അനലിറ്റിക്‌സ് പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണെന്നും പരിഗണനയ്ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണുക എന്ന പ്രാഥമിക കടമ പോലും ഇവിടെ ലംഘിച്ചിരിക്കുകയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി.
ഇത് സംബന്ധിച്ച പരാതി 17 ഒക്ടോബര്‍ 2023ന് മുഖ്യമന്ത്രിക്ക് നല്‍കിയെന്നും പരാതി സാംസ്‌കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മെയ്ല്‍ വന്നതല്ലാതെ സാംസ്‌കാരിക വകുപ്പില്‍ നിന്നോ അക്കാദമിയില്‍ നിന്നോ ഒരു വിശദീകരണവും വന്നിട്ടില്ലെന്നു ഷിജു പറഞ്ഞു.
വിമിയോ അനലിറ്റിക്‌സ്, ഐ.എഫ്.എഫ്.കെ സബ്മിഷന്‍ കണ്‍വര്‍മേഷന്‍ മെയ്ല്‍, മുഖ്യമന്ത്രിക്ക് അയച്ച പരാതി, വിമിയോ സപ്പോര്‍ട്ടുമായി നടത്തിയ ഇമെയല്‍ തുടങ്ങിയവയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് ഷിജു ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
ഷിജു ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഐ.എഫ്.എഫ്.കെയില്‍ എന്റെ സിനിമ തെരഞ്ഞെടുക്കപ്പെടാത്തതിലുള്ള പരാതിപറച്ചിലല്ല, സിനിമ കാണാതെ ഒഴിവാക്കുക എന്നത് ഗുരുതരമായ പിഴവാണ്. അത് ചൂണ്ടിക്കാണിക്കാനാണ് ഈ പോസ്റ്റ്. ഞാന്‍ സംവിധാനം ചെയ്ത ‘എറാന്‍’ (The man who always obeys) എന്ന മലയാളചിത്രം, 2023 ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശനത്തിന് പരിഗണിക്കുന്നതിന് എല്ലാ ചട്ടങ്ങളും പാലിച്ച് ഫില്‍ ചെയ്ത അപേക്ഷയോടോപ്പം Vimeoല്‍ അപ്‌ലോഡ് ചെയ്ത ലിങ്ക് ഉള്‍പ്പടെ സെപ്റ്റംബര്‍ 10ന് സമര്‍പ്പിച്ചിരുന്നു. സിനിമ തെരഞ്ഞെടുക്കാനും തള്ളാനും ഉള്ള പൂര്‍ണമായ സ്വാതന്ത്ര്യം ചലച്ചിത്ര അക്കാദമിക്കുണ്ട്.
പക്ഷേ ജൂറി ഒരു സെക്കന്റ് പോലും സിനിമ കാണാതെ തിരസ്‌കരിച്ചത് എന്നെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയുടെ Vimeo Link പരിശോധിച്ചതില്‍ നിന്നും Vimeo Region analytiscല്‍ നിന്നും മനസ്സിലാക്കുന്നത് ജൂറി ഈ സിനിമ ഒരു സെക്കന്റ് പോലും പ്ലേ ചെയ്തിട്ടില്ല എന്നാണ്.
ഡൗണ്‍ലോഡ് ഓപ്ഷന്‍ ആക്ടിവേറ്റഡായിരുന്നെങ്കിലും ചിത്രം ഡൗണ്‍ലോഡ് ചെയ്ത് കണ്ടിട്ടില്ലെന്നും Vimeo analytics വ്യക്തമാക്കുന്നു. പരിഗണനയ്ക്ക് വരുന്ന എല്ലാ ചിത്രങ്ങളും കാണുക എന്ന പ്രാഥമിക കടമ പോലും ഇവിടെ ലംഘിച്ചിരിക്കുകയാണ്. ഒരു സെക്കന്റ് പോലും ചിത്രം കണ്ടിട്ടില്ല.
ഇതേ ലിങ്ക് തന്നെ മറ്റു പല ചലച്ചിത്ര മേളകളിലേക്കും അയച്ചിരുന്നു. Vimeo analytiscല്‍ നോക്കുമ്പോള്‍ അവര്‍ ഒക്കെ കണ്ടതായി മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് എന്റെ മാത്രം പ്രശ്‌നമാണെന്ന് കരുതുന്നില്ല. എന്നെപ്പോലുള്ള വളരെ ചെറിയ ബജറ്റില്‍ സിനിമ ചെയ്യുന്ന, പ്രത്യേകിച്ച് ഉന്നതങ്ങളില്‍ പിടിപാടൊന്നും ഇല്ലാത്ത, ചലച്ചിത്രകലയോടുള്ള അഗാധമായ ഇഷ്ടം കൊണ്ട് മാത്രം സിനിമ ചെയ്യുന്ന സംവിധായകരെ സംബന്ധിച്ച് വേദനയും പ്രതിഷേധവും ഉണ്ടാക്കുന്നതാണ്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ടെക്‌നിക്കല്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാളെന്ന നിലയില്‍ പറയുകയാണ്, എന്റെ അക്കാദമി ചങ്ങാതിമാരേ, എന്നെപ്പോലുള്ള വിഡ്ഢികളെ പറ്റിക്കാനെങ്കിലും സിനിമ ഏതെങ്കിലും ഒരു ഡെസ്‌ക്ടോപ്പില്‍ ചുമ്മാ പ്ലേ ചെയ്തിട്ട് watch time എങ്കിലും കാണിച്ചുകൂടായിരുന്നോ. അപ്പോള്‍ എന്നേപോലുള്ളവര്‍ക്ക് സമാധാനിക്കാം, ഓ അവര് സിനിമ കണ്ട്, പക്ഷേ എന്റെ സിനിമ കൊള്ളാത്തതിനാല്‍ എടുത്തില്ല എന്ന്.
തെളിവ് സഹിതം ഇവിടെ ഈ കാര്യം ഉന്നയിച്ചതുകൊണ്ട് ഉറപ്പുണ്ട് ഞാന്‍ മുകളില്‍ പറഞ്ഞ കാര്യം അടുത്ത വര്‍ഷം മുതല്‍ നിങ്ങള്‍ നടപ്പിലാക്കുമെന്ന്. പലര്‍ക്കും പരാതി ഉണ്ടെങ്കിലും പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയുമോ അക്കാദമി ചങ്ങായിമാരേ, നിങ്ങളുടെ കയ്യിലാണ് പവര്‍. എന്തെങ്കിലും പറഞാല്‍ പിന്നെ അവന്റെ അല്ലെങ്കില്‍ അവളുടെ കാര്യം പോക്കാ. അവന്‍ പിന്നെ സിനിമ ഫെസ്റ്റിവലിന് അയക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ തള്ളിക്കളയും. അങ്ങനെ നിശബ്ദമാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെന്ന ഉറപ്പ് തന്നെ ആണ് ഇത്തരത്തില്‍ അനീതി കാണിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത്.
വീണ്ടും പറയട്ടെ, എന്റെ സിനിമ തെരഞ്ഞെടുക്കപ്പെടാത്തത് അല്ല ഇവിടുത്തെ വിഷയം. എല്ലാവരെയും പോലെ സിനിമ സമര്‍പ്പിച്ച എന്റെ സൃഷ്ടി ഒരു സെക്കന്‍ഡ് പോലും കണ്ടിട്ടില്ല എന്ന കാതലായ വിഷയത്തെ സൂചിപ്പിക്കാനാണ് ഈ പോസ്റ്റ്. കൂടുതല്‍ ഒന്നും പറയാനില്ല, ഇത് ക്രൂരതയാണ്.
ഇത് സംബന്ധിച്ച പരാതി 17 ഒക്ടോബര്‍ 2023ന് മുഖ്യമന്ത്രിക്ക് നല്‍കിയിരുന്നു. അപ്പോള്‍ തന്നെ പരാതി സാംസ്‌കാരിക വകുപ്പിന് കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മെയ്ല്‍ വന്നു. പക്ഷേ ഞാന്‍ ഈ പോസ്റ്റ് ഇടുന്ന സമയം വരെ സാംസ്‌കാരിക വകുപ്പില്‍ നിന്നോ അക്കാദമിയില്‍ നിന്നോ ഒരു വിശദീകരണവും വന്നിട്ടില്ല.
തുടര്‍ന്ന് ഞാന്‍ VIMEO TECHNICAL SUPPORT ടീമുമായി ബന്ധപ്പെട്ടപ്പോള്‍ വീഡിയോ പ്ലേ ചെയ്തിട്ടില്ല എന്ന കാര്യം അവര്‍ ശരിവെച്ചു. ഇതോടൊപ്പം Vimeo analytics, IFFK Submission Confirmation Mail, മുഖ്യമന്ത്രിക്ക് അയച്ച പരാതി, Vimeo Support മായി നടത്തിയ ഇമെയ്ല്‍ തുടങ്ങിയവ അറ്റാച്ച് ചെയ്യുന്നു.
Content Highlight: Director Shiju Balagopalan complained that the film sent to IFFK was rejected by the academy without seeing it