| Monday, 23rd September 2024, 10:32 am

ദുൽഖർ വേണ്ട ഞാൻ ചെയ്യാമെന്ന് മമ്മൂട്ടി, ഒടുവിൽ അഭിനയിച്ചത് ആ യുവനടൻ; സൂപ്പർ ഹിറ്റിന്റെ രണ്ടാംഭാഗത്തെ കുറിച്ച് സംവിധായകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ വിജയ ചിത്രങ്ങളിൽ ഒന്നാണ് സാമ്രാജ്യം. മമ്മൂട്ടി നായകനായി എത്തിയ സിനിമ ഒരു ഗാങ്സ്റ്റാർ ചിത്രമായിരുന്നു. മധു, ക്യാപ്റ്റൻ രാജു, വിജയ രാഘവൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ അലക്സാണ്ടർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. അലക്സാണ്ടർ മരണപ്പെടുന്ന വിധത്തിലായിരുന്നു സാമ്രാജ്യം അവസാനിക്കുന്നത്.

എന്നാൽ വർഷങ്ങൾക്ക് ശേഷം ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഇറങ്ങിയിരുന്നു. സാമ്രാജ്യം 2: സൺ ഓഫ് അലക്സാണ്ടർ എന്ന പേരിൽ ഇറങ്ങിയ ചിത്രം ബോക്സ്‌ ഓഫീസിൽ മൂക്ക് കുത്തി വീണു. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിൽ നായകൻ.

എന്നാൽ ചിത്രം ദുൽഖറിനെ വെച്ച് ചെയ്യാനായിരുന്നു നിർമാതാവ് പ്ലാൻ ചെയ്തതെന്നും എന്നാൽ മമ്മൂട്ടിയെ കണ്ടപ്പോൾ അദ്ദേഹം അതിന് വിസമ്മതിച്ചെന്നും ചിത്രത്തിൽ പ്രവർത്തിച്ച സംവിധായകനായ ശരത് ബേബി മാത്യു പറയുന്നു. ഈ സിനിമ താൻ ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞെന്നും എന്നാൽ അങ്ങനെ ചെയ്താൽ ശരിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റർ ബിന്നിനോട് സംസാരിക്കുകയായിരുന്നു ശരത് ബേബി മാത്യു.

‘സാമ്രാജ്യം രണ്ട് ദുൽഖറിനെ വെച്ച് ചെയ്യാനായിരുന്നു പ്രൊഡ്യൂസർ പ്ലാൻ ഇട്ടത്. ദുൽഖറിന്റെ അടുത്ത് കഥ പറയാനായി മമ്മൂട്ടിയെ ചെന്ന് കണ്ടപ്പോൾ അദ്ദേഹം, നീ അവിടെ വാ, ഇവിടെ വാ എന്നൊക്കെ പറഞ്ഞ് നിർമാതാവ് അജ്മലിനെ ഓടിച്ചുകൊണ്ടിരുന്നു.

ദുൽഖറിനെ കണ്ടപ്പോൾ, പപ്പയുടെ അടുത്ത് പറയാമായിരുന്നില്ലേയെന്ന് ചോദിച്ചു. അവസാനം ഒരു ഒന്നര വർഷം കഴിഞ്ഞിട്ടാണ് മമ്മൂട്ടി കഥ കേൾക്കുന്നത്. കഥ കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു, ഇതിൽ ഞാൻ അഭിനയിക്കാം ദുൽഖർ അഭിനയിച്ചാൽ ശരിയാവില്ലെന്ന്.

പ്രൊഡ്യൂസർ ശരിയെന്ന് പറഞ്ഞിട്ട് തിരിച്ച് വന്നു. അങ്ങനെയാണ് ഉണ്ണി മുകുന്ദന്റെ അടുത്ത് എത്തുന്നത്. മമ്മൂട്ടി ചെയ്താൽ ആ സിനിമ ശരിയാവില്ല. ഫസ്റ്റ് പാർട്ടിന്റെ സെക്കന്റ്‌ ഭാഗമാണിത്. അതിൽ ഒരു എട്ട് വയസുള്ള കുട്ടിയുണ്ട് മമ്മൂട്ടിക്ക്.

ആ കുട്ടി വലുതാവുന്നതാണ് ഉണ്ണി മുകുന്ദൻ. അത് ശരിക്കും ദുൽഖർ ആവണമായിരുന്നു. ഉണ്ണി ആയിരുന്നുവെങ്കിലും പടം ഓടുമായിരുന്നു. പക്ഷെ ഷൂട്ട്‌ കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞാണ് ആ സിനിമ റിലീസ് ആവുന്നത്,’അദ്ദേഹം പറഞ്ഞു.

Content Highlight: Director Sharath Baby Mathew Talk About Samrajyam 2 Movie

We use cookies to give you the best possible experience. Learn more