| Monday, 13th February 2023, 10:45 am

'അന്ന് സ്വാമി അയ്യപ്പനില്‍ അഭിനയിക്കാന്‍ മോഹന്‍ലാല്‍ പോയി, അദ്ദേഹത്തെ അയ്യപ്പനായി സങ്കല്‍പിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ല'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലേക്ക് വരാന്‍ ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് മോഹന്‍ലാലെന്നും അതിനുവേണ്ടി ഒരുപാട് ശ്രമിച്ചിട്ടുണ്ടെന്നും സംവിധായകന്‍ ശാന്തിവിള ദിനേശ്. എന്നാല്‍ താന്‍ അപ്രതീക്ഷിതമായി സിനിമയിലേക്ക് വന്നയാളാണെന്നാണ് മോഹന്‍ലാല്‍ സ്വയം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോഹന്‍ലാല്‍ മെറിലാന്റ് നിര്‍മിച്ച സ്വാമി അയ്യപ്പനില്‍ അഭിനയിക്കാന്‍ പോയിട്ടുണ്ടെന്നും അദ്ദേഹത്തെ അയ്യപ്പനായി സങ്കല്‍പിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞില്ലെന്നും തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെ ശാന്തിവിള ദിനേശ് പറഞ്ഞു.

‘മൂന്ന് മാസം കൂടി കഴിഞ്ഞാല്‍ മോഹന്‍ലാലിന് 63 വയസാകും. 18 വയസുള്ളപ്പോഴാണ് അദ്ദേഹം കുട്ടപ്പന്‍ എന്ന കഥാപാത്രമായി സൈക്കിള്‍ ചവിട്ടി തിരനോട്ടം എന്ന ചിത്രത്തില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ സുഹൃത്ത് അശോക് കുമാര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. അതിന് മുമ്പ് അദ്ദേഹം സ്വാമി അയ്യപ്പന്‍ എന്ന പരമ്പരയില്‍ അയ്യപ്പനാവാന്‍ പോയതാണ്. അദ്ദേഹം അത് മറന്നോ എന്ന് അറിയില്ല.

മെറിലാന്റില്‍ ടെസ്റ്റിന് പോയി സുബ്രഹ്മണ്യന്‍ മുതലാളിയെ കണ്ടു. പക്ഷെ അയ്യപ്പനായി അദ്ദേഹത്തെ അവര്‍ക്ക് ഉള്‍കൊള്ളാന്‍ പറ്റിയില്ല. അതില്‍ അയ്യപ്പന്റെ അനിയന്‍ ആയിട്ടുള്ള വേഷം പോലും കൊടുത്തില്ല. താന്‍ നടനാവാന്‍ പുറപ്പെട്ട ആളല്ലെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. നിനച്ചിരിക്കാതെ വന്നു പെട്ടതാണെന്നും പറഞ്ഞിട്ടുണ്ട്.

പക്ഷെ ഒരു നടനാവാന്‍ കഴിയുന്നത്ര ശ്രമിച്ച ആളായിരുന്നു മോഹന്‍ലാല്‍. അല്ലെങ്കില്‍ പിന്നെ സ്വാമി അയ്യപ്പനില്‍ അയ്യപ്പനാവാന്‍ സ്‌ക്രീന്‍ ടെസ്റ്റിന് പോകുമോ. സുരേഷ് കുമാര്‍ എന്റെ ഫോട്ടോ എടുത്ത് നവോദയക്ക് അയച്ചു അവര്‍ വിളിച്ചത് കൊണ്ട് ഞാന്‍ ചെന്നു എന്നൊക്കെയാണ് പറയുന്നത്. പക്ഷെ അങ്ങനെയൊന്നുമല്ല. അദ്ദേഹം നടനാവാന്‍ തന്നെ ജനിച്ചവനാണ്. കാരണം മോഹന്‍ലാലിന് ഒരു അഭിനേതാവാകാനേ കഴിയൂ,’ ശാന്തിവിള ദിനേശ് പറഞ്ഞു.

content highlight: director shanthivila dinesh about mohanlal

We use cookies to give you the best possible experience. Learn more