സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഇന്ത്യൻ 2. കമൽഹാസന്റെ വേറിട്ട പ്രകടനം കൊണ്ട് ഹിറ്റായി മാറിയ ഇന്ത്യൻ സിനിമയുടെ രണ്ടാം ഭാഗം കാണാൻ നീണ്ട നാളായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
ചിത്രത്തിന്റെ ഷൂട്ടിങ് നിലവിൽ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിൽ വളരെയധികം പ്രാധ്യാന്യത്തോടെ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ശങ്കർ.
ഇന്ത്യൻ 2 വിന്റെ വി.എഫ്.എക്‌സ് വർക്കുകൾ യു.എസിലെ ലോസ് ഏഞ്ചൽസിലെ ലോല വി.എഫ്.എക്‌സ് സ്റ്റുഡിയോയിൽ മികച്ച സാങ്കേതിക വിദ്യയിൽ പുരോഗമിക്കുന്നതിന്റെ ചിത്രമാണ് ശങ്കർ പോസ്റ്റ് ചെയ്തത്. ലോകത്തെ വി.എഫ്.എക്‌സ് കമ്പനികളിൽ ഡീ ഏജിങ് (സിനിമയിലെ കഥാപാത്രത്തെ പ്രായം കുറഞ്ഞ രീതിയിൽ അവതരിപ്പിക്കുന്ന സാങ്കേതിക വിദ്യ) ടെക്നോളജിക്ക് പേരുകേട്ട സ്ഥാപനമാണ് ലോല വി.എഫ്.എക്‌സ് സ്റ്റുഡിയോ.
ഇന്ത്യൻ 2വിൽ കമൽഹാസൻ ഉൾപ്പെടെയുള്ള ചില കഥാപാത്രങ്ങളുടെ ഡീ ഏജിങ് ചെയ്ത സീനുകൾ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇതിനൊപ്പം തന്നെ ചിത്രീകരണ സമയത്ത് മരണപ്പെട്ട തമിഴ് നടൻ വിവേകിന്റെയും മലയാള നടൻ നെടുമുടി വേണുവിന്റെയും രംഗങ്ങൾ എ.ഐ യുടെ പിൻബലത്തിൽ സ്ക്രീനിൽ റീ ക്രീയേറ്റ് ചെയ്യുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ലൈക്ക പ്രൊഡക്ഷൻസും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ഇന്ത്യൻ 2 നിർമിക്കുന്നത്. ഇന്ത്യന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ട് 2019ൽ ആരംഭിച്ചുവെങ്കിലും പിന്നീട് കൊവിഡും ബജറ്റ് പ്രശ്നങ്ങളും കാരണം നീണ്ടുപോകുകയായിരുന്നു.
കാജൾ അഗർവാൾ നായികയായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ അവസാന ഘട്ടത്തിലാണ്.