| Tuesday, 2nd July 2024, 2:55 pm

ആ സിനിമയില്‍ രജിനികാന്തിന്റെ വില്ലനായി ആദ്യം മനസില്‍ കണ്ടത് കമല്‍ ഹാസനെയായിരുന്നു: ഷങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 2.0 വരെ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍.

1998ല്‍ പുറത്തിറങ്ങിയ ജീന്‍സ് എന്ന ചിത്രത്തില്‍ ആറ് മിനിറ്റ് മാത്രമുള്ള ഒരു പാട്ടിന് വേണ്ടി ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചത് ഇന്നത്തെ കാലത്ത് ഒരു സംവിധായകനും ചിന്തിക്കാന്‍ പറ്റാത്തതാണ്.

ഷങ്കറിന്റെ കരിയറില്‍ ഏറ്റവും മുതല്‍മുടക്കില്‍ വന്ന ചിത്രമാണ് 2.0. ഇന്‍ഡസ്ട്രിയല്‍ ഹിറ്റായ എന്തിരന്റെ രണ്ടാം ഭാഗമായിരുന്നു 2018ല്‍ പുറത്തിറങ്ങിയ 2.0. 400 കോടിയിലധികം ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രം ആദ്യ ഭാഗത്തിന്റെ ലെവലില്‍ എത്തിയില്ലെന്ന വിമര്‍ശനമുര്‍നെനങ്കിലും വേള്‍ഡ് വൈഡായി 700 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി.

ചിത്രത്തിലെ വില്ലനായ പക്ഷിരാജനായി ആദ്യം മനസില്‍ വിചാരിച്ചത് കമല്‍ ഹാസനെയായിരുന്നുവെന്ന് ഷങ്കര്‍ വെളിപ്പെടുത്തി. രജിനിയുടെ വില്ലനായി കമല്‍ ഹാസനെ കൊണ്ടുവരിക എന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും എന്നാല്‍ ആ സമയത്ത് കമല്‍ ബിസിയായതുകൊണ്ട് ആ ശ്രമം ഉപേക്ഷിക്കേണ്ടി വന്നുവെന്നും പിന്നീട് ആ വേഷം അക്ഷയ്കുമാര്‍ ചെയ്തുവെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘രജിനിയും കമലും ഒന്നിച്ചുള്ള സിനിമ എന്റെ സ്വപ്‌നമാണ്. സത്യം പറഞ്ഞാല്‍ 2.0യില്‍ രജിനിയുടെ വില്ലനായ പക്ഷിരാജനായി ആദ്യം മനസില്‍ വിചാരിച്ചത് കമല്‍ ഹാസനെയായിരുന്നു. പക്ഷേ കമല്‍ ആ സമയത്ത് ബിസിയായിരുന്നത് കൊണ്ട് പക്ഷിരാജന്‍ എന്ന കഥാപാത്രം ചെയ്യാന്‍ അക്ഷയ് കുമാറിനെ സമീപിക്കുകയായിരുന്നു,’ ഷങ്കര്‍ പറഞ്ഞു.

ഏറെക്കാലത്തെ പ്രയത്‌നത്തിലൊടുവിലാണ് ഇന്ത്യന്‍ 2 തിയേറ്ററുകളിലേക്കെത്തുന്നത്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങള്‍ കൊണ്ട് ഷൂട്ട് നീണ്ടുപോയിരുന്നു. കമല്‍ ഹാസന് പുറമെ സിദ്ധാര്‍ത്ഥ്, എസ്.ജെ സൂര്യ, കാളിദാസ് ജയറാം, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. അന്തരിച്ച താരങ്ങളായ നെടുമുടി വേണു, വിവേക്, മനോബാല എന്നീ താരങ്ങളും ചിത്രത്തിലുണ്ട്.

Content Highlight: Director Shankar saying that he was planned to approach Kamal Haasan for the villain role in 2 point o

We use cookies to give you the best possible experience. Learn more