ഇന്ത്യന്‍ സിനിമയിലെ മാസ്റ്റര്‍ സംവിധായകരിലൊരാളാണ് ഷങ്കര്‍. 1992ല്‍ ജെന്റില്‍മാന്‍ എന്ന ചിത്രത്തിലൂടെയാണ് ഷങ്കര്‍ തന്റ സിനിമാജീവിതം ആരംഭിച്ചത്. ബിഗ് ബജറ്റ് സിനിമകള്‍ ചെയ്യുന്നതില്‍ ഷങ്കറിനെ വെല്ലാന്‍ മറ്റാരുമില്ല. വി.എഫ്.എക്‌സ് സാങ്കേതികവിദ്യയുടെ അനന്തസാധ്യതകള്‍ ഷങ്കറിനോളം ഉപയോഗിച്ച സംവിധായകന്‍ ഇന്ത്യയില്‍ വേറെയില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഷങ്കര്‍ എക്‌സില്‍ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
തമിഴിലെ ഏറ്റവും വലിയ നോവലുകളിലൊന്നായ വേല്‍പ്പാരിയുടെ റൈറ്റ്‌സ് തനിക്കാണെന്നും തന്റെ അനുവാദമില്ലാതെ ആ നോവലിലെ ഭാഗങ്ങള്‍ പലരും അവരുടെ സിനിമകളില്‍ ഉപയോഗിക്കുന്നത് കണ്ടെന്നും ഷങ്കര്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ തന്നെ വേദനിപ്പിച്ചെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഏത് സിനിമയെയാണ് ഷങ്കര്‍ ഉദ്ദേശിച്ചതെന്ന ചര്‍ച്ചയിലാണ് സോഷ്യല്‍ മീഡിയ.
ജൂനിയര്‍ എന്‍.ടി.ആര്‍ നായകനാകുന്ന ദേവരയെക്കുറിച്ചാണെന്നാണ് ഭൂരിഭാഗവും വാദിക്കുന്നത്. ഒരു നാടിന്റെ വീരനായകന്റെയും അയാളുടെ പിന്‍ഗാമിയുടെയും കഥയാണ് ദേവര പറയുന്നത്. താരക് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൊരട്ടാല ശിവയാണ്.
വന്‍ ബജറ്റില്‍ അഞ്ച് ഭാഷകളിലായാണ് ദേവര ഒരുങ്ങുന്നത്. ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ വില്ലന്‍ വേഷത്തിലത്തുന്ന ചിത്രത്തിന് അനിരുദ്ധാണ് സംഗീതം നല്‍കിയിരിക്കുന്നത്. വേല്‍പ്പാരി നോവലിന്റ കഥയുമായി ദേവരക്ക് സാമ്യമുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
സു. വെങ്കടേശന്‍ എഴുതി 2018ല്‍ പ്രസിദ്ധീകരിച്ച നോവലാണ് വേല്‍പ്പാരി. ചോളകാലത്തെ യോദ്ധാവായ വീരയുഗ നായകന്‍ വേല്‍പ്പാരിയുടെ കഥ പറയുന്ന നോവല്‍ തമിഴ്‌നാട്ടില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്നാണ്. ലോക്ക്ഡൗണ്‍ സമയത്ത് സു.വെങ്കടേഷന്റെ പക്കല്‍ നിന്ന് താന്‍ നോവലിന്റെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ടെന്നും തിരക്കഥയായി മാറ്റിയെന്നും ഷങ്കര്‍ അടുത്തിടെ പറഞ്ഞിരുന്നു.
മൂന്ന് ഭാഗങ്ങളുള്ള സിനിമയായാണ് വേല്‍പ്പാരി എടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും ഷങ്കര്‍ പറഞ്ഞിരുന്നു. കരിയറില്‍ ഇതുവരെ പീരിയോഡിക് സിനിമ ചെയ്യാത്ത ഷങ്കര്‍ വേല്‍പ്പാരി എന്ന നോവലിനെ എങ്ങനെ ചിത്രീകരിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം. ചിത്രത്തില്‍ സൂര്യ നായകനായെത്തുമെന്നും റൂമറുകളുണ്ട്.
Content Highlight: Director Shankar’s tweet going viral about Velpari novel