|

അന്ന്യന്റെ ഹിന്ദി റീമേക്ക് ഞാനിനി ചെയ്യുന്നില്ല: ഷങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 2.0 വരെ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍.

1998ല്‍ പുറത്തിറങ്ങിയ ജീന്‍സ് എന്ന ചിത്രത്തില്‍ ആറ് മിനിറ്റ് മാത്രമുള്ള ഒരു പാട്ടിന് വേണ്ടി ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചത് ഇന്നത്തെ കാലത്ത് ഒരു സംവിധായകനും ചിന്തിക്കാന്‍ പറ്റാത്തതാണ്. വിക്രമിനെ നായകനാക്കി 2005ല്‍ ഷങ്കര്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു അന്യന്‍. വിക്രം എന്ന നടന്റെ കരിയര്‍ മാറ്റിമറിച്ച സിനിമ കൂടിയായിരുന്നു അന്യന്‍.

വ്യത്യസ്തമായ വേഷപ്പകര്‍ച്ച കൊണ്ടും, ഗംഭീര പ്രകടനം കൊണ്ടും ചിയാന്‍ ഷോ എന്ന് പറയാന്‍ പറ്റുന്ന സിനിമ കൂടിയാണ് അന്യന്‍. രണ്‍വീര്‍ സിങ്ങിനെ നായകനാക്കി അന്യന്റെ ഹിന്ദി റീമേക്ക് ചെയ്യുമെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷങ്കര്‍ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ ഹിന്ദി റീമേക്കിന്റെ പേരില്‍ ആ സമയം മുതല്‍ക്ക് തന്നെ നിരവധി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ഇപ്പോഴിതാ അന്ന്യന്‍ ഹിന്ദിയില്‍ ചെയ്യുന്നില്ല എന്നറിയിച്ചിരിക്കുകയാണ് ഷങ്കര്‍. ലോക്ക് ഡൗണിന് ശേഷം ഹിന്ദിയില്‍ ഒരുപാട് വലിയ പ്രൊജക്ടുകള്‍ വന്നെന്നും അതുകൊണ്ട് അന്യന്‍ ഹിന്ദി റീമേക്കിന്റെ സ്‌ക്രിപ്റ്റ് ഹോള്‍ഡ് ചെയ്ത് വെച്ചിരിക്കുകയാണെന്നും ഷങ്കര്‍ പറഞ്ഞു. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞാല്‍ ഹിന്ദി പ്രൊജക്ടിലേക്ക് കടക്കുമെന്നും അന്ന്യന് മുകളില്‍ നില്‍ക്കുന്ന സിനിമയാകും ഇനി ചെയ്യുകയെന്നും ഷങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘അപരിചിത് എന്ന പേരില്‍ 2020ലാണ് ഞാന്‍ രണ്‍വീറുമായുള്ള പ്രൊജക്ട് അനൗണ്‍സ് ചെയ്തത്. പിന്നീട് ഞാന്‍ ഇന്ത്യന്‍ 2, ഇന്ത്യന്‍ 3, ഗെയിം ചേഞ്ചര്‍ എന്നീ സിനിമകളുടെ തിരക്കിലായി. അതിനിടക്ക് ലോക്ക്ഡൗണ്‍ വന്നു. പിന്നീട് ഹിന്ദിയില്‍ ഒരുപാട് വലിയ പ്രൊജക്ടുകള്‍ വന്നതുകൊണ്ട് അപരിചിതിന്റെ സ്‌ക്രിപ്റ്റ് ഹോള്‍ഡ് ചെയ്ത് വെച്ചിരിക്കുകയാണ്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളുടെ തിരക്ക് കഴിഞ്ഞാല്‍ ഹിന്ദി പ്രൊജക്ടിലേക്ക് കടക്കും. അപരിചിതിന്റെ സ്‌ക്രിപ്റ്റായിരിക്കില്ല, അതിനും മുകളില്‍ നില്‍ക്കുന്ന ഒന്നാകും ചെയ്യുക,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Director Shankar reveals that Hindi remake of Anniyan put on hold