ബ്രഹ്‌മാണ്ഡ സിനിമകളിലൂടെ പ്രേക്ഷകരെ എക്കാലത്തും അമ്പരപ്പിച്ച സംവിധായകനാണ് ഷങ്കര്‍. ആദ്യ ചിത്രമായ ജെന്റില്‍മാന്‍ മുതല്‍ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ 2.0 വരെ എല്ലാ സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന കഥപറച്ചില്‍ കൊണ്ട് എന്നും മുന്നിട്ട് നിന്നിട്ടുള്ള സംവിധായകനാണ് ഷങ്കര്‍.
1998ല്‍ പുറത്തിറങ്ങിയ ജീന്‍സ് എന്ന ചിത്രത്തില്‍ ആറ് മിനിറ്റ് മാത്രമുള്ള ഒരു പാട്ടിന് വേണ്ടി ഏഴ് ലോകാത്ഭുതങ്ങളും കാണിച്ചത് ഇന്നത്തെ കാലത്ത് ഒരു സംവിധായകനും ചിന്തിക്കാന്‍ പറ്റാത്തതാണ്.
ഇന്ത്യന്‍2 വിന് ശേഷം അതിന്റെ മൂന്നാം ഭാഗവും പിന്നീട് റാം ചരണ്‍ നായകനാകുന്ന ഗെയിം ചേഞ്ചറുമാണ് ഷങ്കറിന്റെ പുതിയ ചിത്രങ്ങള്‍. അവതാര്‍ 2 പോലെ അണ്ടര്‍വാട്ടര്‍ സീനുകളുള്ള ചിത്രം ഷങ്കര്‍ സംവിധാനം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അത്തരം റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയാണ് ഷങ്കര്‍. താന്‍ അങ്ങനെയൊരു പ്രൊജക്ടിനെക്കുറിച്ച് ആലോചിച്ചിട്ടുകൂടിയില്ലെന്ന് ഷങ്കര്‍ പറഞ്ഞു.
ഇതെല്ലാം ആരാണ് പടച്ചുവിടുന്നതെന്ന് തനിക്ക് അറിയില്ലെന്നും, തന്റെ മനസില്‍ ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയില്‍ ഒന്നോ രണ്ടോ അണ്ടര്‍വാട്ടര്‍ സീക്വന്‍സുകളുണ്ടെന്നും ഷങ്കര്‍ പറഞ്ഞു. എന്നാല്‍ പൂര്‍ണമായും അണ്ടര്‍വാട്ടറില്‍ ചിത്രീകരിക്കുന്ന സിനിമയെപ്പറ്റി താന്‍ ചിന്തിച്ചിട്ടുകൂടിയില്ലെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ 2വിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.
‘പൂര്‍ണമായും അണ്ടര്‍വാട്ടറില്‍ ഷൂട്ട് ചെയ്യേണ്ട പ്രൊജക്ട് ഞാന്‍ ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാണ് പടച്ചുവിട്ടതെന്ന് എനിക്കറിയില്ല. ഇന്റര്‍നെറ്റില്‍ അങ്ങനെയൊരു സിനിമയെപ്പറ്റി ഞാന്‍ ഒരുപാട് കണ്ടു. ഇന്ത്യന്‍ 2, അത് കഴിഞ്ഞ് ഇന്ത്യന്‍ 3. പിന്നീട് ഗെയിംചേഞ്ചര്‍. ഞാന്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ ഇതൊക്കെയാണ്. ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ എന്റെ മനസിലുണ്ട്.
അതില്‍ ഒന്നോ രണ്ടോ അണ്ടര്‍വാട്ടര്‍ സീക്വന്‍സുകള്‍ ഉണ്ടാകുമെന്നല്ലാതെ കംപ്ലീറ്റ് അണ്ടര്‍വാട്ടറില്‍ ഷൂട്ട് ചെയ്യുന്ന സിനിമയെപ്പറ്റി ഞാന്‍ ചിന്തിച്ചിട്ടു കൂടിയില്ല. ആരാണ് ഇതിന്റെ പിന്നിലെന്നൊന്നും എനിക്കറിയില്ല. അത്തരം വാര്‍ത്തകളോട് എനിക്ക് ഒന്നേ പറയാനുള്ളൂ, ആ വാര്‍ത്തകളൊക്കെ വ്യാജമാണ്. അതും ഞാനുമായി യാതൊരു ബന്ധവുമില്ല,’ ഷങ്കര്‍ പറഞ്ഞു.
Content Highlight: Director Shankar reacts to the rumors that he is going to do an Underwater movie