ഇന്ത്യന് സിനിമയിലെ ക്രാഫ്റ്റ്‌സ്മാന്‍ എന്നറിയപ്പെടുന്ന സംവിധായകന്‍ ഷങ്കറും കമല്‍ ഹാസനും 28 വര്‍ഷത്തിന് ശേഷം ഒന്നിച്ച ചിത്രമായിരുന്നു ഇന്ത്യന്‍ 2. ഇതേ കൂട്ടുകെട്ടില്‍ പിറന്ന ഇന്ത്യന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ 2 അണിയിച്ചൊരുക്കിയത്. 250 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഈ വര്‍ഷത്തെ ഏറ്റവും മോശം ചിത്രങ്ങളുടെ പട്ടികയിലാണ് പലരും ഉള്‍പ്പെടുത്തിയത്.
കമല്‍ ഹാസന്റെയും ഷങ്കറിന്റെയും കരിയറിലെ ഏറ്റവും മോശം ചിത്രമായി ഇന്ത്യന്‍ 2വിനെ പലരും കണക്കാക്കി. ഇന്ത്യന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് ചിത്രം അവസാനിച്ചത്. ആദ്യഭാഗത്തില്‍ പലരെയും രോമാഞ്ചം കൊള്ളിച്ച സേനാപതി എന്ന കഥാപാത്രം രണ്ടാം ഭാഗത്തില്‍ ട്രോള്‍ മെറ്റീരിയലാകുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ ചിത്രത്തിന് ഇത്രധികം നെഗറ്റീവ് വരുമെന്ന് കരുതിയിരുന്നില്ലെന്ന് പറയുകയാണ് സംവിധായകന്‍ ഷങ്കര്‍.
എന്നാല്‍ അത്തരം നെഗറ്റീവ് റിവ്യൂകളെ കാര്യമായി എടുക്കുന്നുണ്ടെന്നും തന്റെ അടുത്ത ചിത്രങ്ങളായ ഗെയിം ചേഞ്ചറും ഇന്ത്യന്‍ 3യും കൂടുതല്‍ മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും ഷങ്കര്‍ പറഞ്ഞു. ഇന്ത്യന്‍ 2വിന്റെ പരാജയത്തിന് പിന്നാലെ മൂന്നാം ഭാഗം നേരിട്ട് ഒ.ടി.ടിയില്‍ റിലീസ് ചെയ്യുമെന്നുള്ള റൂമറുകളുണ്ടായിരുന്നു. അത്തരം റൂമറുകളോടും ഷങ്കര്‍ പ്രതികരിച്ചു.
ഇന്ത്യന്‍ 3 ഒരിക്കലും നേരിട്ട് ഒ.ടി.ടിയില്‍ റിലീസാകില്ലെന്നും തിയേറ്ററില്‍ തന്നെ ചിത്രം എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്നും ഷങ്കര്‍ പറഞ്ഞു. 2025ല്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്നും റിലീസ് ഡേറ്റ് നിര്‍മാതാക്കള്‍ തന്നെ പുറത്തുവിടുമെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഗെയിം ചേഞ്ചറിന്റെ പ്രൊമോഷനിടയിലാണ് ഷങ്കര്‍ ഇക്കാര്യം അറിയിച്ചത്.
‘ഇന്ത്യന്‍ 2വിന് ഇത്രയധികം നെഗറ്റീവ് റെസ്‌പോണ്‍സ് വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ആ നെഗറ്റീവ് റെസ്‌പോണ്‍സെല്ലാം ഞാന്‍ കാര്യമായി തന്നെയാണ് എടുത്തിട്ടുള്ളത്. എന്റെ അടുത്ത സിനിമകളായ ഗെയിം ചേഞ്ചര്‍, ഇന്ത്യന്‍ 3 എന്നിവയെ ഞാന്‍ സമീപിച്ച രീതിയില്‍ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ 3 ഒരിക്കലും ഒ.ടി.ടിക്ക് വേണ്ടി എടുത്ത സിനിമയല്ല, അത് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യും. 2025ല്‍ തന്നെ അതുണ്ടാകും. ഔദ്യോഗികമായ റിലീസ് ഡേറ്റ് അതിന്റെ നിര്‍മാതാക്കള്‍ പുറത്തുവിടുന്നതായിരിക്കും,’ ഷങ്കര്‍ പറയുന്നു.
റാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചേഞ്ചര്‍. ഇന്ത്യന്‍ 2വിന്റെ ഇടയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. 350 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കിയാറാ അദ്വാനിയാണ് നായിക. സമുദ്രക്കനി, ജയറാം, എസ്.ജെ. സൂര്യ തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2025 ജനുവരി 10ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Director Shankar confirms that Indian 2 will have theatrical release