ഇന്ത്യന്‍ 2 ട്രെയ്‌ലറില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ റോള്‍സ് റോയിസ് കാണിച്ചതില്‍ രാഷ്ട്രീയ അജണ്ടയില്ല: ഷങ്കര്‍
Entertainment
ഇന്ത്യന്‍ 2 ട്രെയ്‌ലറില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ റോള്‍സ് റോയിസ് കാണിച്ചതില്‍ രാഷ്ട്രീയ അജണ്ടയില്ല: ഷങ്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 27th June 2024, 7:02 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ വന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും ഇന്ത്യന് സാധിച്ചു. സേനാപതി എന്ന കഥാപാത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 2019ല്‍ അനൗണ്‍സ് ചെയ്ത ഇന്ത്യന്‍ 2 ഒരുപാട് പ്രയാസങ്ങള്‍ക്ക് ശേഷം ജൂലൈയില് തിയേറ്ററുകളിലെത്തുകയാണ്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കമല്‍ ഹാസന്റെ മേക്കപ്പുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ വന്നിരുന്നു. ഫാന്‍സി ഡ്രസ് മത്സരത്തിന് പോകുന്ന കഥാപാത്രമാണോ എന്നാണ് പലരും ചോദിച്ചത്. സേനാപതി എന്ന കഥാപാത്രത്തിന്റെ ഇപ്പോഴത്തെ പ്രായവും ട്രെയ്‌ലറില്‍ കാണിച്ച ഫൈറ്റും പലരും ചോദ്യം ചെയ്തിരുന്നു.

എന്നാല്‍ ട്രെയ്‌ലറുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളാണ് ഇപ്പോള്‍ വരുന്നത്. സിനിമക്ക് യാതൊരു രാഷ്ട്രീയ അജണ്ടയുമില്ലെന്ന് ഷങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ട്രെയ്‌ലറില്‍ ഗുജറാത്ത് രജിസ്‌ട്രേഷനുള്ള സ്വര്‍ണ നിറത്തിലെ റോള്‍സ് റോയ്‌സ് കാര്‍ കാണിക്കുന്നുണ്ട്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ചതാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സംവിധായകന്‍.


എല്ലാ സംസ്ഥാനത്തും നടക്കുന്ന അഴിമതിയാണ് സിനിമയില്‍ കാണിച്ചിട്ടുള്ളതെന്നും ഒരു സംസ്ഥാനത്തെയോ, രാഷ്ട്രീയപാര്‍ട്ടിയെയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഷങ്കര്‍ പറഞ്ഞു. സിനിമക്ക് യാതൊരു രാഷ്ട്രീയ അജണ്ടകൡല്ലെന്നും ഷങ്കര്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്മീറ്റിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘എല്ലാ സംസ്ഥാനത്തും അഴിമതി നടക്കുന്നുണ്ട് എന്നാണ് ഈ സിനിമ പറഞ്ഞു വെക്കുന്നത്. പ്രത്യേകിച്ച് ഒരു സംസ്ഥാനത്തെയോ, രാഷ്ട്രീയ പാര്‍ട്ടിയെയോ തരം താഴ്ത്താനോ അപമാനിക്കാനോ ഉദ്ദേശിച്ചിട്ടില്ല. എല്ലാ സംസ്ഥാനത്തും നടക്കുന്ന കഥ കാണിക്കുന്നതിന്റെ കൂട്ടത്തില്‍ ഗുജറാത്ത് രജിസ്‌ട്രേഷന്‍ കാര്‍ വന്നുവെന്നേ ഉള്ളൂ. അല്ലാതെ ഈ സിനിമക്ക് പ്രത്യേക രാഷ്ട്രീയ അജണ്ടകളൊന്നുമില്ല,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Director Shankar about the Gujarat registration Rolls Royce in Indian 2 trailer