| Wednesday, 26th June 2024, 8:50 pm

ഇന്ത്യനില്‍ സേനാപതിക്ക് 70 വയസ്, രണ്ടാം ഭാഗം ഇറങ്ങുമ്പോള്‍ 108 വയസ്, ഈ പ്രായത്തില്‍ എങ്ങനെ ഫൈറ്റ് ചെയ്യും, ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി ഷങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഇന്ത്യന്‍ 2. 1996ല്‍ ഷങ്കര്‍- കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ വന്ന ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ചിത്രം. ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ നേടിയതിനൊപ്പം ഇന്‍ഡസ്ട്രി ഹിറ്റായി മാറാനും ഇന്ത്യന് സാധിച്ചു. സേനാപതി എന്ന കഥാപാത്രം ഇന്നും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 2019ല്‍ അനൗണ്‍സ് ചെയ്ത ഇന്ത്യന്‍ 2 ഒരുപാട് പ്രയാസങ്ങള്‍ക്ക് ശേഷം ജൂലൈയില് തിയേറ്ററുകളിലെത്തുകയാണ്.

ചിത്രം അനൗണ്‍സ് ചെയ്ത സമയം മുതല്‍ എല്ലാവര്‍ക്കും ഉണ്ടായ സംശയമാണ് രണ്ടാം ഭാഗത്തില്‍ സേനാപതിയുടെ പ്രായം. ആദ്യ ഭാഗത്തില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള സേനാപതി രണ്ടാം ഭാഗത്തിലേക്കെത്തുമ്പോള്‍ 100 വയസിന് മുകളിലുള്ള ആളായി മാറും. ട്രെയ്‌ലറില്‍ സേനാപതിയുടെ ഫൈറ്റ് സീനുകള്‍ ഇത്തരം സംശയങ്ങള്‍ ഒന്നുകൂടി കൂട്ടി. 100 വയസുള്ള ഒരാള്‍ എങ്ങനെ ഇതുപോലെ ഫൈറ്റ് ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് സംവിധായകന്‍ ഷങ്കര്‍.

ചൈനയില്‍ 120 വയസുള്ള ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് മാസ്റ്ററുണ്ടെന്നും ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും ഇപ്പോഴും തുടരുന്ന ആ മാസ്റ്റര്‍ ഈ പ്രായകത്തിലും വളരെ നല്ല രീതിയില്‍ ഫൈറ്റ് ചെയ്യുന്നുണ്ടെന്നും അതുപോലെ ഒരു മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദനാണ് സേനാപതിയെന്നും ഷങ്കര്‍ പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഷങ്കര്‍ ഇക്കാര്യം പറഞ്ഞത്.

‘ചൈനയില്‍ ലൂ സി ജിയാന്‍ എന്നൊരു മാര്‍ഷ്യല്‍ ആര്‍ട്‌സ് ഗുരുവുണ്ട്. അദ്ദേഹത്തിന് 120 വയസാണ്. ഈ പ്രായത്തിലും അദ്ദേഹം നല്ല എനര്‍ജിയോടെ കിക്ക് ചെയ്യുകയും മറ്റ് ഫൈറ്റുകളും ചെയ്യുന്നുണ്ട്. ചിട്ടയായ വ്യായാമവും ഭക്ഷണക്രമവും ഇപ്പോഴും ഫോളോ ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹത്തിന് ഇതെല്ലാം സാധിക്കുന്നത്. ഇന്ത്യനിലെ സേനാപതിയും മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ധനാണ്. വര്‍മ എന്ന ആയോധനകലയുടെ മാസ്റ്ററാണ് സേനാപതി. അദ്ദേഹവും വ്യായാമവും, ഭക്ഷണവും കൊണ്ട് ഈ പ്രായത്തിലും എനര്‍ജറ്റിക്കായി നടക്കുന്നതായിക്കൂടെ?,’ ഷങ്കര്‍ പറഞ്ഞു.

Content Highlight: Director Shankar about controversies on Senapathi’s age in Indian 2

We use cookies to give you the best possible experience. Learn more