ലാല്‍, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, അനഘ നാരായണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡിയര്‍ വാപ്പി റീലിസിനൊരുങ്ങുകയാണ്.
അച്ഛന്‍ മകള്‍ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാന്‍ തുളസിയാണ്.
ചിത്രത്തിന്റെ ടീസറില്‍ തന്റെ മകളോട് തട്ടം ധരിക്കുന്നതിനെ കുറിച്ച് ഉപ്പയായ ലാല്‍ പറയുന്ന ഡയലോഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകള്‍ രംഗത്ത് വന്നിരുന്നു.
ചെയ്യുന്ന ജോലിക്ക് അനുസരിച്ചാണ് ഓരോരുത്തരും വസ്ത്രം ധരിക്കേണ്ടതെന്നും, തട്ടമിട്ട് കൊണ്ട് മാത്രം ആ ജോലി ചെയ്യണമെന്ന് നിര്‍ബന്ധമൊന്നുമില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്.
”എന്താണോ നമ്മുടെ ഫീല്‍ഡ്, നമ്മുടെ ജോലി, അതിനനുസരിച്ചായിരിക്കണം നമ്മുടെ വസ്ത്രവും. അല്ലാതെ തട്ടം മാത്രം ഇട്ടുകൊണ്ട് ആ ജോലി ചെയ്യണം എന്നൊന്നുമില്ല.
ഇപ്പോള്‍ തന്നെ സാനിയ മിര്‍സക്ക് തട്ടമിട്ട് കൊണ്ട് ടെന്നീസ് കളിക്കാന്‍ പറ്റുമോ? അവര്‍ക്ക് അവരുടേതായ ഒരു ഡ്രസ് കോഡുണ്ട്. അതിനനുസരിച്ച് നമ്മള്‍ മാറേണ്ടതുണ്ട്. ഈ ചിന്തയാണ് ടീസറിലൂടെ കാണിക്കാന്‍ ശ്രമിച്ചത്,” അദ്ദേഹം പറഞ്ഞു.
കൂടാതെ മലബാര്‍ മേഖലകളിലെ മുസ്‌ലിം സംസ്‌കാരവും, അവരുടെ സ്‌നേഹവും, നന്മയും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും, അതിനാലാണ് കണ്ണൂര്‍, മാഹി, എന്നിവിടങ്ങളില്‍ വെച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”ഞാനൊരു കൊല്ലംകാരനാണ്. സിനിമയുടെ പശ്ചാത്തലം മലബാര്‍ മേഖലയായിരിക്കണമെന്നാണ് കഥയെഴുതിയപ്പോള്‍ തന്നെ ഞാന്‍ തീരുമാനിച്ചത്. അവിടുത്തെ ജനങ്ങളുടെ സംസാരവും, സ്‌നേഹവും ഒക്കെ ചിത്രത്തിലൂടെ പറയണം എന്നെനിക്ക് തോന്നി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപ്പയുടെ ആഗ്രഹം നിറവേറ്റാനായി മകള്‍ നടത്തുന്ന ശ്രമങ്ങളും, അവള്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും, പ്രശ്‌നങ്ങളുമൊക്കെയാണ് ചിത്രം കാണിക്കുന്നത്.
ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ലിജോ പോള്‍ ആണ് എഡിറ്റര്‍. പാണ്ടികുമാര്‍ ആണ് ഛായാഗ്രഹണം. ചിത്രം ഈ മാസം 16 ന് തിയേറ്ററുകളിലെത്തും.
Content Highlight: Director Shan thulasi on Dear vappi movie