| Wednesday, 31st May 2023, 7:58 pm

സക്കറിയയും ഞാനും റൂംമേറ്റ്‌സ് ആയിരുന്നു, നിലനില്‍പിന് വേണ്ടിയുള്ള ജോലികളൊക്കെ ചെയ്തിരുന്നു: ഷമല്‍ സുലൈമാന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജാക്‌സണ്‍ ബസാര്‍ യൂത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന യുവ സംവിധായകനാണ് ഷമല്‍ സുലൈമാന്‍. സംവിധായകന്‍ സക്കറിയയാണ് ചിത്രത്തിന്റെ നിര്‍മാണം. ലുക്മാന്‍, ജാഫര്‍ ഇടുക്കി, ചിന്നു ചാന്ദ്‌നി എന്നിവരാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.

സക്കറിയയുമായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഷമല്‍. മീഡിയ വണ്ണുമായുള്ള അഭിമുഖത്തിലാണ് ഷമല്‍ സംസാരിച്ചത്.

സക്കറിയയും താനും കോഴിക്കോട് ഒരു ഡോര്‍മെറ്ററിയില്‍ റൂംമേറ്റ്‌സ് ആയിരുന്നെന്നും സക്കറിയയെ താന്‍ മാഷേ എന്നാണ് വിളിക്കുന്നതെന്നും ഷമല്‍ പറഞ്ഞു. നിലനില്‍പിന് വേണ്ടിയുള്ള ജോലികളൊക്കെ ചെയ്തിരുന്നെന്നും ഷമല്‍ കൂട്ടിച്ചേര്‍ത്തു.

‘ സക്കറിയയും ഞാനും കോഴിക്കോട് ഒരു ഡോര്‍മെറ്ററിയില്‍ റൂംമേറ്റ്‌സ് ആയിരുന്നു. അടുത്തടുത്ത ബെഡിലാണ് ഞങ്ങള്‍ കിടന്നിരുന്നത്. രാവിലെ സക്കറിയ എഴുന്നേറ്റ് ഡ്യൂട്ടിക്ക് പോകുമായിരുന്നു.

എനിക്ക് രാത്രിയായിരുന്നു ഡ്യൂട്ടി. ഒരു പത്രത്തില്‍ സബ്ബ് എഡിറ്റര്‍ ട്രെയിനിയായിട്ട് വര്‍ക്ക് ചെയ്യുകയായിരുന്നു. രാത്രി മൂന്ന് മണി മുതല്‍ പുലര്‍ച്ചെ ഏഴ് മണി വരെയാണ് എന്റെ ഷിഫ്റ്റ്.

സക്കറിയ ഒരു സ്ഥാപനത്തില്‍ പഠിപ്പിച്ചിരുന്നു. അന്ന് തൊട്ടേ എല്ലാവരും സക്കറിയയെ മാഷേ എന്നാണ് വിളിച്ചിരുന്നത്. എന്റെ അധ്യാപകന്‍ അല്ലെങ്കിലും സമപ്രായക്കാരെല്ലാവരും മാഷേ എന്ന് വിളിക്കുന്നത് കൊണ്ട് ഞാനും അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. പിന്നെയത് ശീലമായിപ്പോയി.

സക്കറിയ സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ ചെയ്തപ്പോള്‍ എന്നെ വിളിച്ചു. ആ സിനിമ ഞാനും ത്വാഹയും കൂടെയിരുന്നാണ് ടൈപ്പ് ചെയ്തിരുന്നത്. അതായിരുന്നു അതിന്റെ ഒരു പ്രോസസ്.

നിലനില്‍പിന് വേണ്ടിയുള്ള ജോലികളൊക്കെ ചെയ്തിരുന്നു. പക്ഷേ അതൊക്കെ സിനിമക്ക് വേണ്ടിയുള്ളതായിരുന്നു, ‘ ‘ ഷമല്‍ പറഞ്ഞു.

Content Highlights: Director Shamal Sulaiman about Director Sakkariya

We use cookies to give you the best possible experience. Learn more