വരിക്കാശ്ശേരി മന താന്‍ ആദ്യമായിട്ട് കാണുന്നത് ദേവാസുരം സിനിമയുടെ ഷൂട്ടിങ് സമയത്താണെന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ആ സെറ്റപ്പില്‍ ഒരുങ്ങി സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോഴാണ് ആറാം തമ്പുരാന്‍ വരുന്നതെന്നും എന്നാല്‍ ദേവാസുരം അവിടെ ഷൂട്ട് ചെയ്തതുകൊണ്ട് വേറെ സ്ഥലം നോക്കാന്‍ രഞ്ജിത്ത് പറഞ്ഞെന്ന് ഷാജി കൈലാസ് പറയുന്നു.
വേറെ സ്ഥലമെല്ലാം നോക്കിയെങ്കിലും അനുമതി കിട്ടാത്തതുകൊണ്ട് വീണ്ടും വരിക്കാശ്ശേരി മനയില്‍ തന്നെ ആറാം തമ്പുരാന്‍ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചെന്നും ദേവാസുരം വരാത്ത രീതില്‍ ആറാം തമ്പുരാന്‍ എടുത്തോളാമെന്ന് രഞ്ജിത്തിനോട് പറഞ്ഞെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു. ക്ലബ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വരിക്കാശ്ശേരി മന ആദ്യമായിട്ട് ഞാന്‍ കാണുന്നത് ദേവാസുരത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ്. അന്ന് മനയില്‍ ആളുകള്‍ താമസിക്കുന്നുണ്ടായിരുന്നു. അന്ന് നോണ്‍ വെജ് ഒന്നും കയറ്റാന്‍ പാടില്ലായിരുന്നു. ഫുള്‍ വെജാണ് എല്ലാവരും കഴിച്ചുകൊണ്ടിരുന്നത്. ആ സെറ്റപ്പില്‍ തന്നെ നമുക്കൊരു സിനിമ ചെയ്യണം എന്ന് ആഗ്രഹിച്ചപ്പോഴാണ് ആറാം തമ്പുരാന്‍ വരുന്നത്.
ആറാം തമ്പുരാന്‍ വന്നപ്പോള്‍ രഞ്ജിത്ത് പറഞ്ഞു ‘എടാ ദേവാസുരം അവിടെ ചെയ്തതാണ്. നീ ഇത് വീണ്ടും അവിടെ കൊണ്ടുപോണ്ടാ, വേറെ സ്ഥലം വിട്ട് പിടി’യെന്ന്. അതിന് ശേഷം ഞങ്ങള്‍ ആറാം തമ്പുരാന്റെ ലൊക്കേഷന്‍ നോക്കി വേറെ സ്ഥലത്ത് പോയി. കുറച്ച് കൂടെ വലിയൊരു മന ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഒരാളുടെ ഒപ്പ് കൂടെ നമുക്ക് കിട്ടാത്തതുകൊണ്ട് അവിടെ ഷൂട്ട് ചെയ്യാന്‍ പറ്റിയില്ല.
അങ്ങനെ ഞങ്ങള്‍ വീണ്ടും വരിക്കാശ്ശേരി മനയിലേക്ക് വന്നു. അപ്പോള്‍ ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു ദേവാസുരം വരാത്ത രീതിയില്‍ ആറാം തമ്പുരാന്‍ ചെയ്‌തോളാമെന്ന്,’ ഷാജി കൈലാസ് പറയുന്നു.
Content Highlight: Director Shaji Kailas Talks About Varikkasseri Mana And Aaraam Thampuran Movie