| Friday, 15th July 2022, 11:51 pm

20 വരെ എണ്ണിയിട്ടും മുങ്ങിയവന്‍ പൊങ്ങിയില്ല, അടിയൊഴുക്കില്‍ പെട്ടുപോയി; നരസിംഹത്തിലെ ഇന്‍ട്രോ സീന്‍ ഷൂട്ടിനെ പറ്റി ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലിന്റെ ഏറ്റവും ജനപ്രിയമായ സിനിമകളിലൊന്നാണ് നരംസിംഹം. പൂവള്ളി ഇന്ദുചൂഡനായി മോഹന്‍ലാല്‍ തകര്‍ത്താടിയ ചിത്രം രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസാണ് സംവിധാനം ചെയ്തത്.

തിലകന്‍, ജഗതി ശ്രീകുമാര്‍, ഐശ്വര്യ ഭാസ്‌കര്‍, നരേന്ദ്രപ്രസാദ്, കനക, സായ് കുമാര്‍ എന്നിവരും വേഷമിട്ട ചിത്രത്തില്‍ നന്ദഗോപാല്‍ മാരാര്‍ എന്ന മമ്മൂട്ടിയുടെ ഗസ്റ്റ് റോളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

നരസിംഹത്തില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെട്ടതായിരുന്നു മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍. ഭാരതപ്പുഴയില്‍ നിന്നും പൊങ്ങിവരുന്ന ഇന്ദുചൂഡന്‍ അക്കാലത്ത് തിയേറ്ററുകളെ ഹരം കൊള്ളിച്ചിരുന്നു.

ഈ രംഗം ഷൂട്ട് ചെയ്യാനായി നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നരസിംഹത്തിലെ വിശേഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്.

‘മോഹന്‍ലാലിന്റെ ഇന്‍ട്രോ സീന്‍ ഭാരതപ്പുഴയിലാണ് ഷൂട്ട് ചെയ്യാന്‍ വെച്ചിരുന്നത്. ലാല്‍ വരുന്നതിന് മുമ്പ് പൊസിഷനൊക്കെ ഒരാളെ വെച്ച് ചെക്ക് ചെയ്യണം. ചുമ്മാ പൊസിഷന്‍ പറയാന്‍ പറ്റില്ലല്ലോ. വെള്ളത്തിലിറങ്ങി ഒന്ന് മുതല്‍ എട്ട് വരെ എണ്ണികഴിയുമ്പോളേ പൊങ്ങാവുള്ളൂ. മുങ്ങുന്നയാളോട് അത് പറഞ്ഞുവെച്ചിരിക്കുകയാണ്.

പുള്ളി മുങ്ങി കഴിഞ്ഞ് നമ്മള്‍ എണ്ണുകയാണ്. 20 വരെ എണ്ണിയിട്ടും മുങ്ങിയവന്‍ പൊങ്ങിയില്ല. ദൈവമേ ആള് ചാടിക്കോളാന്‍ ഞാന്‍ പറഞ്ഞു. രക്ഷിക്കാന്‍ ആള് ചാടിയപ്പോള്‍ ദൂരെ നിന്നും സാര്‍ എന്നൊരു വിളി വന്നു. ഞാന്‍ നോക്കുമ്പോള്‍ രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് നിന്നും ആള് കൈ പൊക്കി കാണിക്കുകയാണ്. അടിയൊഴുക്ക് ആളെ അങ്ങ് കൊണ്ടുപോയി.

ആ സ്ഥലത്ത് ലാലിനെ വെച്ച് എങ്ങനെ ഷൂട്ട് ചെയ്യും. എനിക്കറിയില്ല. പിന്നെ ഒരു കുളത്തില്‍ വെച്ചാണ് മോഹന്‍ലാലിന്റെ ഇന്‍ട്രോ ഷൂട്ട് ചെയ്തത്,’ ഷാജി കൈലാസ് പറഞ്ഞു.

Content Highlight: Director Shaji Kailas talks about the challenges he faced while shooting the intro scene of mohanlal in narasimham

We use cookies to give you the best possible experience. Learn more