ഭാവനയെ നായികയാക്കി ഒരു ഹൊറര്‍ സിനിമയാണ് അടുത്തതായി ചെയ്യാന്‍ പോകുന്നതെന്ന് സംവിധായകന്‍ ഷാജി കൈലാസ്. കടുവക്ക് മുമ്പ് തുടങ്ങേണ്ട സിനിമയായിരുന്നു എന്നും, എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അതിന് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് സിനിമയിലേക്ക് വരുന്ന പുതിയ തലമുറയിലെ സംവിധായകര്‍ പുതിയ ആശയങ്ങള്‍ കയ്യിലുള്ളവരാണെന്നും, അവര്‍ക്ക് കഥ തെരഞ്ഞെടുക്കാന്‍ പുസ്തകങ്ങളുടെ ആവശ്യമില്ലെന്നും ഷാജി കൈലാസ് പറഞ്ഞു. കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഞാന്‍ അടുത്തത് ചെയ്യാന്‍ പോകുന്നത് ഒരു ഹൊറര്‍ സിനിമയാണ്. ശരിക്കും കടുവക്ക് മുമ്പ് ചെയ്യാനിരുന്ന സിനിമയാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് മാറി പോവുകയായിരുന്നു. ഭാവനയായിരിക്കും ആ സിനിമയിലെ നായിക. ഭാവനയെ ഫോക്കസ് ചെയ്താണ് ആ സിനിമ മുമ്പോട്ട് പോകുന്നത്.
യഥാര്‍ത്ഥത്തില്‍ അതൊരു ക്യാമ്പസ് ഹൊറര്‍ സിനിമയായിരിക്കും. അല്ലെങ്കില്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സിനിമയായിരിക്കും. ഈ സിനിമ തുടങ്ങുന്നതിന് മുമ്പ് ജനുവരി ഇരുപത്തിയാറിന് എലോണ്‍ സിനിമ റിലാസാകും.
അതുപോലെ തന്നെ പറയാനുള്ള ഒരു കാര്യം ഇപ്പോഴത്തെ ചെറുപ്പക്കരെല്ലാം മിടുക്കരാണ്. എന്റെ അസിസ്റ്റന്റായി വരുന്ന കുട്ടികളടക്കം നന്നായി കഷ്ടപ്പെടുന്നുണ്ട്. അവരിലൂടെ സിനിമക്ക് ഒരുപാട് മാറ്റം വരാന്‍ സാധ്യതയുണ്ട്. അത് എനിക്ക് നന്നായി ഫീല്‍ ചെയ്യുന്നുമുണ്ട്.
പുതിയ പുതിയ ആശയങ്ങളുള്ള കുട്ടികളാണ് ഇപ്പോഴത്തേത്. അവര്‍ക്ക് കൃത്യമായി കഥ തെരഞ്ഞെടുക്കാന്‍ അറിയാം. കഥ തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് പുസ്തകങ്ങളുടെ ആവശ്യമൊന്നുമില്ല. ഞാന്‍ ഇവിടെ ഒരു നടനേയും ആക്ഷന്‍ സ്റ്റാറാക്കി മാറ്റിയിട്ടില്ല. അവരുടെ അഭിനയത്തിലൂടെ അവര്‍ സ്വയം ആയി തീര്‍ന്നതാണ്.
പുതിയ തലമുറയിലെ പിള്ളേര്‍ക്ക് ആക്ഷന്‍ സിനിമ ചെയ്യണമെങ്കില്‍ അവരുംകൂടി വിചാരിക്കണം. അല്ലാതെ ഒരിക്കലും നടക്കില്ലല്ലോ. അത്തരത്തില്‍ അവരും ആഗ്രഹിച്ച് മുമ്പോട്ട് വരുകയാണെങ്കില്‍ നമുക്ക് ഒരുമിച്ച് നല്ല ആക്ഷന്‍ സിനിമകളൊക്കെ ചെയ്യാന്‍ സാധിക്കും,’ ഷാജി കൈലാസ് പറഞ്ഞു.
ഡിസംബര്‍ 22നാണ് കാപ്പ തിയേറ്ററിലെത്തിയത്. ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, ജഗദീഷ്, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.