ആക്ഷനും കോമഡിയും ഒരുപോലെ ചെയ്യാന്‍ കഴിയുന്ന താരങ്ങളാണ് ഫഹദും ദുല്‍ഖറുമെന്ന് സംവിധായകന്‍ ഷാജി കൈലാസ്. ആക്ഷന്‍ രംഗങ്ങളുടെ മൂഡ് ക്രിയേറ്റ് ചെയ്യാന്‍ ഫഹദിന് നന്നായി അറിയാമെന്നും തമിഴിലും തെലുങ്കിലുമായി പല തവണ അത് താരം തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാപ്പ സിനിമയുടെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഫഹദിനെ സംബന്ധിച്ചിടത്തോളം ആക്ഷന്‍ സിനിമകള്‍ക്ക് വേണ്ട ഒരു മൂഡ് ക്രിയേറ്റ് ചെയ്യാന്‍ സാധിക്കും. അങ്ങനെയുള്ള സീനൊക്ക തമിഴില്‍ നന്നായിട്ട് ഫഹദ് ചെയ്തത് നമ്മള്‍ കണ്ടതാണല്ലോ. അതുപോലെ തന്നെ മനോഹരമായി തെലുങ്കിലും ഫഹദിന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്.
അതുമാത്രമല്ല നന്നായിട്ട് ഹ്യൂമര്‍ ചെയ്യാന്‍ അറിയാവുന്ന ആളുമാണ്. സത്യേട്ടന്റെ സിനിമയിലൊക്കെ ഫഹദിന്റെ അത്തരത്തിലുള്ള പ്രകടനങ്ങള്‍ നമ്മള്‍ കണ്ടതാണല്ലോ. നല്ല വഴക്കമുള്ള നടനാണ് അയാള്‍. ഒരു നടനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യവും അത് തന്നെയാണ്.
ഫഹദ് മാത്രമല്ല ദുല്‍ഖറും അങ്ങനെ തന്നെയാണ്. കോമഡിയും ആക്ഷനുമൊക്കെ നന്നായി കൈകാര്യം ചെയ്യാന്‍ അറിയാം. നമ്മുടെ സിനിമയിലെ യുവ തലമുറ അടിപൊളിയാണ്. എന്റെ ഒന്നും കയ്യില്‍ അവരെ കിട്ടിയില്ല എന്നേയുള്ളു.
അവരെയൊക്കെ കയ്യില്‍ കിട്ടാന്‍ വേണ്ടി ഞങ്ങളും കാത്തിരിക്കുകയാണിപ്പോള്‍. ചെയ്യാനുള്ള കഥയൊന്നും തയാറായിട്ടില്ല. പക്ഷെ അവരെയൊക്കെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതുപോലെ ഫഹദ് മാത്രമാണ് എല്ലാം ചെയ്യാന്‍ കഴിയുന്ന താരം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഇനി അതിനെ ഫോക്കസ് ചെയ്ത് എഴുതരുത്,’ ഷാജി കൈലാസ് പറഞ്ഞു.
അതേസമയം കാപ്പയാണ് ഷാജി കൈലാസിന്റെ ഏറ്റവും പുതിയ സിനിമ. ഡിസംബര്‍ 22നാണ് കാപ്പ തിയേറ്ററിലെത്തിയത്. ജി.ആര്‍ ഇന്ദുഗോപന്റെ ശംഖുമുഖി എന്ന കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ്, ആസിഫ് അലി, ജഗദീഷ്, അന്ന ബെന്‍, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് കാപ്പയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.