രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു വല്ല്യേട്ടന്‍. അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ ചിത്രം ആ വര്‍ഷത്തെ കളക്ഷന്‍ റെക്കോഡുകള്‍ പലതും തകര്‍ത്തെറിഞ്ഞിരുന്നു. റിലീസ് ചെയ്ത് 24 വര്‍ഷങ്ങള്‍ക്ക് ശേഷം 4k സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്തിരുന്നു.
മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രത്തിനായി റെഫറന്‍സ് എടുത്തത് എം.ടി വാസുദേവന്‍ നായരുടെ വടക്കന്‍ വീരഗാഥ പോലെയുള്ള സിനിമയും കഥാപാത്രവുമാണെന്ന് ഷാജി കൈലാസ് പറയുന്നു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷാജി കൈലാസ്.
‘നമ്മള്‍ മാധവനുണ്ണിയെ മോള്‍ഡ് ചെയ്യുമ്പോള്‍ നമ്മുടെ മുന്നിലേക്ക് വന്നത് എം.ടി ചെയ്ത കുറേ പവര്‍ഫുളായിട്ടുള്ള കഥാപാത്രങ്ങളാണ്. വടക്കന്‍ വീരഗാഥ പോലെയുള്ളത്. ലോ പ്രൊഫൈലില്‍ അഭിനയിച്ച് ഡയലോഗ് പറയുന്നതിന്റെ ഫോഴ്സ് കൂട്ടുമ്പോള്‍ അതിന്റെ പവര്‍ കൂടും. മമ്മൂട്ടിയുടെ മുഖത്തത് വരില്ല. പക്ഷെ ഡബ് ചെയ്യുമ്പോള്‍ ഡയലോഗ് ഡെലിവറികൊണ്ട് അദ്ദേഹം അതെല്ലാം പിടിക്കും.
കിങ് സിനിമ എടുക്കുമ്പോഴും ഞാന്‍ ഇത് ശ്രദ്ധിച്ചിട്ടുണ്ട്. പലപ്പോഴും മമ്മൂക്കക്ക് ഡെഡ് ഐസാണ്. എക്സ്പ്രെഷന്‍ ഇല്ലാത്ത കണ്ണുകളായിരിക്കും. ഇങ്ങനെ ആള്‍ക്കാരുടെ മുഖത്തേക്ക് നോക്കിക്കഴിഞ്ഞാല്‍ എതിര്‍വശത്ത് നില്‍ക്കുന്ന ആര്‍ട്ടിസ്റ്റ് ബ്ലാങ്കായി പോയിട്ടുണ്ട്. വലിയ ആര്‍ട്ടിസ്റ്റുകള്‍വരെ എന്റെയടുത്ത് പറഞ്ഞിട്ടുണ്ട് ‘ഷാജി എനിക്ക് മമ്മൂട്ടിയുടെ മുന്നില്‍ ചെയ്യാന്‍ പറ്റുന്നില്ല’ എന്ന്.
പിന്നെ ഞാന്‍ ചെന്ന് നോക്കുമ്പോഴാണ് എനിക്ക് മനസിലാകുന്നത് മമ്മൂക്ക ഓപ്പോസിറ്റ് ഉള്ള ആളുടെ കണ്ണിലേക്ക് നേരെ നോക്കി അവരുടെ കണ്ണിനെ ഡെഡ് ആക്കി ഇട്ടിരിക്കുകയാന്നെന്ന്. അങ്ങനെ അഭിനയിക്കാനുള്ള കുറേ ടെക്നിക്കുകള്‍ അദ്ദേഹത്തിന്റെ അടുത്തുണ്ട്. അത് ഞങ്ങള്‍ക്കറിയാം.
സിമ്പിള്‍ ആയിട്ട് പറയുന്നതില്‍ ഡബ്ബിങ്ങില്‍ അദ്ദേഹം ഫോഴ്‌സ് കയറ്റും. എന്താണോ ഷൂട്ട് ചെയ്യുന്നത് അതിന്റെ നൂറ് ഇരട്ടിയാണ് ഡബ്ബ് കഴിയുമ്പോള്‍ നമുക്ക് കിട്ടുന്നത്. അത് മമ്മൂക്കയുടെ വലിയൊരു പ്ലസ് പോയിന്റാണ്,’ ഷാജി കൈലാസ് പറയുന്നു.
Content Highlight: Director Shaji kailas Talks About Character Molding Of Mammootty In Valliettan Movie