| Sunday, 10th July 2022, 8:30 am

മോഹന്‍ലാലിന് വേണ്ടിയുള്ള സ്‌ക്രിപ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ്, ഹെവി പടമായിരിക്കുമത്: ഷാജി കൈലാസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നിരിക്കുകയാണ് ഹിറ്റ്‌മേക്കര്‍ ഷാജി കൈലാസ്. പൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങിയ കടുവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.

മാസ് മസാല ആക്ഷന്‍ ജോണറില്‍ വരുന്ന ഒരു പക്കാ ഷാജി കൈലാസ് ചിത്രം തന്നെയാണ് കടുവ. ഹീറോയായി പൃഥ്വിയും വില്ലനായി വിവേക് ഒബ്രോയ്‌യും എത്തിയ ചിത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്.

പൃഥ്വിരാജിന്റെ കരിയറിലെ വലിയ മാസ് സിനിമകളില്‍ ഒന്നുകൂടിയാണ് കടുവ.

ഇപ്പോഴിതാ, മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ ചെയ്യാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ് ചിത്രത്തിന്റെ സംവിധായകനായ ഷാജി കൈലാസ്.

ഫില്‍മി ഹൂഡ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി ഒരു സിനിമ പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഷാജി കൈലാസ് ഇക്കാര്യം പറഞ്ഞത്.

മോഹന്‍ലാലുമായി സിനിമ ചെയ്യാന്‍ തനിക്കാഗ്രഹമുണ്ടെന്നും സ്‌ക്രിപ്റ്റിനായി വെയ്റ്റിങ്ങാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ആ സ്‌ക്രിപ്റ്റിന് വേണ്ടി വെയിറ്റിങ്ങാണ്. ഞാന്‍ ഇദ്ദേഹത്തോട് (ജിനു എബ്രഹാം) റിക്വസ്റ്റ് ചെയ്തിട്ടുണ്ട്. ഹെവി പടമാണ് എനിക്കിഷ്ടമുള്ളത്, അല്ലെങ്കില്‍ എനിക്ക് വര്‍ക് ചെയ്യാന്‍ സാധിക്കില്ല.

മറ്റേതാണെങ്കില്‍ ഞാന്‍ ഇങ്ങനെ തണുത്തിരിക്കും, ഈ സോഫ്റ്റ് പടങ്ങളൊക്കെ വന്നാല്‍. നമുക്ക് എനര്‍ജി വര്‍ക് ചെയ്യണമെങ്കില്‍ ഇങ്ങനെയുള്ള പടം വരണം,’ ഷാജി കൈലാസ് പറയുന്നു.

കോമഡി ജോണറിലുള്ള ഒരു സിനിമ ചെയ്യാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ ഇപ്പോഴതിന് ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അദ്ദേഹം ഒരുക്കിയ കടുവ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തിയിട്ടുണ്ട്.

ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് കടുവ വ്യാഴാഴ്ച തീയറ്ററുകളില്‍ എത്തിയത്. കടുവക്കുന്നേല്‍ കുര്യച്ചനായി പൃഥ്വിരാജും ഐ.ജി ജോസഫ് ചാണ്ടിയായി വിവേക് ഒബ്രോയ്യും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. കുര്യച്ചനും ജോസഫ് ചാണ്ടിയും തമ്മിലുള്ള പ്രതികാരവും അടിയും തിരിച്ചടിയുമെല്ലാം ഷാജി കൈലാസ് മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

സംയുക്ത മേനോന്‍, സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Director Shaji Kailas says he is waiting for a script to work with Mohanlal

We use cookies to give you the best possible experience. Learn more