നീതിന്യായവ്യവസ്ഥയുടെ പോരായ്മകള്‍ ചൂണ്ടികാണിച്ചു കൊണ്ട് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് സൗദി വെള്ളക്ക. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
ഓപ്പറേഷന്‍ ജാവ എന്ന ആദ്യ ചിത്രം മുതല്‍ തന്നെ തരുണിന്റെ സിനിമകള്‍ക്ക് ആരാധകരുണ്ട്. നിരവധി ആളുകളാണ് ചിത്രത്തെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. സംവിധായകന്‍ ഷാജി കൈലാസും ചിത്രത്തെയും തരുണിനെയും അഭിനന്ദിച്ചെത്തിയിരിക്കുകയാണ്.
സൗദി വെള്ളക്ക കണ്ട് പുറത്തിറങ്ങുമ്പോഴാണ് സിനിമയെക്കുറിച്ച് മാധ്യമങ്ങളോട് ഷാജി കൈലാസ് സംസാരിച്ചത്. സിനിമ തന്നെ ഭയങ്കര ഫീലിലേക്ക് കൊണ്ടുപോയെന്നും തരുണിന്റെ സംവിധാനവും കഥയും അവ ചിത്രീകരിച്ചതും മനോഹരമായിട്ടുണ്ടെന്നാണ് ഷാജി കൈലാസ് പറഞ്ഞത്.
”സൗദി വെള്ളക്ക കണ്ടു ഭയങ്കര ഫീലിലേക്ക് കൊണ്ട് പോയി. ഒരു പ്രത്യേക രീതിയിലുള്ള വല്ലാത്ത സിനിമ. സംവിധാനം അസ്സലായിട്ടുണ്ട്. വളരെ മനോഹരമായിട്ടാണ് എഴുതിയിരിക്കുന്നത്. എഴുതിയത് ഭംഗിയായിട്ട് എടുത്തിട്ടുമുണ്ട്. എല്ലാവരുടെയും പെര്‍ഫോമന്‍സ് സൂപ്പറായിട്ടുണ്ട്. വളരെ നല്ല ഫ്‌ളോ തരുന്ന സിനിമയാണ്,” ഷാജി കൈലാസ് പറഞ്ഞു.
സൗദിയില്‍ വെച്ച് നടന്ന വെള്ളക്ക കേസിനു പിന്നാലെയുള്ള നടപ്പാണ് ഒറ്റവാക്കില്‍ സൗദി വെള്ളക്ക.CC225/2009. നീതിന്യായ വ്യവസ്ഥയുടെ മെല്ലെ പോക്കില്‍ ശ്വാസം മുട്ടി വര്‍ഷങ്ങളോളം ഒറ്റക്ക് പൊരുതേണ്ടി വന്ന ഉമ്മ മാത്രമാണ് ചിത്രത്തിലുള്ളതെങ്കിലും കോടതി കയറി ഇറങ്ങി, ജീവിക്കാന്‍ മറന്ന ഒരുപാട് പേരുടെ കഥയാണ് സൗദി വെള്ളക്ക.
സോഷ്യല്‍ ഡ്രാമ എന്ന ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ ജാവ പോലെ ത്രില്ലര്‍ കാഴ്ച വാഗ്ദാനം ചെയ്യുന്ന സിനിമയല്ല സൗദി വെള്ളക്ക. ഒരു വെള്ളക്ക (മച്ചിങ്ങ) കേസിന് പിന്നാലെയുള്ള കുറച്ച് ജീവിതവും അത് ജീവിച്ച് തീര്‍ക്കുന്ന സാധാരണക്കാരുമാണ്.
ബിനു പപ്പു, ലുക്മാന്‍ എന്നിവര്‍ക്കൊപ്പം ദേവി വര്‍മ, ധന്യ അനന്യ, ഗോകുലന്‍, സുജിത്ത് ശങ്കര്‍, രമ്യ സുരേഷ്, കുര്യന്‍ ചാക്കോ തുടങ്ങി നിരവധി അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്. തിരക്കഥയും സംവിധാനവും തരുണ്‍ മൂര്‍ത്തിയാണ്. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടെയാണ് ബിനു പപ്പു.
content highlight: Director Shaji Kailas has appreciate the saudi vellakka movie and Tarun moorthy