| Friday, 3rd February 2023, 6:06 pm

ലാലേട്ടനെ ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കുന്നത് പ്രത്യേകതരം മൈന്‍ഡ് സെറ്റുള്ളവര്‍, അതിനുള്ള കാരണമെന്താണെന്ന് ഒരുപിടിയും കിട്ടുന്നില്ല: ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ ലാലിനെ ടാര്‍ഗറ്റ് ചെയ്ത് വിമര്‍ശിക്കുകയാണെന്ന് സംവിധായകന്‍ ഷാജി കൈലാസ്. മോഹന്‍ ലാലിനെ അടുത്ത കാലത്തായി വലിയ രീതിയില്‍ ടാര്‍ഗറ്റ് ചെയ്യുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും അതിന്റെ കാരണമെന്താണെന്ന് അറിയില്ലെന്നും ഷാജി കൈലാസ് പറഞ്ഞു.

ഇത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ കാണുമ്പോള്‍ മോഹന്‍ ലാലിനെ സ്‌നേഹിക്കുന്നവര്‍ പോലും പതറിപോവുകയാണെന്നും പ്രത്യേകതരം മൈന്‍ഡ് സെറ്റുള്ളവരാണെന്ന് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പണ്ട് ഈ പടം മോശമാണെന്ന് പറഞ്ഞു കൊണ്ട് ചില വീക്ക്‌ലികള്‍ എഴുതുമായിരുന്നു. ഇന്ന് ഡെയ്‌ലി വേജസില്‍ ആളുകള്‍ എഴുതുകയാണ്. നമുക്ക് അതില്‍ ഒന്നും പറയാന്‍ പറ്റില്ല. കാരണം എന്തെങ്കിലും പറഞ്ഞാല്‍ അത് അഭിപ്രായ സ്വാതന്ത്രത്തെ ഹനിച്ചു എന്ന് പറഞ്ഞ് പ്രശ്‌നമുണ്ടാക്കും. അതുകൊണ്ട് തന്നെ എന്തിനാണ് നമ്മള്‍ പറയാന്‍ പോകുന്നത്.

അവര്‍ വിമര്‍ശിച്ചോട്ടെ അത് അവരുടെ അഭിപ്രായ സ്വാതന്ത്രമല്ലെ. പക്ഷെ ഒരു സിനിമാ ഇന്‍ഡസ്ട്രിയില്‍ ഒരു സാധനം ചെയ്യുമ്പോള്‍ ബാധിക്കുന്നത് അതിന്റെ പിറകില്‍ നില്‍ക്കുന്ന കുടുംബത്തെയാണ്. ആ സിനിമ വിജയിക്കണമെന്നാണ് പോസ്റ്റര്‍ ഒട്ടിക്കുന്ന ആളുവരെ ചിന്തിക്കുക. അവര്‍ക്ക് ആ പോസ്റ്റര്‍ ഒട്ടിച്ചാല്‍ മാത്രമെ കാശ് കിട്ടുകയുള്ളു.

ഇവിടെ പലരും വിമര്‍ശിക്കുന്നത് ഫോക്കസായിട്ടാണ്. നമുക്ക് അറിയാം ഇവര്‍ ആരെയാണ് ടാര്‍ഗറ്റ് ചെയ്യുന്നതെന്ന്. എന്നെ വിമര്‍ശിച്ചാല്‍ എനിക്ക് ഒരു കുഴപ്പവും ഇല്ല. പക്ഷെ വലിയ വലിയ ആര്‍ട്ടിസ്റ്റുകളെ ഡീഗ്രേഡ് ചെയ്യുക എന്ന് പറഞ്ഞാല്‍ വളരെ വിഷമം തോന്നുന്നു.

ലാലേട്ടനെ ഈ അടുത്ത കാലത്തായി ടാര്‍ഗറ്റ് ചെയ്യുന്നതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. അതിനുള്ള കാരണമെന്താണെന്ന് എനിക്ക് ഒരുപിടിയും കിട്ടുന്നില്ല. അദ്ദേഹം എന്ത് ചെയ്തിട്ടാണ് ഇത്രയും പ്രശ്‌നമുണ്ടാകുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.

അദ്ദേഹത്തെ സ്‌നേഹിക്കുന്നവരും ഇത് കാണുമ്പോള്‍ പതറി പോവുകയാണ്. പ്രത്യേകതരം മൈന്‍ഡ് സെറ്റുള്ളവരാണ് ഇത് ചെയ്യുന്നത്. നമുക്ക് ഒന്നും അവരോട് പറയാനും പറ്റില്ല. അവര്‍ സന്തോഷിക്കുന്നു ബാക്കി ഉള്ളവര്‍ കുറച്ച് വിഷമിക്കുന്നു,” ഷാജി കൈലാസ് പറഞ്ഞു.

content highlight: director shaji kailas about mohan lal

We use cookies to give you the best possible experience. Learn more