| Monday, 13th September 2021, 10:49 am

ഇത്തരത്തിലൊരു കഥയും കഥാപാത്രവും ലാല്‍ ചെയ്യുമോ എന്നറിയില്ല എന്ന മുഖവുരയോടെയാണ് കഥ പറഞ്ഞത്; പുതിയ ചിത്രത്തെ കുറിച്ച് ഷാജി കൈലാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറാം തമ്പുരാനും നരസിംഹത്തിനും മുകളിലുള്ള ഒരു ഹിറ്റാണ് ലാല്‍-ഷാജികൈലാസ് കൂട്ടുകെട്ടില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വര്‍ഷങ്ങള്‍ക്കിപ്പുറവും ഇത്തരമൊരു കൂട്ടുകെട്ട് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവരതില്‍ പ്രതീക്ഷവെക്കുന്നുണ്ടെന്നും അറിയുന്നതില്‍ സന്തോഷമുണ്ടെന്നായിരുന്നു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാജി കൈലാസ് പറഞ്ഞത്.

മോഹന്‍ലാലിനൊപ്പം മുന്‍പ് ചെയ്ത സിനിമകള്‍ സൃഷ്ടിച്ച വിജയം തന്നെയാണ് ഈ സ്‌നേഹത്തിന് കാരണമെന്നും മറ്റൊരു തരത്തില്‍ അത് വലിയൊരു ഉത്തരവാദിത്വമാണൈന്നും ഷാജി കൈലാസ് പറയുന്നു.

”ആറാംതമ്പുരാന്‍ സിനിമകഴിഞ്ഞപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ ചോദിച്ചത് ഇതിനുമുകളില്‍ എന്തുചെയ്യാന്‍ കഴിയുമെന്നാണ്. അതൊരു ചോദ്യമായി ഉള്ളില്‍ കിടന്നു. ആറാം തമ്പുരാനെക്കാള്‍ പവര്‍കൂടിയ മറ്റൊരു സിനിമയ്ക്കുവേണ്ടിയായി ചിന്ത, അതിന്റെ ഫലമായിരുന്നു നരസിംഹം. പുതിയ സിനിമയുടെ പ്രഖ്യാപനം നടന്നശേഷം ഒരുപാട് പേര്‍ വിളിച്ചു, സോഷ്യല്‍ മീഡിയ വാര്‍ത്ത ആഘോഷിക്കുകയാണെന്നാണ് പലരും പറഞ്ഞത്,” ഷാജി കൈലാസ് പറഞ്ഞു.

ഇത്രയും വലിയൊരു ഇടവേള വന്നതിനെ കുറിച്ചും അഭിമുഖത്തില്‍ ഷാജി കൈലാസ് പറയുന്നുണ്ട്. മോഹന്‍ലാലിനുപറ്റിയ ഒരു കഥ ഉണ്ടെങ്കില്‍ അദ്ദേഹത്തിനടുത്തേക്ക് ധൈര്യമായി കയറിച്ചെല്ലാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നെന്നാണ് ഷാജി കൈലാസ് പറയുന്നത്.

”കുറച്ചുകാലം മുന്‍പ് ഒരു സിനിമയുടെ ഫസ്റ്റ് ഹാഫ് വരെയുള്ള കഥ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ബാക്കിയെന്തായി എന്ന് പിന്നീട് അന്വേഷിക്കുകയും ചെയ്തു. പക്ഷേ, ആ കഥയുടെ മുന്നോട്ടുള്ള സഞ്ചാരത്തില്‍ എനിക്ക് തൃപ്തിവന്നില്ല. അതുകൊണ്ടുതന്നെ അത് പറയാന്‍ ഞാന്‍ പോയതുമില്ല.

പുതിയ സിനിമയുടെ കഥ യാദൃച്ഛികമായി ലഭിച്ചതാണ്. ഒരു ചെറിയ ത്രെഡ് വികസിപ്പിച്ചുണ്ടാക്കിയ കഥ. ആന്റണിയോടാണ് ആദ്യം പറഞ്ഞത്. ഇത്തരത്തിലൊരു കഥയും കഥാപാത്രവും അദ്ദേഹം ചെയ്യുമോ എന്നറിയില്ല എന്ന മുഖവുരയോടെയാണ് അവതരിപ്പിച്ചത്.

ലാല്‍ ചിത്രങ്ങളുടെ പള്‍സ് അറിയാവുന്ന ആന്റണിയുടെ അഭിപ്രായം അറിഞ്ഞശേഷം അടുത്തചുവട് ആകാം എന്നതായിരുന്നു തീരുമാനം. കഥകേട്ട് പോസിറ്റീവായി തോന്നുന്നുവെന്ന് ആന്റണി പറഞ്ഞതോടെയാണ് മുന്നോട്ടുപോകാനുള്ള ഊര്‍ജമായത്,” ഷാജി കൈലാസ് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Director Shaji Kailas about his new movie with mohanlal

We use cookies to give you the best possible experience. Learn more