അനവധി മാസ് മലയാളം സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ഷാജി കൈലാസ്. തനിക്ക് ആഭരണങ്ങള്‍, ചരട് തുടങ്ങിയവ ധരിക്കുന്നത് ഇഷ്ടമുള്ള കാര്യമായതുകൊണ്ടാണ് സിനിമയിലെ കഥാപാത്രങ്ങളെ കൊണ്ടും അവ ധരിപ്പിക്കുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു.
നരസിംഹം സിനിമക്ക് വേണ്ടി മോഹന്‍ ലാലിന് ധരിക്കാനായി എല്ലാ കളര്‍ മുണ്ടും വാങ്ങിയത് താനാണെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് തന്റെ കഥാപാത്രങ്ങള്‍ക്കും അവ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നരസിംഹത്തില്‍ മോഹന്‍ ലാല്‍ ധരിച്ച ഷര്‍ട്ട് ചുരിദാറിന്റെ മെറ്റീരിയലാണെന്നും സ്ഥിരം ഷര്‍ട്ടിന് പകരം വെറൈറ്റി പിടിക്കാനാണ് അതെല്ലാം ഉപയോഗിച്ചതെന്നും ഷാജി കൈലാസ് പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എനിക്ക് ആഭരണങ്ങള്‍ പണ്ട് തൊട്ടേ ഇഷ്ടമാണ്. പണ്ട് തൊട്ടേ ആരും ഇടാറില്ല, പക്ഷെ ഞാന്‍ കയ്യിലും കാലിലും ഒക്കെ ഇടും. എന്തെങ്കിലും കണ്ടാല്‍ ഞാന്‍ അത് കയ്യിലൊക്കെ ചുറ്റും. എല്ലാവരും ചോദിക്കും അമ്പലത്തില്‍ നിന്ന് വാങ്ങിയതാണോയെന്നാണ്.
കളറായിട്ട് എവിടെ എന്തെങ്കിലും കണ്ടാല്‍ ഞാന്‍ അപ്പോള്‍ തന്നെ എടുത്ത് എന്റെ കയ്യില്‍ ചുറ്റും. കുറച്ച് ചരട് വാങ്ങി കൊണ്ടു വരണേയെന്ന് ഞാന്‍ പോകുന്നവരോട് ഒക്കെ പറയും. അത്തരത്തിലുള്ള ചില സാധനങ്ങള്‍ ഞാന്‍ എന്റെ കഥാപാത്രങ്ങള്‍ക്കും കൊടുക്കും.
ഹീറോ കഥാപാത്രങ്ങളുടെ കയ്യിലൊക്കെ ഞാന്‍ ഇതുപോലുള്ളവ ചെയ്യിക്കാറുണ്ട്. ഇതൊക്കെ കയ്യില്‍ കിടന്നാല്‍ എന്തോ ഒരു പവര്‍ കിട്ടുന്നത് പോലെയാണ്. അതിന് വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. നരസിംഹത്തിന് വേണ്ടി ഞാന്‍ എല്ലാ കളര്‍ മുണ്ടും വാങ്ങി കൊണ്ടുപോയി.
അന്നൊന്നും ആരും കളര്‍ മുണ്ട് ഉടുക്കില്ല. അതുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് വാങ്ങിയാണ് ഞാന്‍ കൊണ്ടുപോയത്. പല കളര്‍ മുണ്ട് കാണുമ്പോള്‍ അത് വെറൈറ്റിയായിട്ട് കിടക്കും. അപ്പോഴാണ് ആളുകള്‍ ശ്രദ്ധിക്കുക.
അതുപോലെ ഞാന്‍ തന്നെ ചൂസ് ചെയ്ത ഷര്‍ട്ടാണ് അതില്‍ ഇട്ടത്. ചുരിദാര്‍ മെറ്റീരിയല്‍ വെച്ചിട്ടാണ് ഷര്‍ട്ട് തയ്പിച്ചത്. സ്ഥിരം ഷര്‍ട്ട് പറ്റില്ല, വെറൈറ്റി തന്നെ വേണമെന്നത് എന്റെ നിര്‍ബന്ധമായിരുന്നു. അതുപോലെ തന്നെയാണ് കാപ്പയിലെ രാജുവിന്റെ ഷര്‍ട്ട്. സ്ഥിരം തുണി പറ്റില്ലെന്ന് പറഞ്ഞിട്ടാണ് അത് എടുത്തത്,” ഷാജി കൈലാസ് പറഞ്ഞു.
content highlight: director shaji kailas about his movies