ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും തമ്മില്‍ മാറിപ്പോയതാണ് ആ മമ്മൂട്ടി ചിത്രം പരാജയപ്പെടാന്‍ കാരണം: ഷാജി കൈലാസ്
Entertainment news
ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും തമ്മില്‍ മാറിപ്പോയതാണ് ആ മമ്മൂട്ടി ചിത്രം പരാജയപ്പെടാന്‍ കാരണം: ഷാജി കൈലാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 19th March 2023, 4:53 pm

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന കഥാപാത്രമായി വന്ന സിനിമയായിരുന്ന ദ്രോണ 2010. ചിത്രത്തില്‍ മമ്മൂട്ടി ഇരട്ട വേഷത്തിലാണ് എത്തിയത്. സിനിമ തിയേറ്ററില്‍ പരാജയപ്പെടുകയും ചെയ്തു. ദ്രോണ തിയേറ്ററില്‍ പരാജയമായതിന്റെ കാരണം തുറന്ന് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും തമ്മില്‍ മാറിപ്പോയന്നാണ് അദ്ദേഹം പറയുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ വരുന്ന കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടുവെന്നും എന്നാല്‍ രണ്ടാം പകുതിയില്‍ വരുന്ന കഥാപാത്രം പ്രേക്ഷകര്‍ക്ക് ദഹിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാച്വറലായി സഞ്ചരിച്ചിരുന്ന സിനിമ രണ്ടാം പകുതിയില്‍ സ്പിരിച്വല്‍ രീതിയിലേക്ക് പോയെന്നും അതാണ് ചിത്രത്തിന്റെ പരാജയ കാരണമെന്നും ഷാജി കൈലാസ് പറഞ്ഞു.

‘മൂന്നാല് ചിത്രങ്ങള്‍ അട്ടര്‍ ഫ്‌ളോപ്പായി. അപ്പോള്‍ പിന്നെ മൈന്‍ഡ് ഒന്ന് റിഫ്രഷ് ചെയ്യണമെന്ന് വിചാരിച്ചു. ഞാന്‍ തീരുമാനമെടുക്കുന്നതില്‍ തെറ്റുകള്‍ വരുന്നുണ്ട്. ഞാന്‍ തന്നെ എന്നെ ഒന്ന് പ്യൂരിഫൈ ചെയ്യണമെന്ന് വിചാരിച്ചു. ചുമ്മാ ഇരുന്ന് ഷൂട്ട് ചെയ്താല്‍ കുഴപ്പമായി പോവും. എന്നെ തന്നെ നിയന്ത്രിക്കാന്‍ തീരുമാനമെടുത്തതാണ്. കുറച്ച് നാള്‍ മാറി നിക്കാം എന്ന് വിചാരിച്ചു. അങ്ങനെയാണ് ബ്രേക്ക് എടുത്തത്.

ദ്രോണക്ക് പറ്റിയ പ്രശ്നം ഫസ്റ്റ് ഹാഫും സെക്കന്റ് ഹാഫും തമ്മില്‍ മാറിപ്പോയതാണ്. ഇന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ എന്ന് പിന്നീട് ചിന്തിച്ചു. അത് കറക്റ്റായിരുന്നു. ഫസ്റ്റ് ഹാഫില്‍ കാണിച്ച മമ്മൂട്ടിയുടെ കഥാപാത്രത്തെ ജനം ഇഷ്ടപ്പെട്ടു. സെക്കന്റ് ഹാഫിലെത്തിയ കഥാപാത്രത്തെ ഇഷ്ടപ്പെട്ടുമില്ല. ആ സാധനം ഒന്ന് മാറ്റിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായേനേ. അത് പിന്നെയാണ് മനസിലായത്.

അതായത് ജനങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രം മരിച്ചിട്ട് പിന്നീട് മറ്റൊരു കഥാപാത്രത്തിലൂടെ വീണ്ടുമൊരു സിനിമ ഉണ്ടാവുകയായിരുന്നു സെക്കന്റ് ഹാഫില്‍. അപ്പോള്‍ സിനിമ വേറെ സ്പിരിച്ച്വല്‍ ലെവലിലേക്ക് പോയി.

ആദ്യമൊക്കെ കഥാപാത്രം നാച്ചുറലായിരുന്നു. രണ്ട് വ്യത്യാസം അവിടെ കാണിച്ചു. സ്പിരിച്ച്വലായ കഥാപാത്രത്തെ ജനത്തിന് ഇഷ്ടപ്പെട്ടില്ല. അത് പ്രേക്ഷകര്‍ ഡൈജസ്റ്റ് ചെയ്യാന്‍ പ്രയാസപ്പെട്ടു. അതാണ് ആ സിനിമയുടെ പരാജയം. തീരുമാനങ്ങള്‍ തെറ്റിയതാണ്,’ ഷാജി കൈലാസ് പറഞ്ഞു.

കനിഹ, നവ്യ നായര്‍, മനോജ് കെ. ജയന്‍, തിലകന്‍, കെ.പി.എ.സി ലളിത തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: director shaji kailas about drona 2010 movie