പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നതിന്റെ ആഹ്ലാദത്തിലാണ് മലയാളി സിനിമാ പ്രേക്ഷകര്‍. ഇരുവരും ഒന്നിച്ച മിക്ക ചിത്രങ്ങളും മലയാളികള്‍ക്കിടിയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
ഇന്നത്തെ യുവതലമുറ പോലും ആഘോഷിക്കുന്ന ചിത്രങ്ങളാണ് ആറാം തമ്പുരാനും നരസിംഹവും. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച മാസ് ഹീറോ മൂവികളായാണ് രണ്ടും അറിയപ്പെടുന്നത്.
ഇപ്പോള്‍ ആറാം തമ്പുരാന്റെ കഥ രൂപപ്പെട്ടതിനെ കുറിച്ചും മോഹന്‍ലാല്‍ ചിത്രത്തിലേക്കെത്തിയതിനെ കുറിച്ചും സംസാരിക്കുകയാണ് ഷാജി കൈലാസ്. രണ്ട് സുഹൃത്തുക്കളുടെ കഥയായി ആലോചിച്ച ചിത്രത്തിലേക്ക് ആദ്യം മനസില്‍ കണ്ടിരുന്നത് ബിജു മേനോനെയും മനോജ് കെ. ജയനെയുമായിരുന്നുവെന്നാണ് ഷാജി കൈലാസ് പറയുന്നത്.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ആറാം തമ്പുരാനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. ‘ആഘോഷപൂര്‍വം സ്വീകരിക്കപ്പെട്ട സിനിമയാണ് ആറാം തമ്പുരാന്‍. രണ്ട് സുഹൃത്തുക്കളുടെ കഥ എന്ന നിലയിലാണ് എന്റെയും രഞ്ജിത്തിന്റെയും ആലോചന തുടങ്ങിയത്.
മനോജ് കെ. ജയനും ബിജു മേനോനുമായിരുന്നു അന്ന് മനസ്സില്‍. മദ്രാസിലെ ഗസ്റ്റ്ഹൗസില്‍ കഥയുമായി കഴിയുമ്പോള്‍ ഒരു ദിവസം മണിയന്‍പിള്ള രാജു വന്നു. ആദ്യമായി കഥ മൂന്നാമതൊരാളോട് പറഞ്ഞു. കഥ ഇഷ്ടമായി രാജു തിരിച്ചുപോയി.
രണ്ട് ദിവസംകഴിഞ്ഞപ്പോള്‍ സേലത്തുനിന്ന് സുരേഷ് കുമാര്‍ വിളിക്കുന്നു. രാജുവില്‍നിന്ന് കഥകേട്ട് താത്പര്യമറിയിച്ചുള്ള വിളിയാണ്. മോഹന്‍ലാലിനു പറ്റിയ കഥയാണെന്നും ലാലിനോട് സംസാരിക്കാമെന്നും അറിയിച്ചു. സുരേഷ്‌കുമാര്‍ മദ്രാസിലേക്ക് വന്നു, രേവതി കലാമന്ദിര്‍ സിനിമ ഏറ്റെടുത്തു. ലാലിനു പറ്റിയരീതിയില്‍ കഥയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കോഴിക്കോട്ട് വെച്ചാണ് ലാല്‍ കഥകേള്‍ക്കുന്നത്,’ ഷാജി കൈലാസ് പറയുന്നു.
1997ലാണ് ആറാം തമ്പുരാന്‍ തിയേറ്ററുകളിലെത്തുന്നത്. മഞ്ജു വാര്യര്‍, സായ് കുമാര്‍, നരേന്ദ്ര പ്രസാദ്, ഒടുവില്‍ ഉണ്ണികൃഷ്ണ്‍, ശങ്കരാടി, ശ്രീവിദ്യ, കൊച്ചിന്‍ ഹനീഫ, കുതിരവട്ടം പപ്പു, കലാഭവന്‍ മണി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അണിനിരന്നത്.
ലാലിന്റെ കരിയറിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളിലൊന്നാണ് ആറാം തമ്പുരാനിലെ ജഗന്നാഥന്‍. ലാലിനൊപ്പം തന്നെ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ആറാം തമ്പുരാനിലെ ഡയലോഗുകളും പാട്ടുകളും സീനുകളുമെല്ലാം ഇന്നും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്.