ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ഈ ചിത്രത്തില്‍ ദിലീഷ് പോത്തന്‍, മാത്യു തോമസ്, നിഷ സാരംഗ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.
പ്രകാശന്‍ പറക്കട്ടെ എന്ന സിനിമയുടെ പേരിന് പിന്നിലെ വിശേഷങ്ങള്‍ പറയുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഷഹദ്. സെല്ലുലോയ്ഡ് മാഗസിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷഹദ്.
”ഒരുപാട് സ്വപ്‌നങ്ങളുള്ള സാധാരണക്കാരന്റെ കഥയാണ് പ്രകാശന്‍ സിനിമ. നമ്മള്‍ ഓരോ ആളുകളിലും, ഒരു പത്ത് കൂട്ടുകാരെ എടുത്താല്‍ അതിലൊരു പ്രകാശന്‍ ഉണ്ടായിരിക്കും. ഒരുപാട് ആഗ്രഹങ്ങളുമായി ജീവിക്കുന്ന സാധാരണക്കാരനാണ് പ്രകാശന്‍.
സാധാരണക്കാര്‍ക്ക് കുറെ കാര്യങ്ങള്‍ പറയാനുണ്ടാകും. അവരുടെ മക്കളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെയുള്ള സ്വപ്‌നങ്ങള്‍. സാമ്പത്തികമായ ചുറ്റുപാടുകള്‍. കുടുംബത്തെ സന്തോഷത്തോടെ കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍.
ഓരോ അച്ഛന്മാരും ഓരോ പ്രകാശന്മാരാണ്. അങ്ങനെ ഒരു അച്ഛന്റേയും അവരുടെ മക്കളുടേയും ഭാര്യയുടേയും കഥയാണ് പ്രകാശന്‍. ആ ഗ്രാമത്തിലെ നിഷ്‌കളങ്കതയും അവിടത്തെ രസകരമായ സംഭവങ്ങളുമൊക്കെയുള്ള ഒരു കുട്ടി സിനിമ.
കുറെ പ്രകാശന്മാരുടെ ഇടയിലേയ്ക്ക് ഒരു പ്രകാശന്റെ കഥയുമായി വരുന്നു എന്നേ ഉള്ളൂ,” ഷഹദ് പറഞ്ഞു.
സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ചിട്ടുള്ളതും ധ്യാന്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനും നിര്‍മാതാക്കള്‍ കൂടിയായ അജു വര്‍ഗീസും വിശാഖ് സുബ്രഹ്‌മണ്യവുമൊക്കെയാണെന്നും ഷഹദ് പറയുന്നു.
ഷാന്‍ റഹ്‌മാനാണ് ചിത്രത്തില്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.
2009ല്‍ ഷോര്‍ട്ട് ഫിലിം ചെയ്തുകൊണ്ടാണ് ഷഹദ് ഈ മേഖലയിലെത്തിയത്. പിന്നീട് ഒരുപാട് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Director Shahad Nilambur talks about his debut movie Prakashan Parakkatte